ഒരു എണ്‍പത്തിനാലുകാരന്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ ചലഞ്ച്

ഒരു എണ്‍പത്തിനാലുകാരന്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ ചലഞ്ച്

ഫാ. നിബിന്‍ കുരിശിങ്കല്‍

സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലെ ന്യൂജനായ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ വിഹാരം നടത്തുന്നതില്‍ 85 ശതമാനവും ചെറുപ്പക്കാരാണ്. ലോക വ്യാപകമായ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ പ്രായം തിരിച്ചുള്ള കണക്കനുസരിച്ചു 13 വയസ്സ് മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ 85 ശതമാനത്തില്‍പ്പെടുന്നവര്‍. ആ 85 ശതമാനം ചെറുപ്പക്കാരില്‍ ഒരു 84 വയസ്സുകാരന്‍, ഹൈലി ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ സെലിബ്രിറ്റി എന്ന സ്റ്റാറ്റസില്‍ ഉണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവനും ലോകാരാധ്യനുമായ ആത്മീയനേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആ ചെറുപ്പക്കാരന്‍.

280 പദങ്ങളെ മാത്രം ഉള്‍ക്കൊള്ളാന്‍ അനുവാദം തരുന്ന ട്വിറ്ററിന്റെ പേജില്‍ മാര്‍പാപ്പ കുറിച്ചിടുന്ന അനുദിന ഇടപെടലുകള്‍ക്ക് റീട്വീറ്റും റിപ്ലൈയും കിട്ടുന്നത് ആയിരക്കണക്കിനാണ്. നാല് കോടിയിലധികം ജനങ്ങള്‍ ഫോളോ ചെയ്തിരുന്ന ട്വിറ്റെര്‍ അക്കൗണ്ട് ഹോള്‍ഡറായ ഡൊണാള്‍ഡ് ട്രംപിന്റെ അതേ റേഞ്ചിലാണ് ഫ്രാന്‍സിസ് പിതാവിന്റെയും ട്വിറ്റെര്‍ ഫോളോവേഴ്‌സ്. ലോക യുവതയുടെ സിംഹഭാഗത്തിന്റെയും വിഹാര കേന്ദ്രമായ ഇന്‍സ്റ്റാഗ്രാമില്‍ ഒമ്പത് ഭാഷകളിലായി എണ്‍പതുലക്ഷത്തോളവും, മാധ്യമലോകത്ത് നിരന്തരം ചര്‍ച്ചാ വിഷയമാകുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയുന്ന ട്വിറ്ററില്‍ നാല് കോടിയിലധികം ജനങ്ങളെ ഉപഭോക്താക്കളായി നേടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന എണ്‍പത്തിനാലുകാരന്റെ ഡിജിറ്റല്‍ റേഞ്ച്, മറ്റു മെത്രാന്മാര്‍ക്ക് ഒരു ഡിജിറ്റല്‍ ചലഞ്ച് ആണ്.

വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ട് കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയത്തിലേക്ക് സോഷ്യല്‍ മീഡിയ വഴി കടന്നു ചെന്ന പോപ്പ് ഫ്രാന്‍സിസ് ഒരു വലിയ വെല്ലുവിളിയാകുന്നത് ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ ഇതുവരെ അക്കൗണ്ട് തുറക്കാത്ത ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ആത്മീയ നേതൃത്വത്തിനാണ്.

കത്തോലിക്കാ സഭയുടെ അമരക്കാരനായി നേതൃത്വമെടുത്ത അന്ന് മുതല്‍ ആ മനുഷ്യന്‍ മറ്റു മനുഷ്യരുടെ മുന്നില്‍ ശിരസ്സു താഴ്ത്തിയെ നിന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ ആ മനുഷ്യനായി മനുഷ്യരിടം നല്‍കിയത് അവരവരുടെ ഹൃദയങ്ങളിലാണ്.

