പൗരസ്ത്യകത്തോലിക്കര്‍ സഭൈക്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം -മാര്‍പാപ്പ

പൗരസ്ത്യകത്തോലിക്കര്‍ സഭൈക്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം -മാര്‍പാപ്പ

പൗരസ്ത്യ കത്തോലിക്കര്‍ ക്രൈസ്തവൈക്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിശേഷിച്ചും, സ്വന്തം സഭകളുടെ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പൗരസ്ത്യ കത്തോലിക്കാസഭകള്‍ പരിശ്രമിക്കണം. നമ്മുടെ അധികാരപരിധിയില്‍ എത്രത്തോളം പ്രദേശങ്ങളുണ്ടായിരുന്നു എന്ന് സ്വര്‍ഗത്തില്‍ കര്‍ത്താവു ചോദിക്കുകയില്ല. ദേശീയസ്വത്വബോധം വളര്‍ത്താന്‍ എന്തൊക്കെ ചെയ്തു എന്ന് അവിടുന്ന് അന്വേഷിക്കുകയില്ല. മറിച്ച്, നാം എത്രത്തോളം നമ്മുടെ അയല്‍ക്കാരെ സ്നേഹിച്ചു, ജീവിതയാത്രയില്‍ കണ്ടുമുട്ടിയവരോടു രക്ഷയുടെ സുവിശേഷം പ്രസംഗിക്കാന്‍ എത്രത്തോളം സാധിച്ചു എന്നാണ് അവിടുന്നു ചോദിക്കുക – മാര്‍പാപ്പ വിശദീകരിച്ചു. യൂറോപ്പിലെ പൗരസ്ത്യകത്തോലിക്കാ മെത്രാന്മാരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പൗരസ്ത്യ കത്തോലിക്കാസഭകളുടെ പ്രവാസികള്‍ക്കായി യൂറോപ്പില്‍ സ്ഥാപിതമായിരിക്കുന്ന രൂപതകളുടെ നാല്‍പതോളം മെത്രാന്മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ മെത്രാന്മാരും കൂട്ടത്തിലുണ്ടായിരുന്നു.

കത്തോലിക്കാ ആരാധനാക്രമം, ആത്മീയത, ഭരണക്രമം എന്നിവയെല്ലാം സഭയുടെ യഥാര്‍ത്ഥ ഐക്യത്തിന്‍റെ അടയാളമാണെന്നു മാര്‍പാപ്പ പറഞ്ഞു. ഐകരൂപ്യം ഐക്യത്തിനു നാശമാണ്. ക്രൈസ്തവസത്യം ഏകതാനമല്ല, മറിച്ച് ബഹുസ്വരമാണ്. അല്ലെങ്കില്‍ അതു പരിശുദ്ധാത്മാവില്‍ നിന്നു വരുന്നതല്ല എന്നാണര്‍ത്ഥം – മാര്‍പാപ്പ പറഞ്ഞു.

പൗരസ്ത്യ തനിമ സംരക്ഷിച്ചുകൊണ്ടു തന്നെ റോമുമായുള്ള ബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ രക്തസാക്ഷിത്വം വിലയായി കൊടുത്തവരാണ് നിരവധി പൗരസ്ത്യ കത്തോലിക്കാസഭകളെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org