സ്ത്രീകളെ സംവരണത്തിൽ ഒതുക്കരുത്

സ്ത്രീകളെ സംവരണത്തിൽ ഒതുക്കരുത്

നിയമസഭകളിലും പാര്‍ലമെന്‍റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമേര്‍പ്പെടുത്താനുള്ള ബില്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കാനുള്ള ഒരുക്കങ്ങള്‍ വീണ്ടും നടക്കുകയാണ്. പഞ്ചായത്തീരാജ് സംവിധാനത്തിനു ഗാന്ധിജിയുടെ ദര്‍ശനത്തോളം പഴക്കമുണ്ടെങ്കിലും 1993-ലാണു ഭരണഘടനാ ഭേദഗതിയോടെ പഞ്ചായത്തുകളിലെ ഔദ്യോഗികസ്ഥാനങ്ങളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടത്. ഗ്രാമങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ഇടങ്ങളിലേക്കു കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന ആശയം 80-കളിലാണു ശക്തമായത്. 73, 74 ഭരണഘടനാഭേദഗതികളാണു പഞ്ചായത്തുകളിലെ മൂന്നിലൊന്നു സീറ്റുകളും അദ്ധ്യക്ഷസ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നു വ്യവസ്ഥ ചെയ്തത്.

സ്ത്രീകളുടെ സാമൂഹികപദവി ഉയര്‍ത്തുന്നതിനു സംവരണനിയമം സഹായിക്കും. ദാരിദ്ര്യം, സ്ത്രീധനം, പീഡനം തുടങ്ങിയ സാമൂഹികപ്രശ്നങ്ങളുടെ ഇരകളില്‍ കൂടുതലും സ്ത്രീകളാണ്. സ്ത്രീകളുടെ സാമൂഹിക ഉന്നതി തകര്‍ ക്കുന്ന എല്ലാത്തരം നടപടികള്‍ക്കെതിരെയും രാഷ്ട്രീയമായി സംഘടിക്കുന്നതിനു സംവരണം സഹായിക്കും. സ്ത്രീകളുടെ രാഷ്ട്രീയ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുക വഴി ഭാരതത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ വനിതാ സംവരണത്തിനു സാദ്ധ്യമാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രാഷ്ട്രീയമായി സ്ത്രീ കളില്‍ അധികം പേര്‍ക്കും വലിയ അറിവും പരിചയവുമില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. ഈ അറിവില്ലായ്മയും പിടിപ്പുകേടും സ്വാര്‍ത്ഥതാത്പര്യങ്ങളോടെ രാഷ്ട്രീയ അധികാരത്തിലിരിക്കുന്ന നേതാക്കള്‍ ചൂഷണം ചെയ്യാനും അവരെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിന്‍റെ 'ചട്ടുകങ്ങള്‍' ആക്കാനുള്ള സാദ്ധ്യതയുണ്ട്.

പഞ്ചായത്തുകളില്‍ ഈ സംവരണം വന്നതു മുതല്‍ ഓരോ അഞ്ചു വര്‍ഷത്തിലും പത്തു ലക്ഷത്തോളം സ്ത്രീകള്‍ ഭാരതത്തിലെ പഞ്ചായത്തുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതു രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിദ്ധ്യത്തിന്‍റെ കണക്കില്‍ ലോക റെക്കോര്‍ഡാണ്. രാഷ്ട്രീയ അധികാരങ്ങളിലെ ഈ വര്‍ദ്ധിത സ്ത്രീസാന്നിദ്ധ്യം എന്തു ഗുണപരമായ സാമൂഹിക മാറ്റമാണു ഭാരതത്തിന്‍റെ സ്ത്രീജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നത് ചര്‍ച്ചയ്ക്കു വിഷയമാകേണ്ടതാണ്.