കുറച്ചധികം വര്‍ഷങ്ങളായിട്ട് മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ കണ്ണുകള്‍ വത്തിക്കാനില്‍ പരതിയിരുന്നത് ഇരുട്ടുകൊണ്ട് ഭദ്രമാക്കി വച്ചിരുന്ന രഹസ്യാത്മകതയുടെ ഇരുട്ട റകളിലെ കാല്‌പെരുമാറ്റങ്ങളിലേക്കായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ചില മേലദ്ധ്യക്ഷന്മാരുടെ കണക്കു പുസ്തകത്തില്‍ നിന്നും കണക്കില്ലാതെയൊഴുകിയ കോടി ക്കണക്കിനു കാശിനു മീതെ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ കണ്ടെടുപ്പുകളുടെ മേലെ വാര്‍ത്തക്കുറിപ്പുകളെഴുതുകയും, വിശ്വാസികളും അവിശ്വാസികളും അത് വായിച്ച് അന്തം വിടുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ദൗത്യം ഏറ്റെടുക്കുന്നതിനു മുന്‍പ് വരെ മാധ്യമ പ്രവര്‍ത്തകരുടെ തൂലിക നിരന്തരം തീ തുപ്പിയത് മുഴുവന്‍ കത്തോലിക്കാ സഭയ്ക്ക് എതിരേയായിരുന്നു. ആഗോള മാധ്യമ ഭീമന്മാരുടെ ധൈഷണീക ചര്‍ച്ചകള്‍ക്കെല്ലാം വിഷയമായി ഭവിച്ചിരുന്നത് സഭയ്‌ക്കെതിരെയുയര്‍ന്ന അധാര്‍മിക ആരോപണങ്ങളും, റിയല്‍ എസ്റ്റേറ്റ് കച്ചവട കുതന്ത്ര കഥകളും, നിഷ്‌കളങ്കതയുടെ മേല്‍ പോറലേല്പിച്ച പീഡോഫീലിക് പ്രീസ്റ്റുകളുടെ കളങ്കത്തിന്റെ കറുത്ത തിരക്കഥകളുമായിരുന്നു. പക്ഷെ ഇന്ന്, അതേ ആഗോള മാധ്യമങ്ങള്‍ വത്തിക്കാന് വേണ്ടി വാര്‍ത്തകള്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു. നാഷണല്‍ കാത്തോലിക് റിപ്പോര്‍ട്ടര്‍ ജോണ്‍ അല്ലന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'കത്തോലിക്കാ സഭയെക്കുറിച്ച് ഇന്നുള്ള ഏറ്റവും ശക്തമായ വിവരണം എന്നത്, റോക്ക് സ്റ്റാര്‍ പോപ്പ് ഫ്രാന്‍സിസ് ലോകത്തിലെ ഒരു ചെറു കൊടുങ്കാറ്റായി മാറുന്നു എന്നതാണ്.'

പെസഹാ ദിനത്തിലെ പാദക്ഷാളനത്തില്‍ ഒരു മുസ്‌ലീം സ്ത്രീയുടെ കാലു കഴുകിയപ്പോഴും മുഖം വികൃതമായ ഒരു പാവം മനുഷ്യന്റെ മുഖം ചേര്‍ത്ത് മുത്തം കൊടുത്തപ്പോഴും പേപ്പല്‍ കൊട്ടാരത്തിന്റെ സമൃദ്ധികള്‍ ഓരോന്നായി സ്‌നേഹപൂര്‍വ്വം നിഷേധിച്ചപ്പോഴും മനുഷ്യര്‍ ഈ മനുഷ്യനെ നോക്കി ആശ്ചര്യപ്പെട്ടു… മാധ്യമങ്ങള്‍ ഈ മനുഷ്യന്റെ നെഞ്ചിനകത്തൂടെ വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും സുതാര്യവദനം കാണാന്‍ തുടങ്ങി.

അധികാരത്തിന്റെ മോതിര മുദ്ര മുത്താന്‍ കൊടുക്കുന്നതിനേക്കാള്‍ ആ മനുഷ്യനിഷ്ടപ്പെട്ടത് മനുഷ്യരുടെ മുറിവിലും, കരയുന്നവരുടെ മിഴിയിലും കുഞ്ഞുങ്ങളുടെ മൂര്‍ദ്ധാവിലും ചുംബിക്കാനായിരുന്നു. ഓരോ ചുംബനത്തിലും മനുഷ്യരുടെ ഹൃദയത്തിലെ മുറിവുകള്‍ സുഖപ്പെടുകയായിരുന്നു. മാര്‍പാപ്പ ആയതിനു ശേഷം വെറും ഒമ്പതു മാസം കൊണ്ട് പേപ്പല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തിയ ഫ്രാന്‍സിസ് പിതാവിനെ ബിബിസി വാഴ്ത്തിയത് 'ദി ജെന്റില്‍ റിവൊല്യൂഷന്‍ – the gentle revolution' എന്നാണ്.

