Latest News
|^| Home -> Editorial -> ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്ത് ചിതറപ്പെട്ടവരുടെ ഇടയന്‍

ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്ത് ചിതറപ്പെട്ടവരുടെ ഇടയന്‍

sathyadeepam

ഒഡീഷയിലെ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയ്ക്കു കാല്‍ നൂറ്റാണ്ടോളം നേതൃത്വം നല്കിയ ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്ത് ആഗസ്റ്റ് 14-ന് അന്തരിച്ചു. ”ഭാരതസഭ കടന്നുപോയ ഏറ്റവും ക്ലേശകരമായ ഘട്ടത്തില്‍ സ്വന്തം അജഗണത്തെ പ്രശാന്തതയോടെ നയിച്ച ഒരിടയന്‍” എന്നാണു ലത്തീന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, റാഫേല്‍ പിതാവിനെ വിശേഷിപ്പിച്ചത്. താന്‍ പോരാടിയ കാര്യം സുസമാപ്തിയില്‍ എത്തിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ ഇടയന്‍ വിടവാങ്ങുന്നത്. കാരണം ആഗസ്റ്റ് 2-ാം തീയതി സുപ്രീം കോടതി കന്ദമാല്‍ കലാപബാധിതര്‍ക്കു നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരുന്നു.
2008 ആഗസ്റ്റ് 23-ാം തീയതി രാത്രിയില്‍ വിശ്വഹിന്ദു പരിഷത്ത് ലീഡര്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും അദ്ദേഹത്തിന്റെ നാലു സഹപ്രവര്‍ത്തകരും കൊല്ലപ്പെടുന്നതോടെയാണ് ഒഡീഷയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള കന്ദമാല്‍കലാപം ആരംഭിക്കുന്നത്. നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. 60,000 പേര്‍ സ്വഭവനങ്ങളുപേക്ഷിച്ചു വനത്തിലേക്കു പലായനം ചെയ്തു. ആറായിരത്തോളം വീടുകള്‍ അഗ്നിക്കിരയാക്കി. സ്വാമിയുടെ കൊലപാതകത്തിന്റെ ഉത്തരവാദി ആര്‍ച്ച്ബിഷപ് ചീനാത്ത് ആണെന്നാരോപിച്ചു ഹിന്ദു തീവ്രവാദികള്‍ അദ്ദേഹത്തെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിനാല്‍ 2011-ല്‍ അതിരൂപതാ ഭരണത്തില്‍ നിന്നു വിരമിച്ചതിനുശേഷം അദ്ദേഹം അംഗമായിരുന്ന എസ്‌വിഡി സഭയുടെ ബോംബെയിലുള്ള വസതിയിലാണു ശിഷ്ടജീവിതം ചെലവഴിച്ചത്.
ആര്‍ച്ച്ബിഷപ് ചീനാത്ത് തന്റെ അജപാലനദൗത്യത്തില്‍ ഗോത്ര, ദളിത് സമൂഹങ്ങളോടു കാണിച്ചിരുന്ന പരിഗണനകളും സ്ത്രീസമൂഹത്തിനു നല്കിയിരുന്ന സത്‌പ്രേരണകളും പ്രത്യേക പ്രസ്താവം അര്‍ഹിക്കുന്നതാണ്. പരസ്പരം പോരടിക്കുന്ന രണ്ടു ഗ്രാമസമൂഹങ്ങള്‍ പ്രശ്‌നപരിഹാരത്തിനായി തന്റെ അടുത്തെത്തുമ്പോള്‍ ആദ്യ പരാതിക്കാരോട് അദ്ദേഹം പറയുമായിരുന്നു: ”നിങ്ങളുടെ ഭാഗം ശരിയായിരിക്കാം. എന്നാല്‍ അവരുടെ ഭാഗം തെറ്റാണെന്നു വരുന്നില്ല.” അതിനുശേഷം അദ്ദേഹം എതിര്‍ഭാഗക്കാരുടെ ന്യായവും കേട്ടു പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുമായിരുന്നു. അധികാരത്തിന്റെയും അടിച്ചേല്പിക്കലിന്റെയും അടവുകളല്ല ശ്രദ്ധാപൂര്‍വകമായ ശ്രവണത്തിന്റെയും ആത്മീയതയുടെയും സ്ഫുരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ വികാരത്തെ തൃപ്തിപ്പെടുത്താനോ ആളിക്കത്തിക്കാനോ അല്ല, ഒരു നവസമൂഹസൃഷ്ടിക്കാണ് അദ്ദേഹം പരിശ്രമിച്ചത്.
കന്ദമാലില്‍ കലാപം കത്തിനിന്ന സമയത്ത് അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്, ഒരു ഫോണ്‍സന്ദേശത്തിന്, തിരിച്ചടിക്കൂ എന്നൊരു വാക്കിനു വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ, പിതാവു സംയമനം പാലിച്ചു. പ്രതികാരത്തിനായി തിളച്ചുനിന്ന സ്വന്തം യുവാക്കളെ, വിശ്വാസിസമൂഹത്തെ തന്റെ ഉറച്ച മനസ്സുകൊണ്ടും ദൈവാശ്രയബോധംകൊണ്ടും നിയന്ത്രിച്ചുനിര്‍ത്തി. മതവൈരവും മനുഷ്യനിലെ കാടത്തവും സംഹാരതാണ്ഡവമാടിയ കന്ദമാല്‍ ഇത്രവേഗം ശാന്തമായെങ്കില്‍ അതിനുള്ള പ്രധാന കാരണം പിതാവു തന്റെ മുറിവേറ്റ അജഗണത്തിന്റെ മനസ്സില്‍ നിന്നു പ്രതികാരവാഞ്ഛ നുള്ളിക്കളഞ്ഞതിനാലാണ്.
ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ മുന്‍ പ്രസിഡന്റും പിതാവിനോടൊപ്പം 16 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ പരിചയവുമുള്ള ശ്രീ ജോണ്‍ ദയാലിന്റെ വാക്കുകളില്‍ ”പിതാവു പരിഭ്രാന്തരും നിസ്സഹായരുമായ ഒരു ചിതറിയ അജഗണത്തിനു ദിശാബോധം നല്കിയ നേതാവായിരുന്നു.” കലാപസമയത്തു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ സന്നദ്ധസംഘടനകള്‍ക്ക് ഒഡീഷ ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയുടെ പ്രവര്‍ ത്തനാനുമതി ഉത്തരവു വരെ പിതാവു സമ്പാദിച്ചു.
ദളിത് സ്ത്രീകളെ ശക്തിപ്പെടുത്താനും ദൗത്യബോധമുള്ളവരാക്കാനും പരി. കന്യാമറിയത്തിന്റെ ജീവിതശൈലി അദ്ദേഹം അവര്‍ക്കു വിശദീകരിച്ചു കൊടുക്കുമായിരുന്നു. തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ അവരോടായി പിതാവു പറഞ്ഞു: ”മരണത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട്, വിശ്വാസജീവിതത്തെ നിങ്ങള്‍ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി. ഞാന്‍ നിങ്ങളെ പ്രതി അഭിമാനിക്കുന്നു.”
സത്യത്തിനുവേണ്ടി അതീവ ആഗ്രഹത്തോടെ പോരാടിയ ഈ പോരാളിയെക്കുറിച്ചു നമുക്ക് അഭിമാനിക്കാം; അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു മലയാളിയുടെ മണമുണ്ടായിരുന്നു; പ്രവൃത്തികള്‍ക്കു യേശുവിന്റെ പ്രവാചകമുഖവും.

Leave a Comment

*
*