Latest News
|^| Home -> Editorial -> സൈബർ സുരക്ഷയോർത്ത് കരയുക

സൈബർ സുരക്ഷയോർത്ത് കരയുക

Sathyadeepam

ആധുനിക മനുഷ്യനെ വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും നൂതന മേഖലകളിലേക്കെത്തിച്ച കമ്പ്യൂട്ടര്‍ ശൃംഖല സുരക്ഷാ ഭീഷണിയിലാണ്. വിവരങ്ങള്‍ സൂക്ഷിക്കാനും കൈമാറാനുമുള്ള ഈ ആധുനിക ഉപാധി നമുക്കു ധനനഷ്ടവും മാനഹാനിയും ഉണ്ടാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. പണവും രഹസ്യവിവരങ്ങളും കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന ധാരാളം പേരെ കരയിപ്പിച്ചു; വാണ്ണാക്രൈ റാന്‍സംവെയര്‍ വൈറസുകള്‍. പലതരത്തിലുള്ള കമ്പ്യൂട്ടര്‍ വൈറസുകളുണ്ട്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളുടെ വേഗം കുറയ്ക്കുന്നവയും കമ്പ്യൂട്ടറുകളെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നവയുമുണ്ട്. എന്നാല്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമാക്കുകയും അതു പ്രവര്‍ത്തനസജ്ജമാക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്ന തരം വൈറസുകളാണു റാന്‍സംവെയര്‍. റാന്‍സം എന്നാല്‍ വീണ്ടെടുപ്പിനുള്ള പണം എന്നാണല്ലോ അര്‍ത്ഥം.

2017-ല്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍വച്ച് ഏറ്റവും ഭീകരമായതായിരുന്നു വാണ്ണാക്രൈയുടേത്. വെറും ദിവസങ്ങള്‍കൊണ്ടു 150 രാജ്യങ്ങളിലായി 200000-ലധികം കമ്പ്യൂട്ടറുകളാണ് ഈ വൈറസ് ആക്രമണത്തില്‍ കരഞ്ഞത്. ഇനിയും ഇതു കൂടുതല്‍ ആളുകളെ കരയിക്കും എന്നാണു സൈബര്‍ വിദഗ്ദ്ധരുടെ പ്രവചനം.
ഈ വൈറസ് എങ്ങനെയാണു പടരുന്നത്? ഇന്‍റര്‍നെറ്റിലെ അനാവശ്യ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയും അപരിചിതരായ ആളുകള്‍ അയച്ചുതരുന്ന അറ്റാച്ച്മെന്‍റുകള്‍ വഴിയും ഇതു പടരും. ഒരു നെറ്റ്വര്‍ക്കില്‍ സ്വന്തമായി പടര്‍ന്നുപിടിക്കാനുള്ള കഴിവും ഇതിനുണ്ട്. നമ്മുടെ കമ്പ്യൂട്ടറിലെ നെറ്റ്വര്‍ക്കുകളെ സ്കാന്‍ ചെയ്ത് അതിലുള്ള സുരക്ഷാവീഴ്ചകളിലൂടെയാണ് ഈ വൈറസ് കയറുന്നത്. തുടര്‍ന്ന് ആ നെറ്റ്വര്‍ക്കുമായി ബന്ധമുള്ള എല്ലാ കമ്പ്യൂട്ടറുകളെയും അതു ബാധിക്കുന്നു.

ഈ വൈറസുണ്ടായ കഥയും രസകരമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റത്തിലെ സുരക്ഷയിലെ പഴുതുകള്‍ ഉപയോഗിച്ചു മറ്റുള്ളവരുടെ സിസ്റ്റത്തില്‍ കയറിക്കൂടാനും അതു നശിപ്പിക്കാനും അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഇറ്റേണല്‍ബ്ലൂ എന്ന മാല്‍ വെയര്‍, ഹാക്കര്‍മാര്‍ എന്‍എസ്എയില്‍നിന്നു ചോര്‍ത്തിയെടുക്കുകയും അതുപയോഗിച്ച് ആക്രമണം നടത്തുകയുമാണുണ്ടായത്.
കാലാകാലങ്ങളില്‍ പുതുക്കാതെ വിന്‍ഡോസിന്‍റെ പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരെയാണ് ഈ വൈറസ് കൂടുതലും ആക്രമിക്കുന്നത്. നമ്മുടെ അശ്രദ്ധയും സുരക്ഷാ പാളിച്ചകളും ഒറിജിനലല്ലാത്ത സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതും റാന്‍സംവെയറിനെ നമ്മുടെ അതിഥികളാക്കുന്നു – അപകടകാരികളായ ക്ഷണിക്കാത്ത അതിഥികള്‍!

