Latest News
|^| Home -> Editorial -> ചൈനയെന്ന മാപിനി

ചൈനയെന്ന മാപിനി

Sathyadeepam

‘യുദ്ധം ആരു ശരിയാണെന്നു നിര്‍ണയിക്കുന്നില്ല. ആര് അവേശേഷിക്കണം എന്നു മാത്രമാണ് അതു തീരുമാനിക്കുന്നത്’ എന്ന ബര്‍ട്രാന്‍ഡ് റസ്സലിന്റെ യുദ്ധാനന്തര ദുരിതയുക്തിയെ അവഗണിച്ചുെകാണ്ടു 45 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും പുതിയ പോര്‍മുഖം തുറന്നു മുഖാമുഖം നില്ക്കുമ്പോള്‍, മഹാമാരിക്കെതിരായുള്ള മഹായുദ്ധത്തിനിടയില്‍ ഇത് അനാവശ്യവും അനുചിതവുമെന്നുതന്നെയാണു നിഷ്പക്ഷപക്ഷം.

3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം പതിവാണെങ്കിലും 1975-നുശേഷം ആദ്യമായാണ് സംഘര്‍ഷം ചോരയില്‍ കുതിരുന്നത്. ഇരുഭാഗത്തും ആള്‍ നാശമുണ്ടായി. തങ്ങളുടേതെന്നു ചൈന അവകാശപ്പെടുന്ന ഇന്ത്യന്‍ പ്രദേശങ്ങളില്‍ നടക്കുന്ന റോഡും പാലവുമുള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനമാണു ചൈനയുടെ പ്രധാന പ്രകോപനകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.

വുഹാനിലും മഹാബലിപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ നയതന്ത്ര ഉച്ചകോടി ധാരണകളുടെ നഗ്നമായ ലംഘനമായാണു പുതിയ സംഘര്‍ഷങ്ങള്‍ പൊതുവില്‍ വിലയിരുത്തപ്പെട്ടത്. ‘ഭിന്നത തര്‍ക്കമായി മാറുന്ന രീതി പാടില്ലെന്നാണ്’ 2018 ഏപ്രിലില്‍ വുഹാന്‍ ഉച്ചകോടിയില്‍ തീരുമാനിച്ചത്. 2014 മുതല്‍ 18 തവണയാണു മോദി-ഷി കൂടിക്കാഴ്ചകള്‍ നടന്നത്. മോദി പ്രധാനമന്ത്രി എന്ന നിലയില്‍ അഞ്ചു തവണ ചൈന സന്ദര്‍ശിച്ചു. എന്നാല്‍ ഗല്‍വാന്‍ ആക്രമണം അത്തരം നയതന്ത്രനീക്കങ്ങളെയെല്ലാം അസാധുവാക്കി.

ലോകവേദികളില്‍ പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധനിലപാടുകള്‍ക്കു ചൈന നല്കുന്ന തുറന്ന പിന്തുണയില്‍ ഇന്ത്യയ്ക്കുള്ള അസ്വസ്ഥതയും, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ പുലര്‍ത്തുന്ന അസാധാരണമായ അടുപ്പത്തില്‍ ചൈനയ്ക്കുള്ള നീരസവും ഒപ്പം കോവിഡാനന്തര ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന സാമ്പത്തികാധികാര സമവാക്യങ്ങളുടെ സങ്കലനങ്ങളും ഈ അപ്രതീക്ഷിത സാഹചര്യത്തെ അനിവാര്യമാക്കുന്നുണ്ടാകും. അതിര്‍ത്തി കടന്നുള്ള ഭീഷണികള്‍ ഇന്ത്യയ്ക്കു പുതമയല്ലെങ്കിലും ചൈനയില്‍ നിന്നും സൈന്യത്തിന്റെ വകയായി അതു നേരിട്ടെത്തിയെന്നതാണിവിടത്തെ അസാധാരണത്വം. പാക്കിസ്ഥാന്റെ ഭീഷണി ഭീകരവാദത്തിലൂടെ തുടരുമ്പോള്‍, അതിര്‍ത്തി മാറ്റിവരച്ച് ഇപ്പോള്‍ നേപ്പാളും ഇന്ത്യയുമായി തുറന്ന പോരിലാണ്.

