സൗജന്യ ശ്രവണ സഹായിവിതരണം നടത്തി 

സൗജന്യ ശ്രവണ സഹായിവിതരണം നടത്തി 

ഫോട്ടോ: സഹൃദയ സംഘടിപ്പിച്ച സൗജന്യ ശ്രവണ സഹായവിതരണം കൊച്ചി നഗരസഭാ മേയർ അഡ്വ.എം.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. സെലിൻ പോൾ, ഫാ. ആൻസിൽ സെബാസ്റ്റ്യൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിജോയ് വർഗീസ്, മാർ തോമസ് ചക്യത്ത്, ഡോ . കെ,എം. മുസ്തഫ, ഡോ . പി.ജെ.മാത്യു മാർട്ടിൻ എന്നിവർ സമീപം.


ഏവരെയും ഉൾച്ചേർക്കുന്ന വികസനം എന്ന കാഴ്ചപ്പാടോടെ നഗരത്തിലെ ഓഫീസുകളും നടപ്പാതകളും ഭിന്നശേഷി സൗഹൃദമാക്കിമാറ്റുമെന്ന് കൊച്ചി നഗരസഭാ മേയർ അഡ്വ.എം.അനിൽകുമാർ പ്രസ്താവിച്ചു.  എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കേന്ദ്ര സർക്കാരിന്റെ അസിസ്റ്റൻസ് റ്റു ഡിസേബിൾഡ് പേഴ്‌സൻസ് ഫോർ പർച്ചേസിംഗ് എയ്‌ഡ്‌സ്‌ ആൻഡ് അപ്ലയൻസസ്  പദ്ധതിയുടെ ഭാഗമായി എം.ജി.യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസേർച്ച് ഇൻ ലേണിംഗ് ഡിസെബിലിറ്റിയുടെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ കേൾവി വൈകല്യമുള്ള 180 പേർക്ക് 15000 രൂപ വീതം വിലവരുന്ന ശ്രവണ സഹായി വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹ്യ വികസന, കാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാൽ സഹൃദയ ഉത്തമ മാതൃകയാണെന്നും മേയർ പറഞ്ഞു. പാലാരിവട്ടം സെന്റ് മാർട്ടിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ രൂപതാ മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു.  ഏറ്റവും പിന്നിൽ നിൽക്കുന്നവരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ വികസനസൂചികയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരൂപതയുടെ ശതോത്തര രജതജൂബിലി സ്മാരകമായി സഹൃദയ ആരംഭിക്കുന്ന രക്തദാനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം സഹൃദയ ഗുഡ് വിൽ  അംബാസഡർ കൂടിയായ സിനിമാതാരം സിജോയ് വർഗീസ് നിർവഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ഐ.ആർ.എൽ.ഡി ഡയറക്ടർ ഡോ . കെ,എം. മുസ്തഫ, കേന്ദ്ര സാമൂഹ്യനീതിവകുപ്പിൻറെ കീഴിലുള്ള  മുംബൈ അലി യവർ ജംഗ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിസെബിലിറ്റീസ്  മീഡിയ ഓഫിസർ ഡോ . പി.ജെ.മാത്യു മാർട്ടിൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ, സഹൃദയ സ്പർശൻ കോ ഓർഡിനേറ്റർ സെലിൻ പോൾ എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org