റോമാ നഗരത്തിന്റെ മെത്രാസന മന്ദിരത്തിലെ അരമന മുറ്റത്ത് നിന്നും ആളുകളുടെ ഇടയിലേക്കും അവരുടെ ദുരന്ത പര്‍വ്വങ്ങളിലേക്കും നടന്നു ചെല്ലുന്ന ഈ വയോധികനെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴി മനുഷ്യര്‍ സ്വീകരിച്ചിരുത്തുന്നത് അവരവരുടെ ഹൃദയത്തിലേക്കാണ്.

ഗ്രെറ്റ തുമ്പര്‍ക് എന്ന 18 വയസ്സുകാരിക്കൊപ്പം പ്രകൃതിയെക്കുറിച്ച് ആകുലപ്പെടുകയും മനുഷ്യരോട് അതിനു കാവലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന, കുഞ്ഞുങ്ങളുടെ ശരീരത്തെ വില്പന ചരക്കാക്കുന്ന ഓണ്‍ലൈന്‍ പോണ്‍ മാഫിയയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കൈലാസ് സത്യാര്‍ത്ഥി എന്ന ഇന്ത്യന്‍ നോബല്‍ പ്രൈസ് ജേതാവിനൊപ്പം ലോകത്തിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന, നിരന്തരം യുദ്ധമുഖത്തെത്തി യുദ്ധം അരുതെന്നു യാചിക്കുന്ന, കാര്‍ലോ ആക്കൂട്ടസിന്റെ ജീവിതം എടുത്തുയര്‍ത്തിക്കൊണ്ടു 'യുവജനങ്ങള്‍ക്കൊപ്പം നടക്കാന്‍ നാം പഠിക്കണം' എന്നുറക്കെ പറയുന്ന ഈ പ്രവാചകനെ യുവത നെഞ്ചിലേറ്റാതിരിക്കുന്നതെങ്ങനെയാണ്? ആത്മീയരെന്നു അവകാശപ്പെടുന്നവര്‍ പോലും തീരെ അവഗണിച്ചു കളയുകയും അകറ്റി നിര്‍ത്തുകയും ചെയ്ത 'LGBTQ മനുഷ്യര്‍ക്ക്' സഭയിലും സമൂഹത്തിലും ഹൃദയത്തിലും ഇടം നല്‍കണമെന്ന് നിരന്തരം ശഠിക്കുന്ന ഈ മനുഷ്യനെ മനുഷ്യര്‍ തൊട്ടു മുത്താതിരിക്കുന്നതെങ്ങനെ? ആത്മാവ് നഷ്ടമായ മതത്തോടും മനുഷ്യത്വം നഷ്ടമായ ആത്മീയതയോടും മൈലുകളോളം അകലം സൂക്ഷിക്കുന്ന യുവജനങ്ങള്‍ എന്തുകൊണ്ട് പോപ്പ് ഫ്രാന്‍സിസിനോടും അദ്ദേഹത്തിന്റെ ആത്മീയതയോടും അടുത്തിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന് ഒരൊറ്റ കാരണമേ കാണു… ആ പ്രായംചെന്ന മനുഷ്യനില്‍ അവര്‍ ആ പഴയ ക്രിസ്തു എന്ന മനുഷ്യനെ കാണുന്നുണ്ട്. കാറ്റുപോലെ ലളിതമായി വേച്ചു വേച്ചു നടന്നു നീങ്ങുന്ന ആ മനുഷ്യനെ കാണുവാന്‍ മനുഷ്യര്‍ കരങ്ങള്‍ നീട്ടി നില്‍ക്കുന്നു… ആ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്ന് തൊട്ടാല്‍ മതി ഞാന്‍ സുഖം പ്രാപിക്കും എന്ന് ആരൊക്കെയോ മെല്ലെ മന്ത്രിക്കുന്നു.

