Latest News
|^| Home -> Editorial -> പിള്ളമനസ്സിലെ വലിയ ആകാശം

പിള്ളമനസ്സിലെ വലിയ ആകാശം

sathyadeepam

സാന്‍ഡി ഐസന്‍ ബര്‍ഗ് സാസോ: ധാരാളം അവാര്‍ഡുകള്‍ നേടിയ ബാല-ആത്മീയ പുസ്തകങ്ങളുടെ എഴുത്തുകാരി; റബ്ബി പട്ടംകിട്ടിയ യഹൂദസമുദായത്തിലെ രണ്ടാമത്തെ വനിത (1974), റബ്ബിയായ ആദ്യത്തെ കുടും ബിനി, സ്വന്തമായൊരു പ്രാര്‍ത്ഥനാസമൂഹമുള്ള ഏകറബ്ബി-ദമ്പതികള്‍; സാന്‍ഡിക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. കുട്ടികളുടെ ആത്മീയതയെ സംബന്ധിച്ച് അവരെഴുതിയ ‘God’s Paintbrush’ എന്ന പുസ്തകത്തിന്റെ മൂന്നു ലക്ഷത്തോളം കോപ്പികളാണു വിറ്റുപോയത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി കുട്ടികളുടെ ആത്മീയ പോഷണത്തെക്കുറിച്ചു പത്തു പുസ്തകങ്ങളാണവര്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി രചിച്ചത്; സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍, ഹീബ്രു ഭാഷകളിലേക്ക് അവ തര്‍ജ്ജമ ചെയ്യപ്പെട്ടു. അനേകം കത്തോലിക്കാ, യഹൂദ, പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളുടെ അവാര്‍ഡുകള്‍ ഈ എഴുത്തുകാരിക്കു ലഭിച്ചിട്ടുണ്ട്. സ്വഭാവേന ആത്മീയരായ കുഞ്ഞുങ്ങളുടെ ആത്മീയപോഷണത്തിനായി ഒരു ഭാഷയും വ്യാകരണവും കണ്ടെത്താനാണു റബ്ബി സാന്‍ഡിയുടെ കൃതികളുടെ ലക്ഷ്യം.
മുതിര്‍ന്നവരായ നമ്മില്‍ പലരും കുഞ്ഞുങ്ങളുമായി ദൈവികകാര്യങ്ങള്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. അവര്‍ക്കതിനു പ്രായമായില്ലെന്നു നാം കരുതുന്നു. ഇതിനു കാരണം മുതിര്‍ന്നവരായ നാം യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രായോഗികജീവിതത്തില്‍ വിശ്വാസം കൈമോശം വന്നവരായതുകൊണ്ടും വിശ്വാസമെന്നത് ഒരു ദൈവദാനമാണെന്ന സത്യം വിസ്മരിച്ചതുകൊണ്ടുമാണെന്നു റബി സാന്‍ഡി നിരീക്ഷിക്കുന്നു. അതിനാല്‍ മാതാപിതാക്കളില്‍ നിന്നു കുഞ്ഞുങ്ങളിലേക്കു സ്വാഭാവികമായി നടക്കേണ്ട വിശ്വാസകൈമാറ്റം കാണാപാഠം പഠിച്ച കുറച്ചു പ്രാര്‍ത്ഥനകളിലേക്കും മതബോധന പാഠപുസ്തകങ്ങളില്‍ എഴുതിവച്ചിരിക്കുന്ന കുറച്ച് അറിവുകളിലേക്കുമായി ചുരുങ്ങിപ്പോകുന്നു.
