‘ഡ്രൈ ഡേ’ പിന്‍വലിച്ചാല്‍ ശക്തമായ പ്രക്ഷോഭ സമരമാരംഭിക്കും -കേരള മദ്യവിരുദ്ധ ഏകോപന സമിതി

‘ഡ്രൈ ഡേ’ പിന്‍വലിച്ചാല്‍ ശക്തമായ പ്രക്ഷോഭ സമരമാരംഭിക്കും -കേരള മദ്യവിരുദ്ധ ഏകോപന സമിതി

കൊച്ചി: ശമ്പളദിനമായ ഒന്നാം തീയതി മദ്യഷാപ്പുകള്‍ അടച്ചിട്ട് 'ഡ്രൈ ഡേ' നടപ്പിലാക്കിയത് പിന്‍വലിച്ചാല്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി. ശമ്പളദിനത്തില്‍ ലഭിക്കുന്ന തുക ഭവനങ്ങളില്‍ എത്തുന്നതിനുവേണ്ടി എ.കെ. ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയതാണ് ഡ്രൈ ഡേ. ഇത് പിന്‍വലിക്കാനുള്ള നീക്കം ജനദ്രോഹമാണ്.

മദ്യമുതലാളിമാരുടെ ആവശ്യപ്രകാരമാണ് ഡ്രൈ ഡേ പിന്‍വലിക്കുന്നത്. ഇനി മുതല്‍ ശമ്പളത്തുക മദ്യഷാപ്പി ലാണ് ചെല്ലുക. ജനതാത്പര്യത്തേക്കാള്‍ മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. കുടുംബങ്ങള്‍ മുടിഞ്ഞാലും സമൂഹങ്ങള്‍ തകര്‍ന്നാലും മദ്യമുതലാളിമാരുടെ ഖജനാവ് നിറയണമെന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കടുത്ത ജനവഞ്ചനയും കാപട്യവുമാണ് മദ്യനയത്തില്‍ പുലര്‍ത്തുന്നത്. പ്രഖ്യാപനവും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. നാടിനെ അക്ഷരാര്‍ത്ഥത്തില്‍ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ് ഇടതു സര്‍ക്കാര്‍. മദ്യം വ്യാപകമായി ഒഴുക്കിയിട്ട് മദ്യവര്‍ജനം നടപ്പാക്കുമെന്ന് പറയുന്നത് കാലൊടിച്ചിട്ട് പ്ലാസ്റ്റര്‍ ഒട്ടിച്ച് തരാമെന്നു പറയുന്നതിന് തുല്യമാണ്.

ഇതിനെതിരെ ശക്തമായ പ്രക്ഷോഭ സമരപരിപാടികളാരംഭിക്കുവാന്‍ കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ചേര്‍ന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃ സമ്മേളനം തീരുമാനിച്ചു. ജനുവരി 21 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ കവലയില്‍ സൂചനാ നില്പ് സമരം നടത്തും. കെസിബിസി എറണാകുളം-അങ്കമാലി അതിരൂപത ആതിഥേയത്വം വഹിക്കും.

നേതൃസമ്മേളനം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഭാരവാഹികളായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, പ്രഫ. കെ.കെ. കൃഷ്ണന്‍, ഫാ. ജേര്‍ജ് നേരേവീട്ടില്‍, ഫാ. അഗസ്റ്റിന്‍ ബൈജു, ഫാ. ആന്‍റണി അറയ്ക്കല്‍, പി.എച്ച് ഷാജഹാന്‍, ടി.എം. വര്‍ഗീസ്, ജെയിംസ് കോറമ്പേല്‍, തങ്കച്ചന്‍ വെളിയില്‍, ഡോ. തങ്കം ജേക്കബ്, മിനി ആന്‍റണി, അഡ്വ. എന്‍. രാജേന്ദ്രന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, കെ.എ. പൗലോസ് കാച്ചപ്പള്ളി, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org