Latest News
|^| Home -> Editorial -> ഒരു ദര്‍ശനം 90-ാം വയസ്സിലേക്ക്

ഒരു ദര്‍ശനം 90-ാം വയസ്സിലേക്ക്

sathyadeepam

തോമസ് അക്വിനാസിനെ 1256-ല്‍ പാരീസ് യൂണിവേഴ്സിറ്റിയിലേക്കു നിയമിച്ചപ്പോള്‍ അദ്ദേഹത്തിനു നല്കിയ നിയമനപത്രിക ആവശ്യപ്പെട്ടതു മൂന്നു കാര്യങ്ങളായിരുന്നു. 1. വായിക്കുക. 2. ചര്‍ച്ച ചെയ്യുക. 3. പ്രഘോഷിക്കുക. വേദഗ്രന്ഥവും പ്രപഞ്ചഗ്രന്ഥവുമായിരുന്നു വായിക്കേണ്ടിയിരുന്നത്. കാരണം രണ്ടും ഒന്നുപോലെ ദൈവത്തിന്‍റെ ഹിതം വെളിവാക്കുന്ന ദൈവത്തിന്‍റെ കൃതികളാണ്. ദേശകാലങ്ങളില്‍ ദൈവികത വായിക്കുന്ന ഈ സമീപനം വേദഗ്രന്ഥം മാത്രം മതി എന്ന പ്രോട്ടസ്റ്റന്‍റ് നിലപാടായിരുന്നില്ല. ഇന്നു സഭ നിരന്തരം പ്രലോഭിതമാകുന്നതു കേരളത്തില്‍ പ്പോലും ഇതുതന്നെയായിരിക്കും.
സത്യദീപം അതിന്‍റെ 90-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. 1927-ല്‍ ക്രാന്തദര്‍ശികളായ രണ്ടു വൈദികര്‍ കണ്ട സര്‍ഗാത്മക സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു സത്യദീപം. ‘സത്യം’, ‘ദീപം’ എന്നീ രണ്ടു ബോട്ടുകള്‍ വിറ്റാണു പഞ്ഞിക്കാരനച്ചന്‍ ഇതിനു വേണ്ട ധനം സമാഹരിച്ചത്. വലിയ പ്രതിഭാധനനായ നടുവത്തുശ്ശേരിയച്ചന്‍റെ വിശ്വാസത്തെ യുക്തിസഹമായി മനസ്സിലാക്കുന്ന അതുല്യ ധിഷണയായിരുന്നു പത്രത്തിന്‍റെ അടിസ്ഥാനം. ഒപ്പം കണ്ടത്തില്‍ മെത്രാപ്പോലീത്തയുടെ ആശീര്‍വാദവും പ്രോത്സാഹനവും.
ഈ ആഴ്ചപ്പതിപ്പ് വര്‍ഷങ്ങളിലൂടെ നടത്തിയതു രണ്ടു ഗ്രന്ഥങ്ങളെ ഒന്നിച്ചു വായിക്കുന്ന വ്യാഖ്യാനസരണിയായിരുന്നു. കാലദേശങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ദൈവത്തിന്‍റെ വഴിയുടെ വിലാസം സഭ തിരിച്ചറിയാനും ഭാവിയുടെ സ്വപ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനും ഈ പത്രത്തിനു കഴിഞ്ഞു. അതു കേരളത്തിലെ കത്തോലിക്കാസഭയുടെ മാര്‍ഗദീപമായിരുന്നു.
മനസ്സിലാക്കാന്‍വേണ്ടി വിശ്വസിച്ച വി. അഗസ്റ്റിന്‍റെയും വിശ്വാസം വിശദീകരണം തേടുന്നു എന്നു പ്രസ്താവിച്ച വി. ആന്‍സലത്തിന്‍റെയും വഴിയാണ് ഈ പത്രം അവലംബിച്ചത്. ഇത് എപ്പോഴും വെല്ലുവിളികളും സാദ്ധ്യതകളും തലവേദനകളും ഉണ്ടാക്കുന്നതായിരുന്നു. പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടാനല്ല പത്രം ശ്രമിച്ചത്. പ്രതിസന്ധികള്‍ സഭയോടും വിശ്വാസിയോടും എന്തു പറയുന്നു എന്നു ശ്രദ്ധിക്കാനാണു ശ്രമിച്ചത്. ചരിത്രത്തില്‍നിന്ന് ഒഴിഞ്ഞുമാറാനല്ല, ചരിത്രത്തില്‍ ഇടപെട്ടു ചരിത്രം സൃഷ്ടിക്കാനാണു ശ്രമിച്ചത്. അതായിരുന്നു ദൈവിക ഉത്തരവാദിത്വത്തിന്‍റെ ചരിത്രവായനയായി മാറിയത്.
