Latest News
|^| Home -> Editorial -> ചാപ്ലിന്‍റെ ചിരി

ചാപ്ലിന്‍റെ ചിരി

Sathyadeepam

ദുഃഖസാഗരത്തെ പ്രതിഭാവിലാസത്തില്‍ നീരാവിയും കാര്‍മേഘവുമാക്കി അതിനെ തപ്തമനസ്സുകള്‍ക്കു മുകളില്‍ ശുദ്ധ ഹാസ്യമായി പെയ്യിച്ച ചാര്‍ളി ചാപ്ലിന്‍ ഈ ഭൂമിയെ സന്ദര്‍ശിച്ചതിന് 125 വയസ്സ്. അഡോള്‍ഫ് ഹിറ്റ്ലറിന്‍റെയും ചാര്‍ളി ചാപ്ലിന്‍റെയും ജന്മദിനങ്ങള്‍ തമ്മില്‍ നാലു ദിവസത്തെ വ്യത്യാസമേയുള്ളൂ. ഒരാള്‍ ക്രൂരതയുടെ പര്യായമായിരുന്നെങ്കില്‍ മറ്റെയാള്‍ ശുദ്ധഹാസ്യത്തിന്‍റെ ആള്‍രൂപമായിരുന്നു. രണ്ടു പേരുടെയും ജീവിതങ്ങളില്‍ ദുരന്തങ്ങളുടെ പെരുമഴയുണ്ടായിരുന്നു. ഹിറ്റ്ലര്‍ അതെടുത്തു മറ്റുള്ളവരെ ഇല്ലാതാക്കാനുള്ള ആയുധമുണ്ടാക്കി. ചാപ്ലിനാകട്ടെ, അതുകൊണ്ടു ഹാസ്യത്തിന്‍റെ ലേപനവും. ഈ രണ്ടു പേരും സ്വജീവിതത്തിന്‍റെ ദുരന്തങ്ങളെ നോക്കിക്കണ്ടതു രണ്ടു വീക്ഷണകോണിലൂടെയായിരുന്നു.

ശുദ്ധ ഹാസ്യവും അതിന്‍റെ ആസ്വാദനവും മലയാളിക്കു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിരക്കുകളും അതിമോഹങ്ങളും നമ്മെ പ്ലാസ്റ്റിക് പരുവത്തിലാക്കിയിരിക്കുന്നു. അതിനാല്‍ത്തന്നെ വേണ്ടതിനെ ആസ്വദിക്കാന്‍ മലയാളിക്കാവുന്നില്ല; വേണ്ടാത്ത ഒത്തിരി കാര്യങ്ങള്‍ ആസ്വാദനത്തിന്‍റെ വിഷയവും ആക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ചിരിക്ലബ്ബുകളും കോമഡിഷോകളും വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്. തിരശ്ശീലയിലും ജീവിതത്തിലും അപരന്‍റെ വീഴ്ചയാണു മലയാളിയെ ചിരിപ്പിക്കുന്നതെന്ന മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടുകളില്‍ ഒരാളുടെ നിരീക്ഷണം സത്യമാണ്. മറ്റുള്ളവരുടെ വീഴ്ചയും അബദ്ധങ്ങളും ജീവിതദുരന്തങ്ങളും നമ്മുടെ ചിരിവിഷയങ്ങളാകരുത്, ചിന്താവിഷയങ്ങളാണാകേണ്ടത്.

സ്വന്തം ജീവിതത്തിന്‍റെ കുറവുകളെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണു ചാപ്ലിന്‍റെ പ്രത്യേകത. ദുരന്തങ്ങളുടെ പെരുമഴക്കാലം ജീവിതത്തില്‍ അനുഭവിച്ചവനാണു ചാപ്ലിന്‍. പന്ത്രണ്ടാം വയസ്സില്‍ പിതാവിന്‍റെ നിര്യാണം; മാനസികാരോഗ്യകേന്ദ്രത്തില്‍ അടയ്ക്കപ്പെട്ട അമ്മ, അനാഥശാലകളിലും തൊഴില്‍ശാലകളിലും ബാല്യകൗമാരങ്ങള്‍, നാലു തവണ വിവാഹം; അതില്‍ 11 മക്കള്‍. “The Great Dictator” എന്ന ചിത്രത്തില്‍ ഹിറ്റ്ലറായി വേഷമിട്ടതിനു യു.എസ്. പൗരത്വം നിഷേധിക്കപ്പെട്ടയാള്‍, കമ്യൂണിസ്റ്റ് ചിന്തകളുടെ പേരില്‍ ഹോളിവുഡിന്‍റെ “Walk of Fame”ല്‍ നിന്നു സ്വന്തം പാദമുദ്രകള്‍ തുടച്ചുനീക്കപ്പെട്ടവന്‍… 84-ാം വയസ്സില്‍ അന്തരിച്ച ചാപ്ലിന്‍റെ സ്വകാര്യജീവിതത്തിലെ ദുരിതപര്‍വത്തിന്‍റെ അദ്ധ്യായങ്ങള്‍ നീളുന്നു.