യഥാര്‍ത്ഥ യുദ്ധം പക്ഷേ, അതിര്‍ത്തിയിലല്ലെന്നതാണു വാസ്തവം. ആഗോളസാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക സാന്നിദ്ധ്യമായി ചൈനയുടെ കുതിപ്പ് തുടരുന്നതിനിടയിലായിരുന്നു വുഹാനില്‍ ഉത്ഭവിച്ച്, ലോകമാകെ നിശ്ചലമാക്കിയ കോവിഡിന്റെ വ്യാപനം. ഇന്ത്യയുടെ അയല്‍രാജ്യം മാത്രമല്ല, വലിയൊരു സാമ്പത്തിക പങ്കാളികൂടിയാണു ചൈന. ഇന്ത്യയിലേക്കു ചൈന കയറ്റി അയയ്ക്കുന്നത് (2019-20 ഫെബ്രുവരി) 6240 കോടി ഡോളര്‍ (4,74,240 ലക്ഷംകോടി) വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യ ചൈനയിലേക്കു കയറ്റി അയയ്ക്കുന്നതാകട്ടെ 1550 കോടി ഡോളര്‍ (1,17,800 ലക്ഷം കോടി രൂപ) വിലയ്ക്കുള്ള സാധനങ്ങളും. ഇന്ത്യയുടെ ഇറക്കുമതിയില്‍ 14 ശതമാനം ചൈനയില്‍നിന്നാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലെ രണ്ടു പ്രധാന ഘടകങ്ങള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും മരുന്നുനിര്‍മാണ ഘടകങ്ങളുമാണ്. 2017-18-ല്‍ ഇലക്ട്രിക്, ഇലക്‌ട്രോണിക് രംഗത്ത് ഇന്ത്യന്‍ ആവശ്യത്തിന്റെ 60 ശതമാനവും മരുന്നുനിര്‍മാണമേഖലയുടെ 69 ശതമാനവും ചൈനയാണു നിറവേറ്റിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഔഷധങ്ങളുടെ രാസസംയുക്തങ്ങള്‍ വരുന്നതു ചൈനയില്‍ നിന്നായതിനാല്‍ ഇറക്കുമതി നിര്‍ത്തിയാല്‍ ഇവിടെ ഔഷധവില ഉയരും. വിലക്ക് അല്പായുസ്സാകും; ലോകവ്യാപാരക്കരാറും ആസിയാന്‍ ഉടമ്പടിയും ചൈനയെ തുണയ്ക്കും.

ആഭ്യന്തര ഉത്പാദനം ഉയര്‍ത്തുകയും കയറ്റുമതി മേഖലകള്‍ വര്‍ദ്ധിപ്പിക്കുകയും മാത്രമാണു ക്രിയാത്മകമായ പ്രതിരോധതന്ത്രം. യുദ്ധശേഷി വിചാരണയേക്കാള്‍ അഭികാമ്യവുമതാണ്. ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യും ‘ആത്മനിര്‍ഭര’നുമൊക്കെ വെറും മുദ്രാവാക്യങ്ങളല്ലെന്നു ബോദ്ധ്യപ്പെടുത്തേണ്ട സമയമാണിത്. എന്നാല്‍ കോവിഡ് കാലത്തുപോലും നിരന്തരമുയരുന്ന പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി കാണുന്നവരുണ്ട്. പൗരത്വനിര്‍ണയത്തില്‍ മതം അടിസ്ഥാന ഘടകമാക്കിയ മണ്ണില്‍ അതിരുകള്‍ അകത്താണ്, പുറത്തല്ലെന്ന വസ്തുതയും മറന്നുകൂടാ. ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികള്‍ അന്യരെപ്പോലെ അവഗണിക്കപ്പെട്ടതും ഈ മണ്ണില്‍ത്തന്നെ. സമാധാനപക്ഷ ഭാരതത്തിന്റെ നയതന്ത്രനീക്കങ്ങളില്‍ നെഞ്ചളവിന്റെ വീതിയല്ല, നെഞ്ചുറപ്പുള്ള നിലപാടുകള്‍ നിര്‍ണായകമാകുന്ന നിമിഷങ്ങളാണിനി. ചൈന ഒരു മാപിനി മാത്രമാണ്.

Leave a Comment

*
*