Latest News
|^| Home -> Editorial -> ക്രിസ്മസ് സഹകരണത്തിന്‍റെ അവതാരം

ക്രിസ്മസ് സഹകരണത്തിന്‍റെ അവതാരം

sathyadeepam

സമ്മാനിപ്പൊതികള്‍ തുറന്നല്ല ഹൃദയം തുറന്നാണു ജീവിതം ആഘോഷിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി. വാങ്ങുന്നതല്ല കൊടുക്കുന്നതല്ലേ ക്രിസ്മസ്? അതു കയ്യിലുള്ളതു മാത്രമല്ല, കൈതന്നെ കൊടുക്കുന്നതല്ലേ? ദൈവം ഈ ലോകത്തിലേക്കു പ്രവേശിച്ച രീതിയും പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ശൈലിയും ആധുനികരായ നമ്മെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. ക്രിസ്തുകേന്ദ്രീകൃതമായ എന്തൊക്കെ പരിവര്‍ത്തനങ്ങളാണു നമ്മുടെ ജീവിതശൈലികളില്‍ നാം നടത്തേണ്ടത് എന്നതാ ണു കാലഘട്ടത്തിന്‍റെ ചോദ്യം.
ഇത്തവണത്തെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്കായി വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്ന 25 മീറ്റര്‍ ഉയരമുള്ള ക്രിസ്മസ് ട്രീയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കുടിയേറ്റ ദുരിതങ്ങ ളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂടും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതശൈലിയിലേക്കു വീണ്ടും നമ്മെ ക്ഷണിക്കുന്നു. വടക്കന്‍ ഇറ്റലിയിലെ ട്രെന്‍റോ ഗ്രാമത്തില്‍ നിന്നു കൊണ്ടുവന്നിട്ടുള്ള ഈ ക്രിസ്മസ് ട്രീക്കു പകരമായി അവിടത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ 40 പൈന്‍മര തൈകളാണു നട്ടുപിടിപ്പിച്ചത്. ട്രീ അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സെറാമിക് അലങ്കാരവസ്തുക്കളാകട്ടെ, ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന കാന്‍സര്‍ ബാധിത രായ കുട്ടികള്‍ ഉണ്ടാക്കിയതും. മാള്‍ട്ടാ ദ്വീപുകാര്‍ ഒരുക്കിയിരിക്കുന്ന 19 മീറ്റര്‍ നീളമുള്ള പുല്‍ക്കൂട്ടിലെ 17 രൂപങ്ങള്‍ മാള്‍ട്ടാ ദ്വീപിലെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിയിച്ചായിരിക്കും. അവിടത്തെ സാധാരണക്കാരുടെ യാത്രാവാഹനമായ “ലുഡു” എന്ന ബോട്ടിന്‍റെ ഒരു മാതൃകയും പശ്ചാത്തലത്തിലുണ്ടാകും. ആധുനിക ലോകത്തിന്‍റെ ദുരിതമുഖങ്ങളുടെ ഈ പ്രതീകങ്ങള്‍ക്കിടയിലേക്കാണു രക്ഷകന്‍ പിറന്നുവീഴുന്നത്. കണക്കു പ്രകാരം മൂവായിരത്തോളം ആളുകളാണു തങ്ങളുടെ കുടിയേറ്റ യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ മരിച്ചുവീണത്. രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ബോട്ടപകടങ്ങള്‍ വേറെയും ധാരാളമുണ്ട്.
ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പ തന്‍റെ ക്രിസ്മസ് സന്ദേശമയയ്ക്കാന്‍ തിരഞ്ഞെടുത്ത കാര്‍ഡ് 14-ാം നൂറ്റാണ്ടില്‍ ജിയോട്ടോ ഡി ബോണ്ടോനെ വരച്ച അസ്സീസിയിലെ ഒരു പുല്‍ക്കൂടിന്‍റെ ചിത്രമാണ്. ഇതില്‍ രണ്ട് ഉണ്ണിയേശുവുണ്ട്; ഒന്ന്, മാതാവിന്‍റെ കയ്യിലും മറ്റൊന്നു വയറ്റാട്ടിയുടെ കയ്യിലും. യേശുവിന്‍റെ ദൈവികതയെയും മനുഷ്യത്വത്തെയും ദ്യോതിപ്പിക്കാനാണിത്. ഉണ്ണികളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന രീതിയില്‍ വരച്ചിട്ടുള്ള ഈ ചിത്രത്തിന്‍റെ വിശദീകരണവും പാപ്പ നല്കുന്നുണ്ട്. യേശു ഇനി ഒരിക്കലും നമുക്കൊരു അപരിചിതനല്ലെന്നും നാം അംഗങ്ങളായിരിക്കുന്ന ഈ മനുഷ്യരാശിയുടെ ഒരു ഭാഗമാണെന്നും ക്രിസ്മസ് തിരുനാള്‍ ഓര്‍മിപ്പിക്കുന്നു. ഈ അവതാരത്തിന്‍റെ ഭാഗമാകാനുള്ള താണ് ഏതൊരു വിശ്വാസിയുടെയും വിളി.
ഈ പുല്‍ക്കൂടിന്‍റെ ഭാഗമാകാന്‍ ഈ വര്‍ഷം ഭാഗ്യം ലഭിച്ചവരാണു ദൈവികകാരുണ്യത്തിന്‍റെ ആള്‍രൂപമായിരുന്ന വി. മദര്‍ തെരേസയും വി. ബലിമദ്ധ്യേ ഐ.എസ്. ഭീകരര്‍ വധിച്ച ഫാ. ഷാക് ഹാമേലും. യമനിലെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ, ഇപ്പോഴും മോചിതനായിട്ടില്ലാത്ത ഫാ. ടോം ഉഴുന്നാലില്‍ ഈ പുല്‍ക്കൂടിന്‍റെ ഭാഗമാകാനുള്ള യാത്രയിലുമാണ്. ഇങ്ങനെ ഈ പുല്‍ക്കൂടിന്‍റെ പശ്ചാത്തലമാകുന്ന പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ ജന്മങ്ങള്‍!
ക്രിസ്മസ് കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. രക്ഷകന്‍ ഭൂമിയില്‍ വരാന്‍ മാതാവു മുതല്‍ പുല്‍ക്കൂട്ടിലെ മൃഗങ്ങളുടെ വരെ സഹായം തേടിയവനാണ്. ക്രിസ്മസ് ഒരിക്കലും ഒരാളുടെ മാത്രം ആഘോഷമല്ല; ഒറ്റയ്ക്കുള്ള മുന്നേറ്റത്തിന്‍റെ കഥയുമല്ല.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കേരളത്തിലെ സഹകരണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കക്ഷിഭേദങ്ങള്‍ മറന്നു സഹകരിക്കാന്‍ കഴിഞ്ഞയാഴ്ചയില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറായി. സഹകരണമേഖല നശിച്ചാല്‍ കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥതന്നെ അപകടത്തിലാകും എന്ന തിരിച്ചറിവാണ് ഈ സഹകരണത്തിനു പിന്നില്‍. സഭ തുടങ്ങിയ സ്വയം സഹായസംഘങ്ങളും പരസ്പരസഹായനിധികളും സഭയുടെ സാമൂഹ്യാവബോധത്തിന്‍റെ പ്രതിഫലനങ്ങള്‍ കൂടിയാണ്. സമ്പദ്വ്യവസ്ഥയിലെ ഈ ആധുനിക പ്രതിസന്ധികള്‍ക്കു നടുവില്‍ സഹകരണത്തിന്‍റെ പുല്‍ക്കൂടൊരുക്കാന്‍ സാധിക്കണം. ഡിസംബര്‍ 4-നു കൊളംബോയില്‍ സമാപിച്ച ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫെറന്‍സിന്‍റെ പ്ലീനറി സന്ദേശം ഓര്‍മിപ്പിക്കുന്നതുപോലെ നാം കരുണയുടെ ദൗത്യമുള്ള പാവപ്പെട്ടവരുടെ ഒരു ഗാര്‍ഹിക സഭയാണ്.
ഏവര്‍ക്കും ക്രിസ്മസ് മംഗളങ്ങള്‍!

Leave a Comment

*
*