ഡോക്ടര്‍മാര്‍ ജീവന്‍റെ ശുശ്രൂഷകരാണ്, ഉടമകളല്ല

ഡോക്ടര്‍മാര്‍ ജീവന്‍റെ ശുശ്രൂഷകരാണ്, ഉടമകളല്ല

ദൈവത്തിന്‍റെ അനുകമ്പാര്‍ദ്രമായ സ്നേഹം സഹിക്കുന്നവര്‍ക്കെല്ലാം നല്‍കുക, എല്ലാ ഘട്ടത്തിലും ജീവനെ സംരക്ഷിക്കുക എന്നിവയാണ് കത്തോലിക്കാ ഡോക്ടര്‍മാരുടെ ദൗത്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. കാത്തലിക് മെഡിക്കല്‍ അസോസിയേഷനുകളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ജീവന്‍റെ ദാനത്തെ ആരംഭം മുതല്‍ അന്ത്യം വരെ ആദരിക്കുകയാണു രോഗചികിത്സയുടെ അര്‍ത്ഥമെന്നു മറന്നു പോകരുതെന്നു മാര്‍പാപ്പ പറഞ്ഞു. ജീവന്‍റെ ശുശ്രൂഷകരാണു ഡോക്ടര്‍മാര്‍, ഉടമകളല്ല – പാപ്പ വ്യക്തമാക്കി.

ആദിമ ക്രൈസ്തവസമൂഹങ്ങള്‍ യേശുക്രിസ്തുവിനെ അവതരിപ്പിച്ചത് ഒരു വൈദ്യനായിട്ടാണെന്നു മാര്‍പാപ്പ പറഞ്ഞു. രോഗികളോടും സഹനമനുഭവിക്കുന്നവരോടും ചേര്‍ന്നു നില്‍ക്കുക എന്നതായിരുന്നു ക്രിസ്തുവിന്‍റെ പ്രാഥമിക ദൗത്യം. വിശേഷിച്ചും ജീവിതസാഹചര്യങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെടുകയും മാറ്റിനിറുത്തപ്പെടുകയും ചെയ്തവരുടെ കൂടെ. രോഗിയായ വ്യക്തിയെ പാപിയായി മുദ്രകുത്തുന്ന രീതിയും യേശു ഇല്ലാതാക്കി. രോഗവും സഹനവുമനുഭവിക്കുന്നവരെ യേശു ആത്മാര്‍ത്ഥസ്നേഹത്തോടെ സമീപിക്കുകയും കരുതലേകുകയും അവരുടെ ശരീരങ്ങളെ മാത്രമല്ല പാപങ്ങള്‍ പൊറുക്കുന്നതിലൂടെ മനസ്സുകളേയും സുഖപ്പെടുത്തുകയും ചെയ്യും. ശാരീരികവും ആത്മീയവുമായ രോഗങ്ങളാല്‍ വലയുന്നവരുമായി ആഴമായ വ്യക്തി ബന്ധം സ്ഥാപിക്കാനും യേശു തയ്യാറാകുമായിരുന്നു. പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പ്രത്യാശ നല്‍കാനും നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. പ്രത്യാശയില്ലാതെ സൗഖ്യം പകരാനോ സൗഖ്യമാര്‍ജിക്കാനോ നമുക്കു കഴിയുകയില്ല -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org