രോഗശാന്തിയുടെ നന്ദിയാണ് ആതുരസേവകര്‍ക്കുള്ള ഏറ്റവും വലിയ പ്രതിഫലം: ഇ. ശ്രീധരന്‍

രോഗശാന്തിയുടെ നന്ദിയാണ് ആതുരസേവകര്‍ക്കുള്ള ഏറ്റവും വലിയ പ്രതിഫലം: ഇ. ശ്രീധരന്‍

ഏങ്ങണ്ടിയൂര്‍: സുഖം പ്രാപിച്ച് ആശുപത്രി വിട്ടു പോകുന്ന രോഗികളുടെയും ബന്ധുക്കളുടെയും ഹൃദയം നിറഞ്ഞ നന്ദിയാണ് ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആതുരശുശ്രൂ ഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരവും പ്രതിഫലവുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രികളുടെ നടത്തിപ്പു ചെലവു വളരെ വര്‍ധിച്ചുവരികയാണ്. പാവപ്പെട്ട രോഗികള്‍ക്കു മികച്ച ചികിത്സാ സേവനം ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുന്ന ആശുപത്രികള്‍ ഓരോ നാടിനും അനിവാര്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ പിന്തുണയുണ്ടെങ്കില്‍ പാവപ്പെട്ട രോഗികള്‍ക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അങ്കണത്തില്‍ കര്‍പ്പൂര വൃക്ഷത്തൈ സമര്‍പ്പണവും ഇ. ശ്രീധരന്‍ നിര്‍വഹിച്ചു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ വി.എല്‍. പോള്‍ അധ്യക്ഷനായി. ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്ത കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ആശുപത്രിയുടെ ട്രസ്റ്റ് മെമ്പര്‍ ഫാ. പോള്‍ പേരാമംഗലത്ത്, ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, സൂപ്രണ്ട് ഡോ. വര്‍ഗീസ് പഞ്ഞിക്കാരന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മണപ്പുറം ഗ്രൂപ്പിന്‍റെ സൂരജ് നന്ദകുമാര്‍, മാത്യു പുറത്തൂര്‍ തുടങ്ങിയ പൗരപ്രമുഖര്‍ സന്നിഹിതരായി.

രാവിലെ പാലയൂര്‍ തീര്‍ഥ കേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ആധുനിക സജ്ജീകരണങ്ങളുള്ള അത്യാഹിത വിഭാഗത്തിന്‍റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. സിസ്റ്റര്‍ സെര്‍വി തോട്ടാന്‍ എഫ്സിസി, സിസ്റ്റര്‍ ഫ്ളോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org