ഈ ദുരന്തഭൂമിയിലൂടെ കടന്നുപോയിത്തന്നെയാണു ചാപ്ലിന്‍ ഹാസ്യത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കിയത്. 82-ഓളം സിനിമകള്‍ എഴുതി, സംവിധാനം ചെയ്ത് അതില്‍ അഭിനയിച്ചു. 500-ല്‍പ്പരം മെലഡികള്‍ ഉണ്ടാക്കി. ടൈം വാരികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യനടനാണു ചാപ്ലിന്‍. തന്‍റെ അവസാനത്തെ മകന്‍ ജനിക്കുമ്പോള്‍ ചാപ്ലിനു വയസ്സ് 72. സിനിമകളില്‍ അദ്ദേഹം എപ്പോഴും ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥിരവേഷമായ തൊപ്പിയും വടിയും ലേലത്തില്‍ പോയത് ഒരു ലക്ഷത്തി അമ്പതിനായിരം ഡോളറിന്. 1978-ല്‍ മോഷ്ടിക്കപ്പെട്ട അദ്ദേഹത്തിന്‍റെ മൃതശരീരത്തിനും ശവപ്പെട്ടിക്കും വരെ തസ്കരസംഘം അധികൃതരോട് ആവശ്യപ്പെട്ടതു നാലു ലക്ഷം ഫ്രാങ്ക്.

അപരന്‍റെ ദുഃഖം അവതരിപ്പിച്ചല്ല, അപരനെ വേദനിപ്പിച്ചുമല്ല ചാപ്ലിന്‍ ഹാസ്യത്തെ ആസ്വാദനത്തിന്‍റെ പുത്തന്‍ പുറങ്ങളിലേക്കെത്തിച്ചത്. സ്വന്തം ജീവിതദുഃഖങ്ങളെ, പ്രതിസന്ധികളെ അതിന്‍റെ പുറത്തുനിന്നു കണ്ടതുകൊണ്ടാണു ഹാസ്യത്തിന്‍റെ ക്ലാസിക് ഭാവങ്ങളിലേക്കു ചാപ്ലിന്‍ സിനിമകള്‍ ഉയര്‍ന്നത്. ഒരു വാക്കുപോലും ഉച്ചരിക്കാതെ എത്ര പ്രചോദാത്മകപ്രസംഗങ്ങളാണ് അദ്ദേഹം തന്‍റെ നിശ്ശബ്ദചിത്രങ്ങളിലുടെ നല്കിയത്! ഹാസ്യത്തിന്‍റെ മേമ്പൊടിയില്‍ അദ്ദേഹം നമുക്കു സമ്മാനിച്ചതു ജീവിതദര്‍ശനങ്ങളുടെ മുത്തുകളാണ്. “ക്യാമറയുടെ ക്ലോസപ് ലെന്‍സിലൂടെ നോക്കുമ്പോള്‍ ജീവിതം ട്രാജഡിയാണ്. എന്നാല്‍ ലോങ്ങ് ഷോട്ടിലോ, അതു കോമഡിതന്നെയാണ്.” ചാപ്ലിന്‍റെ ഈ വാക്കുകള്‍ നമ്മുടെ സ്വകാര്യജീവിതത്തിന്‍റെ ട്രാജഡികളില്‍ നിന്നു ശുദ്ധ കോമഡികള്‍ ഉണ്ടാക്കാന്‍ നമുക്കു കരുത്തേകട്ടെ.

Leave a Comment

*
*