കത്തോലിക്കാ സഭ തനിക്ക് നേരെ നീട്ടിയ നേതൃത്വം പൂര്‍ണ്ണമായും ആത്മീയ നേതൃത്വമാണെന്ന ഉത്തമ ബോദ്ധ്യമാണ് പോപ്പ് ഫ്രാന്‍സിസിനുള്ളത്. അതുകൊണ്ട് തന്നെയാണ് ആളും ആരവവും കൂടുന്ന ഇടങ്ങളുപേക്ഷിച്ചു ആ മനുഷ്യന്‍ ആരുംപോരുമില്ലാത്തവരെ തേടി നടക്കുന്നത്. എണ്‍പതാം വയസ്സിലെ ജന്മദിനത്തിന് മധുരം മുറിച്ചു സ്‌നേഹം പങ്കിടാന്‍ പോപ്പ് ഫ്രാന്‍സിസ് ക്ഷണിച്ചത് റോമിന്റെ തെരുവുകളില്‍ മയങ്ങുന്ന, കൂരയില്ലാത്ത കുറച്ചു കൂട്ടരെയാണ്. മാര്‍പാപ്പയോടൊന്നിച്ചു അവര്‍ അന്ന് രുചിച്ച ഭക്ഷണത്തിനും വി കുര്‍ബാനയ്ക്കും ഒരേ രുചിയും കൃപയുമാണ്. ചാക്ക് വസ്ത്രം ധരിച്ചു അന്നത്തെ മാര്‍പാപ്പയെ കാണാനെത്തി, വത്തിക്കാനില്‍ നിന്നും പുറത്താക്കപ്പെട്ട 'തെണ്ടികൂട്ട'ങ്ങളുടെ നേതാവായ അസ്സീസിയിലെ ഫ്രാന്‍സീസിന്റെ അതേ പേരില്‍ സ്‌നാനപെട്ട ജോര്‍ജ് ബെര്‍ ഗോളിയോ എന്ന മാര്‍പാപ്പയാണ് ഇന്ന്, അലഞ്ഞു തിരിയുന്ന ദരിദ്ര മനുഷ്യര്‍ക്കായി അതേ വത്തിക്കാനില്‍ സമാനമനുഷ്യര്‍ക്കായി വിരുന്നൊരുക്കുന്നത്. ചരിത്രത്തിന്റെ താളുകളില്‍ വീണ കറുത്ത കളങ്കത്തിനു മീതെ ഒരു മനുഷ്യന്റെ നൈര്‍മല്യത്തിന്റെ ധവള വിപ്ലവം! വിശ്വ വിഖ്യാത മ്യൂസിയങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ വിസ്മയ ദൃശ്യങ്ങളിലേക്കു പാവപ്പെട്ട മനുഷ്യര്‍ക്ക് ടിക്കറ്റില്ലാതെ കാഴ്ച തരപ്പെടുത്തുന്നത് ഈ മനുഷ്യനാണ് എന്നൊക്കെ അറിയുമ്പോഴാണ് ഈ മനുഷ്യന്‍ ഒരു ചെറു കൊടുങ്കാറ്റാണെന്നു നമ്മളും തിരിച്ചറിയുന്നത്.

ഡിജിറ്റല്‍ മീഡിയ ലോകത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തനിയെ നടന്നു ചെന്നതല്ല. വത്തിക്കാന്റെ അകത്തും പുറത്തും എന്തൊക്കെയാണ് നിരന്തരമായി അരങ്ങേറുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരണവും വിശദീകരണവും ലഭിക്കാനും അതിനു അനുയോജ്യമായ വ്യാഖ്യാനങ്ങള്‍ രൂപീകരിക്കാനും ഇടപെടലുകള്‍ നടത്തുവാനും തന്നെ പ്രാപ്തനാക്കാന്‍ കെല്പുള്ള, വിശ്വാസവും വിജ്ഞാനവും, കമ്മ്യൂണിക്കേഷനില്‍ ആര്‍ജവവും, ഡിജിറ്റല്‍ ലോകത്തെ നിരന്തരം മോണിറ്റര്‍ ചെയ്യാന്‍ തക്ക ധൈഷണീകതയുമുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ബോഡി മാര്‍പാപ്പയ്ക്കുണ്ട്. മാസ്മരിക വേഗത്തില്‍ സൈബര്‍ ലോകത്ത് ഉടലെടുക്കുന്ന നവ നന്മതിന്മകള്‍ക്ക് മേല്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡിജിറ്റല്‍ ഗുരു. വലിയ ഈ ലോകത്തില്‍ ഇരുള് വിതയ്ക്കുന്ന ഡാര്‍ക്ക് വെബിന്റെ തമോഗര്‍ത്തത്തില്‍ താന്‍ തനിച്ചൊരു വിളക്ക് പിടിച്ചാല്‍ അത് തികയാതെ വരും എന്ന ഉത്തമ ബോധ്യത്തില്‍ നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്ക് ചുറ്റും പ്രകാശം പരത്തുന്ന മനുഷ്യരെ നിര്‍ത്തിയിരിക്കുന്നത്.