ഇവരുടെ ആക്രമണം തടയാന്‍ നമ്മുടെ സിസ്റ്റത്തിന്‍റെ സുരക്ഷാപുതുക്കലുകള്‍ എല്ലാംതന്നെ അപ്പപ്പോള്‍ നടത്തണം, അനാവശ്യ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതു നിര്‍ത്തുക, അറിയാത്ത ആളുകള്‍ അയച്ചുതരുന്ന ഈമെയില്‍ അറ്റാച്ചുമെന്‍റുകള്‍ തുറക്കാതിരിക്കുക. അതിമോഹനവാഗ്ദാനങ്ങളുള്ള മെയിലുകളോടു പ്രതികരിക്കാതിരിക്കുക. തുടര്‍ച്ചയായി നമ്മുടെ കമ്പ്യൂട്ടര്‍ വിവരങ്ങളുടെ ബാക്കപ്പുകള്‍ എടുക്കുക. ഇത്തരം വൈറസുകളെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നമ്മുടെ യുവജനങ്ങളുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. മാര്‍ക്കസ് ഹച്ചിംഗ്സണ്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയാണ് ഈ വൈറസിന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതും ലോകത്തെ അറിയിച്ചതും അതിനെ പ്രതിരോധിക്കാനുളള ആദ്യനടപടികള്‍ എടുത്തതും. ഈ കൊച്ചുകേരളത്തിലും ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നു Cyber Security Awareness Webinar എന്ന പേരില്‍ ഈ വൈറസ് ബാധിതര്‍ക്കായി 16-ാം തീയതി ഒരു ഓണ്‍ലൈന്‍ സെമിനാറും നടത്തി.

ഭാവനയിലും ഹോളിവുഡ് ക്രൈംത്രില്ലര്‍ സിനിമാക്കഥകളിലും മാത്രം അവതരിപ്പിക്കപ്പെട്ട പല മോഷണശ്രമങ്ങളും നമ്മുടെ അനുദിന ജീവിതത്തിലും യാഥാര്‍ത്ഥ്യങ്ങളാവുകയാണ്. ഭാവിയില്‍ ഇത്തരത്തിലുള്ള ഒരു വൈറസ് ആക്രമണം നമ്മുടെ കത്തോലിക്കാ സ്ഥാപനങ്ങളെയും ഇടവക രജിസ്റ്ററുകളെയും ആത്മസ്ഥിതിവിവരങ്ങളെയും ലക്ഷ്യമിട്ടാല്‍ എന്താകും സ്ഥിതി എന്ന് ആലോചിക്കാന്‍ സമയമായി. ഈ ചിന്ത നമ്മില്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്. പണം നഷ്ടപ്പെടുന്നതു മാത്രമല്ല; സര്‍ട്ടിഫിക്കറ്റുകളും വിവരങ്ങളും ദുരുപയോഗിക്കപ്പെടാനും സാദ്ധ്യതയുണ്ട്. സ്വയരക്ഷപോലെതന്നെ പ്രധാനപ്പെട്ടതാണു സൈബര്‍ സുരക്ഷയുമെന്ന കാലത്തിന്‍റെ പാഠം സ്വന്തമാക്കാന്‍ സമയമായി.

ഈ സൈബര്‍ ആക്രമണം വ്യക്തമാക്കിത്തരുന്ന ശുഭോദര്‍ക്കമായ മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്: ഭൗതികജീവിതവും ആത്മീയജീവിതവും തമ്മിലുളള അന്തരം കുറയുന്നുവെന്നത്. നന്മ നിറഞ്ഞ ആത്മീയജീവിതത്തിലേക്കു തിന്മ എങ്ങനെ വൈറസ് പോലെ കടന്നുവരുന്നു എന്നും അതിനെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും നാം എടുക്കേണ്ട മുന്‍കരുതലുകളും പ്രതിവിധികളും ഏവയെന്നു വ്യക്തമായി നമുക്കറിയാം. സമാന പാഠങ്ങള്‍ ഈ സൈബര്‍ പ്രതിസന്ധിയിലും നാം ഉപയോഗിച്ചാല്‍ മതി. അതെ, ഭൗതികജീവിതത്തെ നമുക്ക് ആത്മീയമാക്കാം.

Leave a Comment

*
*