സത്യദീപം എന്നും എപ്പോഴും സകല മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന കതോലിക്കാ പാരമ്പര്യം പിന്തുടരാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ഇന്നിപ്പോള്‍ സഭാവേദികളില്‍ സഭ സെക്കുലര്‍ ഭാഷ സംസാരിക്കണമെന്നു കേള്‍ക്കാറുണ്ട്. സെക്കുലര്‍ ഭാഷയെന്നതു മതനിരാസത്തിന്‍റെ ഭാഷയല്ല. സെക്കുലര്‍ ഭാഷയെന്നാല്‍ സകലര്‍ക്കും മനസ്സിലാകുന്ന ഭാഷയാണ്. സാമുദായികമോ വര്‍ഗീയമോ ജാതീയമോ ആയ ഭാഷയല്ല.
സത്യദീപത്തിന്‍റെ ബലം അത് എപ്പോഴും യഹൂദ-ക്രൈ സ്തവ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ്. ഈ മാനവികതയാണു ലോകത്തെ ആഗോളീകരിക്കുന്നത്. അതു കമ്പോളത്തിന്‍റെ ആഗോളീകരണമായത് ഒരുപക്ഷേ ശോഷണമാണ്. ഗോത്ര-ജാതി-വര്‍ഗാധിപത്യങ്ങളെ ഉന്മൂലനം ചെയ്തു മനുഷ്യവ്യക്തിക്കു മഹത്ത്വവും ഔന്നത്യവും നല്കുന്ന ക്രൈസ്തവദര്‍ശനമാണത്. ഭാരതംപോലെ ജാതിമതിലുകള്‍ ഉയര്‍ന്നിടത്തു മൗലികവാദത്തിന്‍റെ ഹിന്ദുത്വ പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൃത്യമായി മനസ്സിലാക്കാനാവണം. ഈ മാനവികത പരോക്ഷമായി ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ദര്‍ശനംപോലും പ്രതിസന്ധിയിലാണ്.
ഈ പത്രം അതിന്‍റെ മഹത്ത്വപൂര്‍ണമായ ദര്‍ശനവുമായി മുന്നോട്ടാണ്. അതിന്‍റെ പാരമ്പര്യത്തിലെ എല്ലാ നേതാക്കള്‍ക്കും ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്നു. പാരമ്പര്യം മണ്‍മറഞ്ഞവരുടെ ജനാധിപത്യമാണ്. അതൊരു ദൗത്യബോധവും പൂര്‍വികരോടുള്ള കടപ്പാടുമാണ്. കാര്‍ഡിനല്‍ പാറേക്കാട്ടില്‍ പോലുള്ള പ്രവാചികദര്‍ശനം നല്കിയവര്‍ മുന്നോട്ടുള്ള വഴി കാണിച്ചവരാണ്. ആ വഴി കൂടുതല്‍ ആത്മധൈര്യത്തോടെയും ഉത്തരവാദിത്വബോധത്തോടും അതിലുപരി ആത്മീയ ഉണര്‍വോടുംകൂടി നിര്‍വഹിക്കാന്‍ സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. സത്യദീപത്തിന്‍റെ ദര്‍ശനം സര്‍വാത്മനാ സ്വീകരിക്കുന്ന വായനക്കാര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നു. ദൈവജനത്തിന്‍റെ സ്വരമായി ഈ പത്രം സഭയ്ക്ക് ഉന്മേഷവും സ്വപ്നങ്ങളും അതോടൊപ്പം ക്രിസ്തുവില്‍ എല്ലാ മനുഷ്യര്‍ക്കും മഹത്ത്വവും പ്രദാനം ചെയ്യാന്‍ കഴിയട്ടെ.

Leave a Comment

*
*