Latest News
|^| Home -> Editorial -> പകരമാണ്, പരിഹാരമല്ല

പകരമാണ്, പരിഹാരമല്ല

Sathyadeepam

ശാരീരികാകലം അടിസ്ഥാന ജീവിതയോഗ്യതയായി പരിഗണിക്കപ്പെടുന്ന പുതിയ സാമൂഹ്യക്രമത്തില്‍, ഓണ്‍ലൈന്‍ പഠനസാദ്ധ്യതയുടെ പഠിപ്പുര തുറന്നാണിപ്പോള്‍ ഔപചാരിക വിദ്യാഭ്യാസരംഗം. പൊതു സര്‍വകലാശാലകള്‍, കോളജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള നവമാധ്യമ പഠനക്രമത്തിന്റെ സ്ഥാനക്കയറ്റത്തിനു കോവിഡ് കാലത്തെ പുതിയ അദ്ധ്യയനവര്‍ഷാരംഭത്തില്‍, സര്‍ക്കാര്‍ സാധുത നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍, അതിന്റെ വിവരവിനിമയ ക്രമമുളവാക്കുന്ന സാമൂഹികാഘാതം പഠനവിഷയമാക്കേണ്ടതാണ്.

മുറിഞ്ഞുപോയതിനെയും മുടങ്ങിപ്പോയതിനെയും മുമ്പോട്ടു നയിക്കാന്‍ നാം നടത്തുന്ന അതിജീവനശ്രമങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഈ പഠനക്രമത്തെയും നമുക്കു പൊതുവില്‍ വിവക്ഷിക്കാമെങ്കിലും ഇനിയങ്ങോട്ട് ഓണ്‍ലൈന്‍ പഠനരീതി മതിയല്ലോ എന്ന മട്ടിലുള്ള ലളിതവത്കരണങ്ങള്‍ അപകടകരമാണ്. ഒഴിഞ്ഞ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്ന കേവലം വിവരവിതരണം മാത്രമായി വിദ്യാഭ്യാസ പ്രക്രിയ പരിമിതപ്പെടുന്നിടത്തും വ്യക്തിയുടെ സാമൂഹ്യാവബോധ പരിസരങ്ങളെ പരിപാകപ്പെടുത്തുന്നതില്‍ അറിവനുഭവത്തിന്റെ പരിശീലനം പ്രാനപ്പെട്ടതല്ലെന്ന വിചാരമുറപ്പിക്കുന്ന നവഉദാരീകരണ സാമ്പത്തികഭ്രമത്തിലും വീട്ടകത്തിലൊതുങ്ങുന്ന വിദ്യാഭ്യാസം വിലപ്പെട്ടതായി തോന്നാം.

വിദ്യാലയം വീട്ടില്‍ തുറന്നപ്പോള്‍ ‘ക്ലാസ്സില്‍’ കയറാനാകാതെ ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോഴാണ്, ക്ലാസ്സ്മുറികള്‍ സ്മാര്‍ട്ടാക്കാനായി നാം നടത്തിയ നെട്ടോട്ടത്തില്‍ ചില വീടുകള്‍ സ്മാര്‍ട്ടായിരുന്നില്ലെന്ന തിരിച്ചറിവുണ്ടായത്. വിവരസാങ്കേതിക വിദ്യയുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും ലഭ്യതയിലുള്ള അസന്തുലിതയെ അതിതീവ്രമായി അനുഭവിപ്പിക്കുന്ന അസമത്വം (digital divide) കേരളത്തില്‍പ്പോലും എത്രയോ രൂക്ഷമാണെന്നും നാം തിരിച്ചറിയുകയായിരുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 66 ശതമാനം ജീവിക്കുന്ന ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളതു 25.3 ശതമാനത്തിനാണ്. ടെലികോം റെഗുലേറ്ററി അതോറിററിയുടെ കണക്കനുസരിച്ചു 80 കോടിയോളം പേര്‍ വസിക്കുന്ന ഗ്രാമീണ മേഖലയിലെ 60 കോടി ആളുകളും ഇന്റര്‍നെറ്റിനു പുറത്താണ്. സ്മാര്‍ട്ട് ഫോണുകളും ടെലിവിഷനും നെറ്റ് കണക്ടിവിറ്റിയും വ്യാപകമായുള്ള കേരളത്തില്‍പ്പോലും 43.76 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 5.98 ശതമാനത്തിനും ഇവയൊന്നും പ്രാപ്യമല്ല. അനുദിനചെലവുകള്‍ ദിവസക്കൂലിയില്‍ മാത്രം അളക്കപ്പെടുന്ന നിര്‍ദ്ധന വിഭാഗത്തിന്റെ നിത്യവൃത്തിയെ ‘ഡേറ്റ’യെന്ന പുതിയ ചെലവിനം ചെറുതല്ലാത്ത പ്രതിസന്ധിയുണ്ടാക്കും.

