Latest News
|^| Home -> Editorial -> മങ്ങുന്ന ആണ്‍പെരുമ

മങ്ങുന്ന ആണ്‍പെരുമ

sathyadeepam

“നമ്മുടെ ആണ്‍കുട്ടികള്‍ക്കെന്തു പറ്റി…?” പല കോണുകളില്‍നിന്നു സമീപകാല വാര്‍ത്തകള്‍ കേട്ടിട്ടും കണ്ടിട്ടും ഉയരുന്ന ചോദ്യമാണിത്. അവര്‍ക്കെന്തോ പറ്റിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ എല്ലാറ്റിനും മുന്‍പന്തിയിലായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു; അതു കൊടി പിടിക്കാനാണെങ്കിലും കൊടി കത്തിക്കാനാണെങ്കിലും.
സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഉണ്ടായ പ്രശ്നങ്ങളെ തല്ലിക്കെടുത്താനും തിളയ്ക്കുന്ന ചോരയോടെ അവര്‍ മുന്നിലുണ്ടായിരുന്നു. ഇന്നത്തെ ആണ്‍കുട്ടിക്കൂട്ടത്തിലെ വളര്‍ന്നുവരുന്ന നിശ്ശബ്ദതയും നിസ്സംഗതയും ചിന്താവിഷയമാക്കേണ്ടതാണ്. എന്നാല്‍ മാറിനിന്ന് എല്ലാറ്റിനെയുംകുറിച്ചു ഗൂഢസ്മിതത്തോടെ അടക്കം പറയാനും അവര്‍ക്കു കഴിയുന്നുണ്ട്. ഇത് ഇന്നത്തെ ആണ്‍കുട്ടികളുടെ പൊതുസ്വഭാവമെന്നു പറയാറായിട്ടില്ലെങ്കിലും ഈ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നതില്‍ തര്‍ക്കമില്ല. പെണ്‍ പെരുമയ്ക്കും സ്ത്രീസുരക്ഷയ്ക്കും വേണ്ടി നാം ശബ്ദമുയര്‍ത്തുന്ന ഈ കാലത്ത് ഇതിനൊപ്പമോ ഇതിനപ്പുറമോ പ്രാധാന്യം നല്കേണ്ട വിഷയമാണു നമ്മുടെ ആണ്‍കുട്ടികളിലെ ഈ സ്വഭാവമാറ്റം.
സ്കൂള്‍ പ്രായത്തിലും കൗമാരകാലഘട്ടത്തിന്‍റെ ആരംഭത്തിലും പൊതുവേ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ മുമ്പില്‍; അതു പഠിക്കുന്ന കാര്യത്തിലാവട്ടെ, കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിലാവട്ടെ. 2000 മുതല്‍ 2010 വരെ കാലഘട്ടത്തില്‍ 15 വയസ്സില്‍ താഴെയുള്ള 15 ലക്ഷത്തോളം കുട്ടികളില്‍ നടത്തിയ പഠനങ്ങളുടെ വെളിപ്പെടുത്തലാണിത്. ഈ പ്രായത്തില്‍ എല്ലാ തലങ്ങളിലും പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളേക്കാള്‍ വളര്‍ച്ചാനിരക്ക്. ഈ വ്യത്യാസം സ്ത്രീ-പുരുഷ സമത്വമുള്ള രാജ്യങ്ങളിലും അതില്ലാത്ത രാജ്യങ്ങളിലും ഒരുപോലെ പ്രകടമാണ്. ഇതിനാല്‍ത്തന്നെ പെണ്‍കുട്ടികളേക്കാള്‍ പ്രക്ഷുബ്ധമായ ഒരു കൗമാരത്തിലേക്കാണ് ആണ്‍കുട്ടികള്‍ പ്രവേശിക്കുന്നത്.
