Latest News
|^| Home -> Editorial -> ഭൂരിപക്ഷം വാളെടുക്കുമ്പോൾ

ഭൂരിപക്ഷം വാളെടുക്കുമ്പോൾ

Sathyadeepam

ഹൈന്ദവസംസ്കാരത്തിന്‍റെ നാടാണു ഭാരതം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തില്‍ ഹൈന്ദവര്‍ 80 ശതമാനം വരും. ബാക്കിയുള്ള മതവിഭാഗങ്ങളായ ഇസ്ലാം, ക്രിസ്തുമതം, സിക്ക്, ബുദ്ധമതം, ജൈനമതം ഇവയൊക്കെ ന്യൂനപക്ഷമത സമുദായങ്ങളാണ്. ഭൂരിപക്ഷമുള്ള ഹിന്ദുമതവിശ്വാസികള്‍ക്കൊപ്പം ഭാരതത്തിലെ ഈ ന്യൂനപക്ഷ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്ന സ്വപ്നത്തോടെയാണു രാഷ്ട്രശില്പികള്‍ സ്വതന്ത്രഭാരതത്തെ ഒരു സെക്കുലര്‍ ജനാധിപത്യരാഷ്ട്രമായി വാര്‍ത്തെടുത്തത്.
ഈ സുസ്ഥിതിക്കു മങ്ങലേല്ക്കുന്ന വാര്‍ത്തകളാണു സമീപകാലങ്ങളില്‍ കേട്ടുകൊണ്ടിരിക്കുന്നത്. വേള്‍ഡ് വാച്ച്, വിഎസ്സിഐആര്‍എഫ്, ഓപ്പണ്‍ സോഴ്സ് എന്നീ അന്താരാഷ്ട്ര പഠനസംഘങ്ങളുടെ നിരീക്ഷണ പ്രകാരം ഭാരതത്തില്‍ ന്യൂനപക്ഷ മതപീഡനം വര്‍ദ്ധിക്കുകയാണ്. ഈ ദുഃസ്ഥിതിക്കു കാരണം ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായമല്ല, ഭരണം കയ്യാളുന്ന അധികാരവര്‍ഗവും നിയമവ്യവസ്ഥിതിയുടെ തെറ്റായ വ്യാഖ്യാനവുമാണെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ന്യൂനപക്ഷ മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ 15-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. വടക്കന്‍ കൊറിയയാണ് ഒന്നാംസ്ഥാനത്ത്. ലിസ്റ്റില്‍ മുന്‍സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന സിറിയയും ഇറാക്കുമൊക്കെ താഴേയ്ക്കു വന്നപ്പോള്‍ ഇന്ത്യ ന്യൂനപക്ഷപീഡനത്തിന്‍റെ കാര്യത്തില്‍ മുന്നിലേക്കു കുതിക്കുകയാണ്. 2015-ല്‍ നടന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് 2016-ല്‍ ഭാരതത്തില്‍ നടന്ന ന്യൂനപക്ഷ മതപീഡനങ്ങള്‍.
സമീപകാലങ്ങളില്‍ ഭാരതത്തില്‍ നടന്ന ന്യൂനപക്ഷ മതപീഡനങ്ങളുടെയും അതിന്‍റെ ദുരന്തഫലങ്ങളുടെയും കണക്കെടുപ്പ് ഈ വസ്തുതയിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. ഈ പീഡനം കേവലം ക്രിസ്ത്യാനികളുടെ നേര്‍ക്കു മാത്രമല്ല മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെയും പിന്നാക്ക-ഗോത്രവര്‍ഗ-ദളിത് വിഭാഗങ്ങള്‍ക്കെതിരെയും വര്‍ദ്ധിച്ചുവരികയാണ്. 1984-ലെ സിക്കു വിശ്വാസികള്‍ക്കെതിരെയുള്ള കലാപത്തില്‍ കൊല്ലപ്പെട്ടതു മൂവായിരത്തിലധികം സിക്കുമതവിശ്വാസികളാണ്. 