ആദത്തിന്റെ തുടര്‍ച്ചയായ മനുഷ്യകുലത്തിന് മീതെ മതത്തെ കൊണ്ടു നടക്കുന്ന ഒരു ആത്മീയനും പോപ്പ് ഫ്രാന്‍സീസിന്റെ ഹൃദയ വ്യാപ്തിയോ, ദൃഷ്ടിയുടെ ദൂരമോ വാത്സല്യതീവ്രതയോ ഉണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ അവര്‍ ആര്‍ക്കുവേണ്ടി ആത്മീയത സംസാരിക്കുന്നുവോ അവരുടെ മനസ്സിലും മണ്ണിലുമായി മരിച്ചുവീഴും. ലോകത്തെ മുഴുവന്‍ മനുഷ്യരെ കുറിച്ച് ആകുലനാകുകയും അവര്‍ക്കായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന മനുഷ്യനായതു കൊണ്ടാണ് ലോകത്തിന് പോപ്പ് ഫ്രാന്‍സിസ് പരിചിതനും പ്രിയങ്കരനുമാകുന്നത്.

ചുരുക്കത്തില്‍, സൈബര്‍ പ്ലാറ്റുഫോമുകള്‍ വഴി കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ആത്മീയ നേതാക്കന്മാര്‍ക്ക് ചുറ്റും ഡിജിറ്റല്‍ കോംപീറ്റന്‍സിയും ലൈഫ് ഇന്റെഗ്രിറ്റിയുമുള്ള മനുഷ്യര്‍ ഉണ്ടാകണം എന്നര്‍ത്ഥം. കേരളത്തിന്റെ വൈവിധ്യങ്ങളായ ആത്മീയ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമ മേശകളില്‍ നിവര്‍ന്നിരുന്നു വിഡ്ഢിത്തവും, വിശ്വാസവിരുദ്ധ പ്രസ്താവനകളും വിളമ്പുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ഫ്രാന്‍സിസ് കമ്മ്യൂണിക്കേഷന്‍ ശൈലിയില്‍ നിന്നും ഏറെ അകലെയാണെന്ന് കാണുമ്പോഴാണ് കേരള സഭയുടെ കമ്മ്യൂണിക്കേഷന്‍ ശൈലിയുടെ ദുരന്താവസ്ഥ മനസ്സിലാകുന്നത്. ഔദ്യോഗികമായി സഭ നിശ്ചയിച്ചിട്ടുള്ള വക്താക്കള്‍ക്ക് പകരം, സാമുദായിക സ്പര്‍ദ്ധയുടെ വൈറസ് വായില്‍ സൂക്ഷിക്കുന്ന, വിമര്‍ശനം ഉന്നയിക്കുന്നവരുടെ വീട്ടിലുള്ളവരെ വരെ തെറിയഭിഷേകം നടത്തുന്ന ചിലരെ മാത്രം മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു വരുത്തുമ്പോള്‍ അതവരുടെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആണെന്ന് മനസ്സിലാക്കാനുള്ള മാധ്യമാവബോധമെങ്കിലും ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായിരിക്കുകയും അത്തരത്തിലുള്ള സ്വയാര്‍ജിത സഭാവക്താക്കളെ തള്ളി പറയുകയും തിരുത്തുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തിലുള്ള സന്ദേശം വിനിമയം ചെയ്യാന്‍ സാധിക്കുകയുള്ളൂ. 'എന്ത് പറയുന്നു' എന്നതിന്റെ ആയുസ്സും ആര്‍ജ്ജവ്വവും 'അതാര് പറഞ്ഞു' എന്നതിലാണ്.