കൗമാരക്കാര്‍ക്കായുള്ള ‘Journal of Adolescence’ എന്ന ശാസ്ത്രമാസിക 2008-ല്‍ നടത്തിയ പഠനപ്രകാരം കൗമാരപ്രായത്തിലായിരിക്കുന്ന 70 ശതമാനം ആണ്‍കുട്ടികള്‍ക്കും വിഷാദരോഗലക്ഷണങ്ങളുണ്ട്. ഇതില്‍ നിന്നു രക്ഷനേടാന്‍ പല മാര്‍ഗങ്ങളും അവര്‍തന്നെ കണ്ടുപിടിക്കുന്നു. സമപ്രായത്തിലുള്ള ആണ്‍കുട്ടികളുടെ സംഘത്തിലായിരിക്കാനും ദുശ്ശീലങ്ങള്‍ ആരംഭിക്കാനും നിയമങ്ങള്‍ തെറ്റിക്കാനും വായനയേക്കാള്‍ കാഴ്ച കാണാനും പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ കളിക്കാനും വീടിനു പുറത്തു സമയം ചെലവഴിക്കാനുമൊക്കെ അവര്‍ ശ്രമിക്കും. ഇതൊക്കെ വിഷാദരോഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള അവരുടെ പ്രകടനമാണ്.
കൗമാരത്തിലേക്കു പ്രവേശിക്കുമ്പോഴാണ് ആണ്‍കുട്ടികളുടെ മസ്തിഷ്ക വളര്‍ച്ച പെണ്‍കുട്ടികളേക്കാള്‍ ത്വരിതഗതിയിലാകുന്നത്. വ്യക്തവും സുശക്തവുമായ ഒരു വ്യവസ്ഥാപിത അന്തരീക്ഷത്തിനെ ഈ വളര്‍ച്ചയിലെ പ്രശ്നങ്ങളെ നേരിടാന്‍ അവരെ സഹായിക്കാനാവൂ. എല്ലാ മതങ്ങളിലും ഇതിനുള്ള ഒരുക്കങ്ങളുണ്ട്. ഖുറാന്‍ പ്രബോധനപ്രകാരം ആദ്യസ്ഖലനത്തോടെ ഒരു ആണ്‍കുട്ടി അവന്‍റെ എല്ലാ കര്‍മങ്ങളുടെയും ഉത്തരവാദിയാവുകയാണ്. യഹൂദനിയമപ്രകാരം 13-ാം വയസ്സില്‍ ഒരാണ്‍കുട്ടി “കല്പനകളുടെ പുത്രന്‍” ആകുന്നു. എല്ലാ യഹൂദാചാരങ്ങളും പാലിക്കാന്‍ അവന്‍ ബാദ്ധ്യസ്ഥനാവുകയാണ്. അവന്‍ സ്വീകരിക്കുന്ന പരിച്ഛേദനാചാരം സൂചിപ്പിക്കുന്നതും അതുതന്നെ. ഹൈന്ദവരുടെ ഉപനയനവും കത്തോലിക്കാസഭയിലെ സ്ഥൈര്യലേപനവുമൊക്കെ സൂചിപ്പിക്കുന്നതും ഇതുതന്നെ.
കൗമാരത്തിലെ കൊടുങ്കാറ്റിലേക്കു പ്രവേശിക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമരത്തു വേണ്ടതു സ്വപിതാവിന്‍റെ തുറന്ന സമീപനസാന്നിദ്ധ്യവും മുതിര്‍ന്ന ചേട്ടന്മാരുടെ കലവറയില്ലാത്ത പ്രോത്സാഹനങ്ങളുമാണ്. താനനുഭവിക്കുന്ന തുപോലുള്ള പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്ത മുതിര്‍ന്നവരുടെ അനുഭവപാഠങ്ങളും തന്‍റെ ആധിവ്യാധികള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യം നല്കുന്ന ഒരപ്പന്‍റെ നിരന്തര കരുതലും ഒരു കൗമാരക്കാരനു നല്കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഗൃഹനാഥന്‍റെ വീട്ടിലെ അസാന്നിദ്ധ്യവും പഠിക്കുന്ന ഹോസ്റ്റലിലെ ഏട്ടന്മാരുടെ റാഗിംഗും വില്ലന്മാരാകുന്ന ഈ ലോകത്ത് അലസരും നിരുന്മേഷരുമായ ആണ്‍ കുട്ടിക്കൂട്ടങ്ങളുടെ എണ്ണം പെരുകുകയേ ഉള്ളൂ.

Leave a Comment

*
*