ഈ നാളുകളില്‍ രാജ്യം സാമ്പത്തികമായും സാമൂഹികമായും ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. നോട്ട് അസാധുവാക്കലിനുശേഷം സമ്പദ്വ്യവ സ്ഥയിലുണ്ടായ മാന്ദ്യം, അതു ജനങ്ങളിലുണ്ടാക്കിയ ആശങ്കകള്‍ ഇവയൊന്നും അടങ്ങിയിട്ടില്ല. അതിനുമുമ്പേയാണു വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഭാരതം പോലൊരു വിശാല ദേശത്തു ജിഎസ്ടി നടപ്പിലാക്കിയത്. മലേഷ്യപോലൊരു ചെറുരാജ്യംപോലും ജിഎസ്ടി നടപ്പിലാക്കാന്‍ ആ രാജ്യത്തിലെ പൗരന്മാരെ 18 മാസം കൊണ്ടാണ് ഒരുക്കിയത്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും ജനങ്ങളില്‍ ഗവണ്‍മെന്‍റിനെതിരെ ഉണ്ടാക്കിയ എതിര്‍പ്പിന്‍റെ ശ്രദ്ധ തിരിക്കാനും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു ജനത്തെ മയക്കാനുമുള്ള ഒരു രാഷ്ട്രീയ ആയുധമായി വനിതാ സംവരണബില്‍ മാറിക്കൂടാ.

സ്ത്രീകള്‍ക്കുള്ള സംവരണത്തേക്കാളുപരി പൊതുസമൂഹം അവര്‍ക്കുവേണ്ടി ഒരുക്കുന്ന സാമൂഹ്യസുരക്ഷാ ഇടങ്ങളാണു സ്ത്രീകള്‍ക്കു പ്രചോദനം നല്കുക. പുരുഷന്മാര്‍ ജീവിതത്തില്‍ വളര്‍ന്നതും ശക്തി പ്രാപിച്ചതും അവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാ ഹചര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. അതുപോലെ സ്ത്രീകളിലെ സഹജവാസനകളും നന്മകളും വളര്‍ത്തിയെടുക്കാന്‍ പൊതുസമൂഹം ബോധപൂര്‍വം പരിശ്രമിക്കണം. സംവരണം അതിലേക്കുള്ള ആദ്യപടി മാത്രം.

സംവരണത്തിന്‍റെ താങ്ങില്ലാതെ നേതൃനിരയിലേക്കും പ്രശസ്തിയിലേക്കും നൂറ്റാണ്ടുകള്‍ക്കുമുമ്പേ വന്ന അനേകം സ്ത്രീകളുടെ നാടാണിത്. അതിനവര്‍ക്കു സാധിച്ചത് അവരുടെ മനസ്സറിയുന്ന, പ്രോത്സാഹിപ്പിക്കുന്ന, സഹഗമിക്കുന്ന ചെറുതെങ്കിലും ശക്തമായ ഒരു ആശ്രയവലയം അവര്‍ക്കു ചുറ്റുമുണ്ടായതുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യ വനിതാശാസ്ത്രജ്ഞ അസിമ ചാറ്റര്‍ജിയും (1917) ആദ്യ വനിത സസ്യശാസ്ത്രജ്ഞ ജാനകിയമ്മാളും (1897) ആദ്യവനിതാ ഡോക്ടര്‍ മായ റുക്മ ഭായിയും (1891) ഇതിന് ഉദാഹരണങ്ങളാണ്. സംവരണ ബില്ലുകളല്ല നമുക്ക് അത്യാവശ്യം; സുരക്ഷിതത്വം നല്കുന്ന കൈകളും താങ്ങാകുന്ന ചുമലുകളും മുമ്പേ സഞ്ചരിക്കുന്ന കണ്ണുകളും അടങ്ങുന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ്.

സ്ത്രീശാക്തീകരണത്തിനും സാധുജനസേവനത്തിനുമായി സ്വജീവിതം ചെലവഴിച്ച "പാവങ്ങളുടെ പിതാവ്" ആര്‍ച്ച്ബിഷപ് ജോസഫ് കുണ്ടുകുളത്തിന്‍റെ സുകൃതജന്മത്തിന് 100 വയസ്സ്. ആ ദീപ്തസ്മരണയ്ക്കു മുന്നില്‍ കൂപ്പു കരങ്ങളോടെ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org