2002-ലെ ഗുജറാത്ത് ഹിന്ദു-മുസ്ലീം കലാപത്തില്‍ 2500-ഓളം മുസ്ലീങ്ങളാണു കൊല്ലപ്പെട്ടത്; ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. 2007-2008-ല്‍ ഒറീസയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടതു 100 പേരും തകര്‍ക്കപ്പെട്ടതു നിരവധി വീടുകളും പള്ളികളുമാണ്. പതിനായിരം പേരോളം തങ്ങളുടെ വീടുകളുപേക്ഷിച്ചു പലായനം ചെയ്തു. 2013-ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന ഹിന്ദു-മുസ്ലീം കലാപത്തില്‍ 50,000 പേര്‍ക്കാണു തങ്ങളുടെ മാനവും വിലാസവും നഷ്ടപ്പെട്ടത്.
മതസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉണ്ടായിരിക്കെത്തന്നെ ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം ന്യൂനപക്ഷ മത-സമുദായ പീഡനങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അമേരിക്കയിലെ ഒരു അന്താരാഷ്ട്ര സംഘം യുഎസ്സിഐആര്‍എഫ് ഇതിനെക്കുറിച്ചു പഠിക്കാനാഗ്രഹിച്ച് 2016 മാര്‍ച്ചില്‍ ഭാരതത്തിലേക്കു വരാനിരുന്നതാണ്. എന്നാല്‍ ഭാരതസര്‍ക്കാര്‍ അവര്‍ക്കു വിസ നിഷേധിച്ചു.
മോദി സര്‍ക്കാരിന്‍റെ ഭരണം 300 ദിവസം തികച്ച 2016 മാര്‍ച്ച് 19-നു ഭാരതത്തിലെ ന്യൂനപക്ഷമത വിഭാഗങ്ങള്‍ സംയുക്തമായി ഒരു പ്രതിഷേധം ഡല്‍ഹിയില്‍ സംഘടിപ്പിക്കുകയുണ്ടായി. അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടു പ്രകാരം മോദി സര്‍ക്കാരിന്‍റെ 300 ദിവസത്തെ ഭരണത്തിനിടയില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ 600-ലധികം കലാപങ്ങളാണു ഭാരതത്തില്‍ അരങ്ങേറിയത്. ഒരു കലാപത്തില്‍ 43 പേര്‍ മരിച്ചു. കലാപങ്ങളില്‍ 149 എണ്ണം ക്രൈസ്തവര്‍ക്കെതിരെയും ബാക്കി മുസ്ലീം സമുദായത്തെയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ക്രൈസ്തവര്‍ക്കെതിരെ നടന്ന കലാപങ്ങള്‍ക്കിടയില്‍ അവരെ അഭിസംബോന ചെയ്തു സംസാരിക്കാന്‍ മോദി തയ്യാറായതു പ്രധാനമന്ത്രിയായി ചാര്‍ജെടുത്ത് ഒമ്പതു മാസങ്ങള്‍ക്കുശേഷം മാത്രമാണ്.
ഭാരതത്തില്‍ ഹൈന്ദവര്‍ ഭൂരിപക്ഷമുണ്ടായിരിക്കെതന്നെ ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയില്‍ വകുപ്പുണ്ടാക്കിയ മഹത്തായ പാരമ്പര്യമാണു നമുക്കുള്ളത്. ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങളുടെ മനസ്സില്‍ മത-വര്‍ഗവിദ്വേഷത്തിന്‍റെ വിഷം കുത്തിവച്ചു സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി സമുദായങ്ങളെ ഉപയോഗിക്കുന്ന നേതാക്കളുടെ തനിനിറം നാം തിരിച്ചറിഞ്ഞേ മതിയാകൂ.

Leave a Comment

*
*