Latest News
|^| Home -> Editorial -> പുരുഷശാക്തീകരണത്തിലേക്ക്

പുരുഷശാക്തീകരണത്തിലേക്ക്

sathyadeepam

പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ ഭാരതത്തിലെ പ്രശസ്ത നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറിയ അക്രമപരമ്പരകള്‍ ചിന്താവിഷയമാവുകയാണ്. ആഘോഷങ്ങളുടെയും ആള്‍ക്കൂട്ടത്തിന്‍റെയും മറവില്‍ നിയന്ത്രണം വിട്ടു മേയുന്ന ഞരമ്പുരോഗികളുടെയും സദാചാര പൊലീസ് വേഷം കെട്ടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. വിവരവും നാഗരികതയും നടിക്കുന്ന ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ മുതലായ നഗരങ്ങളിലെ മാത്രം കാര്യമല്ല ഇത്. വാര്‍ത്തകളില്‍ ഇടം പിടിക്കാതെ പോകുന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ നമ്മുടെ നഗര-ഗ്രാമ പ്രദേശങ്ങ ളിലും നടക്കുന്നുണ്ട്. സഭ്യതയുടെയും സാമൂഹ്യസുരക്ഷയുടെയും എല്ലാ അതിര്‍വരമ്പുകളും ഇടിച്ചുതകര്‍ക്കുന്ന ഈ ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്‍റെ വിനാശവിത്തുകള്‍ നമ്മുടെ സ്വൈര്യജീവിതത്തിന് ഏല്പിക്കുന്ന ആഘാതങ്ങള്‍ ചില്ലറയല്ല.
എന്തുകൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ ഇങ്ങനെ നിയന്ത്രണാതീതമായി പെരുമാറുന്നു? സാമൂഹ്യ മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണമനുസരിച്ച് ആള്‍ക്കൂട്ടത്തിന്‍റെ പ്രതികരണരീതി വ്യക്തികളുടെ പ്രതികരണ രീതിയേക്കാള്‍ തീവ്രമായിരിക്കും. ആള്‍ക്കൂട്ടം വ്യക്തികളില്‍ ഒരുതരം അജ്ഞാതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തില്‍ തന്നെ ആരും തിരിച്ചറിയില്ല എന്ന ചിന്ത ഏതു തരത്തിലുള്ള സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനും ഒരു വ്യക്തിക്ക് ആത്മവിശ്വാസം നല്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന അക്രമങ്ങളുടെ ഉത്തരവാദിത്വം ഒരിക്കലും വ്യക്തികളില്‍ ആരോപിക്കപ്പെടുകയുമില്ല. 1960-ലും 1973-ലും സാമൂഹ്യമനഃശാസ്ത്രജ്ഞരായ ഫിലിപ്പ് സിംബര്‍ഡോയും വാട്ട്സണും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇക്കാര്യം തെളിയിച്ചിട്ടുമുണ്ട്. തന്‍റെ സാന്നിദ്ധ്യവും പ്രവൃത്തികളും അധികമാരും തിരിച്ചറിയില്ല എന്ന ബോധം സംസ്കാരസമ്പന്നരെന്നു പ്രത്യക്ഷത്തില്‍ നാം കരുതുന്ന വ്യക്തികളെപ്പോലും ആള്‍ക്കൂട്ടത്തില്‍ അപകടകാരികളാക്കും. സിനിമാശാലയില്‍ കരണ്ടു പോകുമ്പോഴും സ്റ്റേഡിയത്തില്‍ കളി തടസ്സപ്പെടുമ്പോഴും ആള്‍ക്കൂട്ടം പ്രതികരിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. ആള്‍ക്കൂട്ടത്തിനകത്തായിരിക്കുമ്പോഴുള്ള ഈ അ ജ്ഞാതാവസ്ഥയും ഉത്തരവാദിത്വരാഹിത്യവും ആള്‍ക്കൂട്ടത്തിലെ വ്യക്തികളെ അത്യന്തം അപകടകാരികളാക്കുന്നു. അതിന്‍റെ ഉത്തമ നിദര്‍ശനങ്ങളാണു പുതുവര്‍ഷാഘോഷങ്ങളുടെ മറവില്‍ ബാംഗ്ലൂരിലും ഡല്‍ഹിയിലും മുംബൈയിലുമൊക്കെ അരങ്ങേറിയത്.
