Latest News
|^| Home -> Editorial -> തീവ്രതയിലെ ഭീകരത

തീവ്രതയിലെ ഭീകരത

sathyadeepam

കേരളത്തിലെ ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലെ ‘ആശങ്ക’ എന്ന പദത്തിന് ഒരു പര്യായം കൂടി – ഐഎസ്. ദേശീയ അന്വേഷണ ഏജന്‍സി സംഘം കേരളത്തെ ‘റെഡ് സോണാ’യി പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഐഎസ് അടക്കമുള്ള തീവ്രവാദി സംഘങ്ങളുടെ വളത്തടമായി കേരളം വളര്‍ന്നുകഴിഞ്ഞുവെന്നു സമീപകാല വാര്‍ത്തകള്‍ ശരിവയ്ക്കുന്നു. അയല്‍ ഭൂഖണ്ഡത്തിലും അയല്‍ രാജ്യത്തും അയല്‍ സംസ്ഥാനത്തുംവരെ എത്തിയെന്നു നാം ആശങ്കപ്പെട്ടിരുന്ന തീവ്രവാദം നമ്മുടെ വീടിന്‍റെ മതില്‍ക്കെട്ടിനകത്തുവരെ എത്തി എന്ന ചിന്ത ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മക്കള്‍ക്കു പൊള്ളിക്കുന്ന തിരിച്ചറിവാകുകയാണ്. കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ അനുകൂലഭാവവും സുരക്ഷാക്രമീകരണങ്ങളുടെ അഭാവവുമെല്ലാം തീവ്രവാദസംഘങ്ങള്‍ക്കു വളരാന്‍ വളക്കൂറുള്ള മണ്ണാണ്. എങ്കിലും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും ജനങ്ങളുടെ വിദ്യാഭ്യാസനിലവാരവും യാഥാര്‍ത്ഥ്യബോധവുമൊക്കെയാണ് ഈ നാടിനെ തീവ്രവാദത്തിന്‍റെ ചതിക്കുഴിയില്‍പ്പെടാതെ ഇത്രനാള്‍ കാത്തത്. കേരളം പഴയ കേരളമല്ലാതാവുകയാണ്. അതിന് എന്തൊക്കെയാണു കാരണങ്ങള്‍? നമ്മുടെ യുവത എന്തുകൊണ്ടാണ് ഈ തീവ്രവാദി സംഘങ്ങളിലേക്കും വിപ്ലവപ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നത്?
ബിബിസി പത്രപ്രവര്‍ത്തക ജാസ്മിന്‍ കോള്‍മന്‍ ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്താകമാനം 90,000 ചാവേര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്; അതില്‍ പൊലിഞ്ഞത് 1,30,000 ജീവനും. കോള്‍മന്‍റെ നിരീക്ഷണത്തില്‍ പ്രധാനമായും അഞ്ചു കാര്യങ്ങളാണു വിപ്ലവപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘങ്ങളെയും യുവമനസ്സുകള്‍ക്ക് ആകര്‍ഷകമാക്കുന്നത്. 1. സോഷ്യല്‍ മീഡിയ വഴിയുള്ള ഇത്തരം ഗ്രൂപ്പുകളുടെ ഇടപെടലും സ്വാധീനവും. 2. മുഖ്യധാരാ ചിന്തയോട് അവര്‍ പുലര്‍ത്തുന്ന നിര്‍മമത. 3. യുവാക്കളെ പ്രാധാന്യമുള്ളവരും പ്രസിദ്ധരുമാക്കാമെന്ന വാഗ്ദാനം. 4. പൊതു സമൂഹവ്യവസ്ഥിതിയോടുള്ള യുവതലമുറയുടെ പ്രതികരണത്തിനുള്ള ഏക മാധ്യമം. തീവ്രവാദമാണെന്ന ധാരണ. 5. ഉദാത്തമായൊരു ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിക്കാനുള്ള വെല്ലുവിളി.
പതിനാറിനും ഇരുപത്തിനാലിനും ഇടയ്ക്കു പ്രായമുള്ളവര്‍ക്കിടയിലാണു സമൂല പരിഷ്കരണവാദം ഏറെ ശക്തം. ഏതു കാലത്തും ഈ പ്രായക്കാര്‍ തീവ്രവാദചായ്വുള്ളവരുമാണ്. പക്ഷേ, ഈ തീവ്രവാദമനോഭാവങ്ങളെ കൈകാര്യം ചെയ്യാനും നേര്‍വഴി കാണിക്കാനും മതത്തിലും സ്വസമുദായത്തിനകത്തും പോംവഴികള്‍ ഉണ്ടായേ മതിയാകൂ.
ഐഎസ് സോഷ്യല്‍ മീഡിയവഴി ഓരോ ദിവസവും പല ഭാഷകളിലായി മുപ്പതിനും നാല്പതിനും ഇടയ്ക്കു വീഡിയോകള്‍ നിര്‍മിക്കുന്നുണ്ടെന്നാണു കോള്‍മന്‍റെ ക ണക്ക്. 30,000-നും 40,000-നും ഇടയ്ക്കു ട്വിറ്റര്‍ അക്കൗണ്ടുകളും ഗൈഡുകളും ഓണ്‍ലൈനില്‍ ഇവര്‍ക്കുണ്ട്.
കേരളത്തില്‍ നിന്ന് 24 പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതു ഗൗരവത്തോടെ ആത്മവിമര്‍ശനപൂര്‍വം നമ്മള്‍ കാണണം. ഭീകരതയ്ക്കു മതമില്ല എന്നു മുഖ്യമന്ത്രിയും ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തരുത് എന്നു മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ഏ.കെ. ആന്‍റണിയും പറയുന്നു. എന്നാല്‍ ഭീകരത വര്‍ദ്ധിപ്പിക്കാന്‍ ഭീകരര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കുന്നതും മതമെന്ന വികാരമാണെന്നതു വൈരുദ്ധ്യം. അല്‍-ഷബാബ് എന്ന തീവ്രവാദിസംഘാംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം 87 ശതമാനം പേരും ഈ സംഘത്തിന്‍റെ അംഗങ്ങളാകാന്‍ കാരണം മതമെന്ന വികാരമാണ്. എന്നാല്‍ എല്ലാത്തരത്തിലുമുള്ള നശീകരണ പ്രവര്‍ത്തനങ്ങളെയും തിന്മയായിത്തന്നെ എല്ലാ മതങ്ങളും കാണുന്നു. സ്നേഹവും പരസ്പര സഹവര്‍ത്തിത്വവുമാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നതും.
ഭീകരതയുടെ വിത്തുകള്‍ എല്ലാ മതത്തിലും സമുദായത്തിലുമുണ്ട്. മെരുങ്ങപ്പെടാത്ത തീവ്രതയെ ഭീകരത എന്നു വിളിക്കാം. നമ്മിലെ തീവ്രഭാവങ്ങളെ മെരുക്കിയെടുക്കാന്‍ മുതിര്‍ന്ന തലമുറയുടെ അനുഭവജ്ഞാനം നാം തേടണം. നമ്മുടെ യുവജനങ്ങളിലെ തീവ്രത, സമൂല പരിഷ്കരണത്തിനായുളള ദാഹം വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാനും നമുക്കാവണം. കെട്ടിയടച്ച തീവ്രതയെ ഭീകരതയെന്നും വെട്ടിയൊതുക്കിയ തീവ്രതയെ നവീകരണമെന്നും നമുക്കു വിളിക്കാം.

Leave a Comment

*
*