പോപ്പ് ഫ്രാന്‍സീസിന്റെ ഡിജിറ്റല്‍ സ്വാധീനത്തിന്റെ കഥയില്‍നിന്നും കേരളത്തിലെ ആത്മീയ നേതൃത്വത്തിന്റെ സൈബര്‍ ലോകത്തിലേക്ക് നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ട് കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയത്തിലേക്ക് സോഷ്യല്‍ മീഡിയ വഴി കടന്നുചെന്ന പോപ്പ് ഫ്രാന്‍സിസ് ഒരു വലിയ വെല്ലുവിളിയാകുന്നത് ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ ഇതുവരെ അക്കൗണ്ട് തുറക്കാത്ത ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ ആത്മീയ നേതൃത്വത്തിനാണ്. 84 വയസ്സുകാരന്‍ പോപ്പ് ഫ്രാന്‍സീസിനു 'എണ്‍പതുലക്ഷം ഫോളോവേഴ്‌സ്' എന്ന ഡിജിറ്റല്‍ ഡ്രീം നമ്പര്‍ നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് കേരളത്തിലെ ആത്മീയനേതൃത്വത്തിന്റെ ഡിജിറ്റല്‍ പരാധീനതയിലേക്കാണ്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ട് തുറന്നിട്ടുള്ളവരുടെ എണ്ണം കൈവെള്ളയിലെ വിരലുകളില്‍ തീരുകയും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം നൂറിലും നൂറ്റിപ്പത്തിലുമൊക്കെയായി നിശബ്ദത തിന്നിരിക്കുകയും ചെയ്യുന്നു. പോപ്പ് ഫ്രാന്‍സിസ് മീഡിയ ഫ്രണ്ട്‌ലി ആയതും ആകുന്നതും വിദ്വേഷവിഷം പോസ്റ്റ് ചെയ്തിട്ടല്ല. അദ്ദേഹത്തിന്റെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനില്‍ അപരവിദ്വേഷപദങ്ങള്‍ അന്യമാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ അരികില്‍ പുരണ്ടിരിക്കുന്നത് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മഷിയടയാളമാണ്. വൃദ്ധനായ ഈ മനുഷ്യന്റെ ഇടപെടലുകളിലുള്ള പക്വതയും പരസ്പരാദരവും പൗരോഹിത്യത്തിലേക്ക് പ്രവേശനം നടത്തിയ യുവ വൈദികരുടെ പ്രതികരണങ്ങള്‍ക്കും പദാവലികള്‍ക്കും ഇല്ലാതെ വരുമ്പോള്‍ ദുഃഖം തോന്നുന്നു. രണ്ടു കാര്യങ്ങള്‍ അതിപ്രധാനമെന്നു കരുതുന്നു. പറയുന്ന വ്യക്തിയുടെ സത്യസന്ധതയും അദ്ദേഹം കൈകാര്യം ചെയുന്ന കണ്ടെന്റിന്റെ ക്വാളിറ്റിയും. പോപ്പ് ഫ്രാന്‍സിസ് സംസാരിക്കുന്നത് കത്തോലിക്കരോടാണെങ്കിലും അത് കേള്‍ക്കുന്നത് ലോകത്തിലെ മുഴുവന്‍ മനുഷ്യരുമാണ്, കാരണം അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയം അവരെ കൂടി ബാധിക്കുന്നതാണ്.

ആദത്തിന്റെ തുടര്‍ച്ചയായ മനുഷ്യകുലത്തിന് മീതെ മതത്തെ കൊണ്ട് നടക്കുന്ന ഒരു ആത്മീയനും പോപ്പ് ഫ്രാന്‍സീസിന്റെ ഹൃദയ വ്യാപ്തിയോ, ദൃഷ്ടിയുടെ ദൂരമോ വാത്സല്യതീവ്രതയോ ഉണ്ടാകാനിടയില്ല. അതു കൊണ്ട് തന്നെ അവര്‍ ആര്‍ക്കുവേണ്ടി ആത്മീയത സംസാരിക്കുന്നുവോ അവരുടെ മനസ്സിലും മണ്ണിലുമായി മരിച്ചുവീഴും. ലോകത്തെ മുഴുവന്‍ മനുഷ്യരെ കുറിച്ച് ആകുലനാകുകയും അവര്‍ക്കായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന മനുഷ്യനായതു കൊണ്ടാണ് ലോകത്തിന് പോപ്പ് ഫ്രാന്‍സിസ് പരിചിതനും പ്രിയങ്കരനുമാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org