സ്ത്രീശാക്തീകരണത്തോടൊപ്പംതന്നെ നാം ഉറക്കെ ചിന്തിക്കേണ്ട ഒന്നാണു പുരുഷശാക്തീകരണവും. അടക്ക വും ഒതുക്കവും സ്ത്രീകള്‍ക്കു മാത്രമാണു ബാധകമെന്നും പുരുഷനെ പ്രകോപിപ്പിക്കാതിരിക്കുകയാണു സ്ത്രീയുടെ ഭാവശുദ്ധിയുടെ ലക്ഷണമെന്നുമൊക്കെയുള്ള ധാരണകള്‍ക്കു മാറ്റം വരണം. “സ്ത്രീകളെക്കുറിച്ചു ഭാരതത്തിലെ പുരുഷന്മാരുടെ ചിന്താരീതിയില്‍ സമൂലമായൊരു മാറ്റംതന്നെയാണു വേണ്ടത്” എന്ന സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്കരനാസിന്‍റെ പ്രസ്താവം ചിന്തനീയമാണ്. സ്ത്രീകളുടെ വസ്ത്രധാരണരീതിയിലും സമീപനരീതിയിലും പ്രലോഭിതരായി വീഴാന്‍ മാത്രം അധഃപതിച്ചുപോവുകയാണു പുരുഷന്മാരെങ്കില്‍, ശാക്തീകരണം വേണ്ടതു പുരുഷന്മാര്‍ ക്കാണ്.
2012-ലെ ഡല്‍ഹി സംഭവത്തില്‍ നിന്നും നാം ഒന്നും പഠിച്ചിട്ടില്ലെന്നു വേണം ദുഃഖത്തോടെ സമ്മതിക്കാന്‍. അശ്ലീല വെബ്സൈറ്റുകളുടെ അമിത ഉപയോഗവും മദ്യലഹരിയും ആള്‍ക്കൂട്ടത്തിന്‍റെ മറവിലായിരിക്കുമ്പോള്‍ ഒരുവന്‍റെ മനോനില തെറ്റിക്കുന്നുണ്ട്. മുംബൈ അതിരൂപത യുവാക്കള്‍ക്കിടയില്‍ അശ്ലീല സൈറ്റുകളുടെ ഉപയോഗത്തെക്കുറിച്ചു നടത്താന്‍ പോകുന്ന സര്‍വേ നമ്മെ കൂടുതല്‍ ഞെട്ടിക്കുന്നതാകാന്‍ സാദ്ധ്യതയുണ്ട്. 2012-ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിനുശേഷം സ്ത്രീകള്‍ക്കെതിരെയുണ്ടായ മാനഭംഗശ്രമ കേസുകളില്‍ 39 ശതമാനം വര്‍ദ്ധനയാണുണ്ടായതെന്നു നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സാ ക്ഷ്യപ്പെടുത്തുന്നു.
സ്തീസുരക്ഷയ്ക്കായുള്ള നിയമങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ബാംഗ്ലൂരിലെ സിറ്റിസെന്‍ററിലെ പുതുവത്സരാഘോഷങ്ങളില്‍ ജനത്തെ നിയന്ത്രിക്കാന്‍ 1500 പൊലീസുകാര്‍ ഉണ്ടായിരുന്നു. അതിക്രമങ്ങള്‍ നടന്ന തെരുവുകളില്‍ പലതും സിസിടിവി ക്യാമറാ നിരീക്ഷണത്തിലുമായിരുന്നു. എന്നിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു; ഇനിയും ആവര്‍ത്തിക്കുകയും ചെയ്യും. കാരണം, നടക്കേണ്ട ശസ്ത്രക്രിയ മനുഷ്യന്‍റെ മനസ്സുകളിലാണ്. തൊലിപ്പുറത്തെ ലേപനങ്ങള്‍ക്ക് ഒരിക്കലും ഉള്ളിലെ കാന്‍സറിനെ കരിച്ചുകളയാനാകില്ല. “ശരീരത്തില്‍ ആത്മാവു വസിക്കുന്നതുപോലെതന്നെ ഈ ഭൂമിയില്‍ ദൈവ വും വസിക്കുന്നു” എന്ന വി. തോമസ് അക്വിനാസിന്‍റെ നിരീക്ഷണത്തിലേക്കു മടങ്ങുന്നതാണു പുരുഷശാക്തീകരണത്തിലേക്കുള്ള വഴി.

Leave a Comment

*
*