കുട്ടികള്‍ക്കിടയില്‍ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നതു വ്യവസ്ഥാപിത മാതാത്മക ചട്ടക്കൂടിനുള്ളിലെ വേദപഠനങ്ങളിലും വിശ്വാസപരിശീലന രീതികളിലും കുട്ടികള്‍ക്കു തീരെ താത്പര്യമില്ല എന്നാണ്. കാരണം അവരുടെ ആത്മീയ ഭാഷാവ്യാകരണങ്ങള്‍ വ്യത്യസ്തമാണ്. ധാരാളം ചോദ്യങ്ങള്‍ ചോദിക്കാനും പര്യാലോചനകളില്‍ പങ്കെടുക്കാനും ഏതു സ്വര്‍ഗീയകാര്യങ്ങളെയും ഭൂമിയിലെ അനുദിന ജീവിതസംഭവങ്ങളുമായി ഉരച്ചുനോക്കുവാനും ആഗ്രഹിക്കുന്ന വെടിമരുന്നു നിറഞ്ഞ മനസ്സാണവരുടേത്. സങ്കല്പങ്ങള്‍ക്കു പരിധികളില്ലാത്ത, മുന്‍വിധികളുടെ വേലികക്കെട്ടുകളില്ലാത്ത വിശാലമായതുമാണ് അവരുടെ ലോകം. അതുകൊണ്ടു റബ്ബി സാന്‍ഡി തന്റെ പുസ്തകങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലി തന്നെ വ്യത്യസ്തമാണ്. സരളമായ ഭാഷ, ഭാവനാത്മകവും ഉപമകള്‍ നിറഞ്ഞതുമായ ആഖ്യാനശൈലി, തുടര്‍ചോദ്യങ്ങളിലേക്കും പുതു സംഭാഷണങ്ങളിലേക്കും നയിക്കുന്ന പ്രതിപാദനം… ഇവയൊക്കെ ‘God’s Paintbrush’ എന്ന പുസ്തകത്തെ കുട്ടികള്‍ക്കു പ്രിയപ്പെട്ട ആത്മീയ ഭക്ഷണമാക്കുന്നു.
ഈ ചുവടു പിടിച്ചു ചില പരീക്ഷണങ്ങളും മുന്നേറ്റങ്ങളും ഇപ്പോള്‍ സഭയ്ക്കകത്തു സജീവമാകുന്നുവെന്നതു ശുഭോദര്‍ക്കമാണ്. ബ്രയന്‍ സി. ബ്രൗണ്‍, എറിക് കൂട്ടുകെ ട്ടില്‍ 1995-’97 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ‘The Story-keepers’െ എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ന്യൂയോര്‍ക്കു കര്‍ദിനാള്‍ തിമോത്തി എം. ഡോളന്റെ അതിരൂപതയില്‍ യുവാക്കള്‍ വിശ്വാസപരിശീലനത്തിനായി ആരംഭിച്ച ‘എീരൗ’െ എന്ന മുന്നേറ്റവും കേരളത്തിലാരംഭിച്ച ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ”ഏഞ്ചല്‍സ് ആര്‍മി”യും ഈ വിഭാഗത്തില്‍പ്പെടുന്നു. എങ്കിലും പിള്ളമനസ്സുകളിലെ വലിയ ആകാശം കാണാന്‍ നാം ഇനിയും കാതങ്ങള്‍ താണ്ടണം.
കുഞ്ഞുങ്ങളിലെ ആത്മീയതയുടെ വേരുകള്‍ അനുഭവങ്ങളിലാണ്. ദൈവികസാന്നിദ്ധ്യം അനുദിനം അനുഭവിച്ചുള്ള ഒരു ജീവിതശൈലിയാണു വേണ്ടത്. ആത്മാവിന്റെ തീവ്രമായ ഈ അനുഭൂതിക്കു നിറവും മണവും രുചിയും നല്കുന്ന കറിക്കൂട്ടുകളാണു തിരുക്കര്‍മങ്ങളും മറ്റു ഭക്താനുഷ്ഠാനങ്ങളും. അതിനാല്‍ത്തന്നെ ഇവ രണ്ടും കാലാനുസൃതമായ നവീകരണങ്ങള്‍ക്കും പൊളിച്ചെഴുത്തിനും വാതില്‍ തുറന്നേ മതിയാവൂ.
മുതിര്‍ന്നവരായ നാം എല്ലാറ്റിന്റെയും ഉത്തരകര്‍ത്താക്കളും അധിപരുമാകാന്‍ ശ്രമിക്കുന്നവരാണ്; കുട്ടികള്‍ പക്ഷേ, മറിച്ചാണ്. ചില ആചത്മീയരഹസ്യങ്ങള്‍ക്കും അനുഭൂതികള്‍ക്കും മുന്നില്‍ വാ പൊളിച്ചു നില്ക്കാനാണവര്‍ക്കിഷ്ടം. അതുകൊണ്ടല്ലേ യേശു അവരെ സ്വര്‍ഗരാജ്യത്തിലെ വലിയവരെന്നു വിശേഷിപ്പിച്ചത്.

Leave a Comment

*
*