അകത്തിരിക്കുന്നതിന്‍റെ ആത്മീയത

അകത്തിരിക്കുന്നതിന്‍റെ ആത്മീയത

അസാധാരണം, അസംഭവ്യം, അവിശ്വസനീയം എന്ന വാക്കുകള്‍ കൊണ്ടുപോലും നിര്‍വ്വചിക്കാനാവാത്ത വിധം കൈവിട്ട് പോകുന്ന ഒരു കാലത്തെക്കുറിച്ച് നിസ്സഹായതയോടെ മാത്രം ഓര്‍മ്മിക്കുകയാണ് നാം. 'ആരും പരിഭ്രമിക്കരുത് ജാഗ്രത മാത്രം മതി'യെന്ന വാക്കുകള്‍ ഇപ്പോള്‍ മതിയാകാതെ വന്നിരിക്കുന്നു.

കൊറോണാപ്പേടിയില്‍ ലോകരാജ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിരിക്കുന്നു. രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിനു മുകളില്‍! മരിച്ചവര്‍ 21,000-ത്തിനുമേല്‍… ഓരോ മണിക്കൂറിലും മാറിമറയുന്ന കണക്കുകളില്‍ പകച്ചുനില്‍ക്കുകയാണ് അതിശക്തനായ അമേരിക്കപോലും. ഏഷ്യയില്‍നിന്നു യൂറോപ്പിലേയ്ക്കും ഇപ്പോള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കും സര്‍വ്വസംഹാരത്തിന്‍റെ മഹാമാരി സാര്‍വ്വത്രിക യാത്ര തുടരുമ്പോള്‍, പാളിപ്പോകുന്ന പ്രതിരോധ പരിപാടികള്‍ക്കിടയില്‍ എവിടെയും ആവര്‍ത്തിക്കുന്നത് ഒന്നു മാത്രം, 'വീട്ടിലിരിക്കുക, ഒരു കാരണവശാലും, ഒന്നിനും വേണ്ടിയും ആരും പുറത്തിറങ്ങാതിരിക്കുക.'

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. രാഷ്ട്രീയ-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദമെന്യേ രാജ്യം ഒന്നായി നിന്ന് പോരാടേണ്ട കാലവും. അടുത്ത മൂന്നാഴ്ചത്തേക്ക് രാജ്യം പരിപൂര്‍ണ്ണമായും അടച്ചകത്തിരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശവും ആവശ്യസാധന ലഭ്യതയുറപ്പാക്കി "ഒപ്പമല്ല, മുന്നില്‍ത്തന്നെ" നയിക്കുന്ന മുഖ്യമന്ത്രിയുടെ ജാഗ്രതാ സന്ദേശവും അക്ഷരാര്‍ത്ഥത്തില്‍ നാം അനുസരിക്കണം. കാരണം 'കോവിഡ് 19' കേരളത്തിലും, രാജ്യത്തിലും നിര്‍ണ്ണായകഘട്ടത്തിലൂടെ കടന്നുപോവുകയാണ്.

ഒരുപാടു പേരുടെ നിതാന്ത ജാഗ്രതയില്‍ നിരന്തരം നിര്‍വ്വഹിക്കപ്പെടുന്ന കരുതല്‍ നടപടികള്‍ ഫലശൂന്യമാകാന്‍ ഒരാള്‍ മാത്രം വിചാരിച്ചാലുമാകും; അയാളുടെ അശ്രദ്ധയോ അലസതയോ, അഹങ്കാരമോ കൊണ്ടുപോലും അയഞ്ഞുപോകാവുന്ന ജാഗ്രതാ വലയമാണിത്. ഞാന്‍ മൂലം മറ്റൊരാള്‍ രോഗബാധിതനാകാതിരിക്കുകയെന്ന നിലപാട് തന്നെയാണിപ്പോള്‍ ശരിയായ മനുഷ്യത്വവും, മാനവീകതയും.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയെ എങ്ങനെ നേരിടണമെന്നറിയാതെ രാജ്യങ്ങളും സംസ്ഥാനങ്ങളും പരസ്പരം വാതിലടയ്ക്കുമ്പോള്‍, അകത്തിരുന്നു തന്നെ വേണം പുറത്തുള്ളവരോടുള്ള നമ്മുടെ കടമയും കടപ്പാടുമോര്‍മ്മിക്കുവാന്‍. കാര്യങ്ങള്‍ നിയന്ത്രണാതീതമായാല്‍ നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പര്യാപ്തമാവുകയില്ലെന്ന ഓര്‍മ്മപ്പെടുത്തലോടെ ഇറ്റലിയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ ചങ്കലച്ചുള്ള നിലവിളി നമുക്ക് മുമ്പിലുണ്ടെന്നത് മറന്നുകൂടാ. 6 കോടി ഇറ്റലിക്കാരില്‍ 50,000 പേരെ മാത്രം രോഗം ബാധിച്ചപ്പോള്‍തന്നെ 5,000-ത്തിലധികം പേരെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്നുവെന്ന വസ്തുത നമ്മുടെ പ്രതിരോധ വഴികളിലെ പ്രധാന മുന്നറിയിപ്പാകണം. 135 കോടി ജനങ്ങളുള്ള ഇന്ത്യയും മൂന്നര കോടി ജനസംഖ്യയുള്ള കൊച്ചുകേരളവും, കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ എത്രമേല്‍ നിസ്സഹായമാകുമെന്നതു മറക്കരുത്. അപ്പോഴും, കൊറോണയുയര്‍ത്തുന്ന മരണഭീതിയവഗണിച്ച് അതിസാഹസികമായി തങ്ങളുടെ ജോലി നിര്‍ബാധം തുടരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരം വെറും കൈയ്യടിയില്‍ മാത്രമൊതുക്കാതിരിക്കുകയും വേണം.

അകത്തിരിക്കുന്നതിന്‍റെ ആത്മീയതയെ അടുത്തറിയാനുള്ള അവസരമായി ഈ കൊറോണക്കാലത്തെ കാണണം. ദേവാലയ ശുശ്രൂഷകള്‍ പ്രത്യേകിച്ച് പൊതുവായ ദിവ്യബലിയര്‍പ്പണ നിഷേധത്തെ, അപരനോടുള്ള ഉത്തരവാദിത്വവും, പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുമായി നാം തിരിച്ചറിയേണ്ടതങ്ങനെയാണ്. അള്‍ത്താരയില്‍ നിന്നുമകറ്റിയതല്ല, അകതാരില്‍ വാഴുന്നവനെ സഭ കൂടുതലായി പരിചയപ്പെടുത്തിയതാണ്.

അകത്തിരിക്കുമ്പോഴും നമുക്ക് ഉണര്‍ന്നിരിക്കാം. ഒറ്റപ്പെട്ടു പോകുന്നവര്‍ക്കും, വിശന്ന് വീണു പോകുന്നവര്‍ക്കും സഭയുടെ സംഘടിത സംവിധാനങ്ങള്‍ കൊണ്ട് കരുതലൊരുക്കാം. ഇടവക തലത്തിലും യൂണിറ്റ് തലത്തിലും, ആരോഗ്യപ്രവര്‍ത്തകരുടെ സന്നദ്ധ സംഘമൊരുക്കാം. ശരിയായ വാര്‍ത്തകളുടെ ആശ്വാസത്തണലൊരുക്കാം.

അതിജീവിക്കണം നാമിതിനെയും, പ്രളയകാലത്തെന്നപോലെ, ഒരുമയിലും ജാഗ്രതയിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org