Latest News
|^| Home -> Editorial -> ആത്മീയജീവിതത്തിലെ പ്രതിരോധ കുത്തിവയ്പുകള്‍

ആത്മീയജീവിതത്തിലെ പ്രതിരോധ കുത്തിവയ്പുകള്‍

sathyadeepam

രോഗം വരാതിരിക്കാനുള്ള മുന്‍കരുതലാണു പ്രതിരോധ കുത്തിവയ്പുകള്‍. ഇതിനുള്ള വാക്സിന്‍ ഉണ്ടാക്കുന്നത് ഈ രോഗാണുക്കളെത്തന്നെ ഉപയോഗിച്ചാണെന്നുള്ളതു വിചിത്രമായ വാസ്തവം. ലോകാരോഗ്യസംഘടന ഔദ്യോഗികമായി അംഗീകരിച്ച 25-ഓളം വാക്സിനുകളുണ്ട്. നാം കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ എടുക്കുന്ന പ്രതിരോധ കുത്തിവയ്പുകള്‍ ഭാവിയില്‍ ആരോഗ്യമുള്ള ഒരു ജീവിതം നമുക്കു നല്കുമെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ വിശ്വാസ, ആത്മീയ ജീവിതത്തിലും ചില പ്രതിരോധ കുത്തിവയ്പുകളുടെ ആവശ്യമില്ലേ?
കേരളത്തിലെ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മാസം ഡിഫ്ത്തീരിയ മൂലം മൂന്നു കുട്ടികള്‍ മരണപ്പെട്ടു. മലപ്പുറത്തും കോഴിക്കോടും പാലക്കാടുമായി മേയ് മാസം മുതല്‍ 37 പേര്‍ ഡിഫ്ത്തീരിയ രോഗബാധിതരായതായി നമ്മുടെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സ്ഥിരീകരിച്ചു. പ്രതിരോധകുത്തിവയ്പുമൂലം കേരളം നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗങ്ങളില്‍ ഒന്നാണു ഡിഫ്ത്തീരിയ. പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ കേരളത്തിലെ ചിലയിടങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ് സമ്പ്രദായത്തിനെതിരായ ഒരു പ്രചാരണം നടക്കുന്നുണ്ട്. ആരോഗ്യസംരക്ഷണ മേഖലയില്‍ പാശ്ചാത്യരാജ്യങ്ങളോടു കിടപിടിക്കത്തക്ക സംവിധാനങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. എങ്കിലും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 50,000-ത്തോളം കുട്ടികള്‍ പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായും എടുത്തിട്ടില്ല.
രോഗപ്രതിരോധ കുത്തിവയ്പ് സമ്പ്രദായത്തിനെതിരെ കരുക്കള്‍ നീക്കുന്ന ഈ ലോബിക്കെതിരെ പോരാടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു കഴിഞ്ഞു. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലയിലാണ് ഈ ലോബി പിടിമുറുക്കിയിരിക്കുന്നത്. ആ പ്രദേശത്തു തിങ്ങിപ്പാര്‍ക്കുന്ന മുസ്ലീം സമുദായത്തെ ഒതുക്കാനാണിവരുടെ തന്ത്രമെന്നറിയുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ സമുദായത്തിന്‍റെ ‘ശരിയത്ത്’ നിയമങ്ങളോടു ചേര്‍ന്നു പേകുന്നതല്ലെന്നും ഈ കുത്തിവയ്പുകള്‍ ഭാവിയില്‍ ഓട്ടിസത്തിനും കാന്‍സറിനും കാരണമാകുമെന്നും ഇവര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ചില വ്യാജ യുനാനി, പ്രകൃതി ചികിത്സാ ഡോക്ടര്‍മാരും ഈ കുപ്രചരണത്തിന് ഒത്താശ നല്കുന്നുണ്ട്. ഈ കുപ്രചരണം വിജയിച്ചാല്‍ ഭാവിയില്‍ ടെറ്റ്നസും അഞ്ചാംപനിയും പോളിയോയും ബാധിച്ചവരുടെ നീണ്ട നിരതന്നെ കേരളത്തിലുണ്ടാകും. ഈ പ്രചാരണത്തിനെതിരെ മലപ്പുറം ഉണര്‍ന്നുകഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ അവിടെയുള്ള 2.30 ലക്ഷം കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പുകള്‍ നല്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ദാരിദ്ര്യാരൂപിയും തപശ്ചര്യകളും ആത്മീയജീവിതത്തിലെ പ്രതിരോധ കുത്തിവയ്പുകളായി കരുതാം. ആധുനികലോകം നമുക്കു നല്കുന്ന പല ആത്മീയരോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഈ കുത്തിവയ്പുകള്‍ നമ്മെ സഹായിക്കും. പ്രഥമദൃഷ്ട്യാ കുറവും കുറ്റവുമെന്നു തോന്നുന്ന ദാരിദ്ര്യവും പീഡനങ്ങളും സ്വന്തം ജീവിതത്തില്‍ സ്വയമേവ ഏറ്റെടുക്കുമ്പോള്‍, അവയെ സ്വജീവിതത്തിന്‍റെ തപോനിഷ്ഠകളാക്കുമ്പോള്‍, അതൊരു വിശ്വാസിക്ക് ആത്മീയജീവിതത്തിലെ പ്രതിരോധ കുത്തിവയ്പാകുന്നു. പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നുതന്നെ ഉണ്ടാക്കുന്നതു രോഗാണുക്കളില്‍ നിന്നുതന്നെയാണല്ലോ.
ദാരിദ്ര്യാരൂപിയുള്ളവന്‍ നല്ല ഗുണങ്ങളുടെ വിളനിലമായിരിക്കുമെന്ന വിശുദ്ധ ജെറോമിന്‍റെ വാക്കുകള്‍ ആരോഗ്യമുള്ള ഒരു ആത്മീയജീവിതത്തിനു ദാരിദ്ര്യാരൂപി എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു വ്യക്തമാക്കുന്നു. സുഖസൗകര്യങ്ങളെ ഭരിക്കേണ്ടവന്‍ സുഖസൗകര്യങ്ങളാല്‍ ഭരിക്കപ്പെടുമ്പോള്‍ അതു തനിക്കും മറ്റുള്ളവര്‍ക്കും അസൗകര്യമായി തീരുന്നു. സ്വന്തം കുഞ്ഞിന്‍റെ മാമ്മോദീസാ മുതല്‍ ഇടവക തിരുനാള്‍ വരെ നീണ്ടുകിടക്കുന്ന നമ്മുടെ ആഘോഷങ്ങള്‍ മറ്റുള്ളവര്‍ക്കും നമ്മുടെ വിശ്വാസജീവിതത്തിനും അസൗകര്യങ്ങളായി തീരുന്നതങ്ങനെയാണ്. സ്വശരീരത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുകയും മറ്റുള്ളവരുടെ ജീവിതങ്ങളില്‍ കാരുണ്യം നിറയ്ക്കുകയും ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ആത്മീയര്‍? ദാരിദ്ര്യാരൂപിയും തപശ്ചര്യകളും നമ്മുടെ പ്രതിരോധ കുത്തിവയ്പുകളായി തുടരട്ടെ.

Leave a Comment

*
*