ഓണ്‍ലൈന്‍ പഠനപ്രക്രിയ പ്രതിസന്ധിയിലാക്കുന്നതു പ്രധാനമായും അദ്ധ്യാപനത്തെയും അദ്ധ്യാപകരെയുമാണ്. അദ്ധ്യാപകര്‍ അവതാരകരാകുന്ന അപകടമാണിത്. ഒപ്പം പ്രകടനപരത അദ്ധ്യാപനത്തിലെ ഒഴിവാക്കാനാകാത്ത അനിവാര്യതയുമാകും. പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെ (virtual reality) കുഴമറിച്ചില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതയോടൊപ്പം ഏകദിശാബോധനവും വെല്ലുവിളിയാകും. വിവരകൈമാറ്റത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ മാത്രമായി അദ്ധ്യാപകര്‍ പിന്‍വാങ്ങുകയും പാരസ്പര്യത്തിന്റെ ജൈവപരിസരത്തില്‍ നിന്നു പുറത്താക്കപ്പെട്ട്, ഏകപക്ഷീയതയുടെ അനിഷേധ്യസ്വഭാവത്താല്‍ വിദ്യ വികലമാകുന്ന അപചയത്തിലേക്കു വഴുതുകയും ചെയ്യും.

”തന്റെ വിദ്യാര്‍ത്ഥികളോടു സ്‌നേഹമില്ലാത്ത, താന്‍ മൂല്യവത്തെന്നു വിശ്വസിക്കുന്നവയെ അവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമില്ലാത്ത ആര്‍ക്കും ഒരു നല്ല അദ്ധ്യാപകനാകാന്‍ കഴിയില്ലെന്ന” ബര്‍ട്രാന്‍ഡ് റെസ്സലിന്റെ നിരീക്ഷണം അദ്ധ്യാപനത്തിന്റെ സാമൂഹിക സര്‍ഗാത്മകവിനിമയത്തെയാണു സാധൂകരിക്കുന്നത്; ഒപ്പം സാങ്കേതികവിദ്യയുടെ ഇടനിലക്കാരനായി ഇടറിപ്പോകുന്ന അദ്ധ്യാപകനെ അസാധുവാക്കുകയും ചെയ്യുന്നുണ്ട്. വിദ്യയുടെ കേന്ദ്രം വിദ്യാര്‍ത്ഥിയാകുന്ന വ്യക്തിത്വത്തിന്റെ സമസ്തതലങ്ങളെ സ്പര്‍ശിക്കുന്ന സമഗ്രമായൊരു ബോധനസമീപനത്തെ അപനിര്‍മിക്കാനിടയുള്ള നവമാധ്യമ പാഠ്യക്രമം അതിനാല്‍ത്തന്നെ അവധാനതയോടെ വേണം അവതരിപ്പിക്കാന്‍.

അനുബന്ധമാകേണ്ട ഒന്നിനെ, അനിവാര്യഘടകമാക്കി ഉള്ളടക്കുന്നതിനെതിരെയാണു നാം ജാഗരൂകരാകേണ്ടത്. ചെറിയ കുട്ടികളുടെ ‘സ്‌ക്രീന്‍ സമയം’ പതിവിലധികം വര്‍ദ്ധിപ്പിക്കാനിടയുള്ള ഓണ്‍ലൈന്‍ പഠനം അവരിലുളവാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിഗണനാര്‍ഹമാകണം. ഹ്രസ്വദൃഷ്ടിപോലുള്ള നേത്രരോഗബാധിതരുടെ എണ്ണം കുട്ടികളില്‍പ്പോലും ഇപ്പോള്‍ത്തന്നെ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

കോവിഡ് 19 പഠനമേഖലയില്‍ സൃഷ്ടിച്ച അസാധാരണമായൊരു പ്രശ്‌നസാഹചര്യത്തെ മറികടക്കാന്‍ താത്കാലിക പ്രതിവിധിയായി ഓണ്‍ലൈന്‍ പഠനത്തെ പൊതുവില്‍ നാം സ്വീകരിക്കുമെങ്കിലും, പകരം വന്നതിനെ സ്ഥിരപരിഹാരമാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അദ്ധ്യാപക മേല്‍നോട്ടത്തില്‍ തൊട്ടറിഞ്ഞും തൊടിയില്‍ കളിച്ചും തോളുരുമ്മിയും തുറവിയോടെ തുടരേണ്ട ജീവിതപരിശീലനമായി വിദ്യാഭ്യാസ പ്രക്രിയ മടങ്ങിയെത്തണം. അതിജീവനത്തിനുള്ള അഭ്യസനമായി വിദ്യ മാറട്ടെ, അകത്തും പുറത്തും.

Leave a Comment

*
*