തമസോമ ജ്യോതിര്‍ഗമയഃ

തമസോമ ജ്യോതിര്‍ഗമയഃ

പുത്തനാണ്ടിലേക്കു കടക്കുന്ന ഭാരതത്തിനു സ്വന്തമാക്കാന്‍ അത്ര സുഖകരമല്ലാത്ത ഒരു പട്ടംകൂടി; ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് സംഘത്തിന്‍റെ സര്‍വേ പ്രകാരം ഇന്ത്യയാണു ലോകരാഷ്ട്രങ്ങളില്‍ അജ്ഞതയുടെ കാര്യത്തില്‍ ഒന്നാമത്. "അവബോധങ്ങളിലെ അപകടങ്ങള്‍" എന്ന പേരില്‍ കഴിഞ്ഞ സെപ്തംബര്‍ 22-നും നവംബര്‍ 6-നും ഇടയിലാണ് ഈ സര്‍വേ നടത്തപ്പെട്ടത്. ലോകത്തിലെ 33 രാജ്യങ്ങളിലെ 25,000 പേരെയാണ് ഈ സംഘം ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ വഴി പരീക്ഷയ്ക്കു വിധേയരാക്കിയത്. 18-നും 64-നും ഇടയില്‍ പ്രായമുള്ള, കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയാവുന്നവരാണു സര്‍വേയില്‍ പങ്കെടുത്തത്. തങ്ങള്‍ ജീവിക്കുന്ന സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളെക്കുറിച്ചുള്ള അജ്ഞത പുറത്തു കൊണ്ടുവരുന്ന വിധത്തിലായിരുന്നു സര്‍വേയിലെ ചോദ്യങ്ങള്‍.
ചില നിസ്സാര കാര്യങ്ങളെക്കുറിച്ച് ആവശ്യത്തില്‍ കൂടുതല്‍ വ്യാകുലരും എന്നാല്‍ തങ്ങളെ സാരമായി ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങളെ തീരെ നിസ്സാരമായി കരുതുന്നവരുമായിരിക്കുന്നു ഇന്ത്യയിലെ സാധാരണക്കാരില്‍ പലരും. ഇതു നമ്മില്‍ അനാവശ്യ ഭയവും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന മുസ്ലീം സമുദായത്തെക്കുറിച്ചുള്ള ചോദ്യത്തിന്‍റെ ഉത്തരത്തില്‍ ഈ ഭയം പ്രകടമാണ്. 2020 ആകുമ്പോഴേക്കും ഭാരതത്തിലെ നാലിലൊരാള്‍ മുസ്ലീമാകും എന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലീം സമൂഹം 15.4 ശതമാനത്തിലെത്താനേ സാദ്ധ്യതയുള്ളൂ. ഇന്ത്യാ ഗവണ്‍മെന്‍റ് പൗരന്മാരുടെ ആരോഗ്യപരിപാലനത്തിനായി മുടക്കുന്ന തുകയുടെ ശതമാനത്തിലും ഈ അജ്ഞത പ്രകടമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവര്‍ 23 ശതമാനമെന്നു കരുതിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് 5 ശതമാനം മാത്രമേയുണ്ടായിരുന്നുള്ളൂ. ഭാരതത്തില്‍ നടക്കുന്ന ഭ്രൂണഹത്യകളെക്കുറിച്ചും സ്വവര്‍ഗപ്രേമികളെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചും ഇതേ അജ്ഞത നിലനില്ക്കുന്നു. 2015-ല്‍ ഈ സര്‍വേഫല പ്രകാരം രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അജ്ഞതയുടെ കാര്യത്തില്‍ 2016-ല്‍ ഒന്നാംസ്ഥാനത്താണ് എത്തപ്പെട്ടിരിക്കുന്നത്.
വിവരവും വിദ്യാഭ്യാസവും അതിനുള്ള അനുബന്ധ സൗകര്യങ്ങളും വര്‍ദ്ധിച്ചുവെങ്കിലും ഇന്ത്യക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഈ അജ്ഞതയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നതു മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും കൂടിക്കൂടി വരുന്ന അബദ്ധ പ്രചാരണങ്ങളുടെ സ്വാധീന മാണ്. സമൂഹത്തിന്‍റെ മദ്ധ്യവര്‍ഗവും സാമൂഹ്യസംഭവങ്ങളില്‍ ഇടപെടുന്ന സാധാരണക്കാരുമാണ് ഈ അജ്ഞതയ്ക്കു കൂടുതല്‍ അടിപ്പെടുന്നത്.
ഭാരതത്തിലെ സാധാരണ ജനം വസ്തുതകളേക്കാള്‍ പരസ്യങ്ങളെയും ഊതിപ്പെരുപ്പിച്ച വാര്‍ത്തകളെയും നേതാക്കളുടെ ആഹ്വാനങ്ങളെയും അമിതമായി വിശ്വസിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മെ നൊമ്പരപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായി കേള്‍ക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നു ധരിക്കുകയും വാര്‍ത്തകളിലെ വസ്തുതകളെ ചികഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് അപകടമാണ്. ഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രസ്താവനകള്‍ ഇറക്കുന്ന നേതാക്കളും സ്വാര്‍ത്ഥതാത്പര്യങ്ങളോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമലോകവും ഭാരതീയനില്‍ വര്‍ദ്ധിച്ചുവരുന്ന അപകടകരമായ ഈ സാമൂഹ്യ അജ്ഞതയ്ക്ക് ആക്കം കൂട്ടുന്നു.
യമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോ മിന്‍റെ പുതിയ വീഡിയോ സന്ദേശത്തില്‍ മാധ്യമങ്ങളോടും സാമൂഹ്യനേതാക്കളോടും അദ്ദേഹം നടത്തുന്ന പരാതിയും ഇതുതന്നെയാണ്. മോചനത്തിനായുള്ള നടപടികള്‍ വേണമെന്നു നേതാക്കള്‍ പ്രസ്താവനകള്‍ നടത്തി. തന്‍റെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്തുവെന്നു മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. യഥാര്‍ത്ഥത്തില്‍ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ ദുഃഖിതനാണെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഫാ. ടോമിന്‍റേതെന്നു കരുതപ്പെടുന്ന വീഡിയോ സന്ദേശത്തിന്‍റെ കാതല്‍. മാധ്യമവും രാഷ്ട്രീയവുമാകുന്ന ഈ രണ്ടു യാഗാശ്വങ്ങളെ മെരുക്കാനുള്ള യഥാര്‍ത്ഥ ജ്ഞാനമാകുന്ന കടിഞ്ഞാണ്‍ ഒരു സാധാരണ ഭാരതീയന്‍ സ്വന്തമാക്കിയേ മതിയാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org