‘പുതുക്കിപ്പണിയേണ്ട വീട്ടകങ്ങള്‍’

‘പുതുക്കിപ്പണിയേണ്ട വീട്ടകങ്ങള്‍’

"പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലില്‍ പിടിച്ചു വലിച്ചു. തറയില്‍ കിടന്ന ചോര ഞാനാണു തൂത്തു കളഞ്ഞത്…" – ക്രൂരമര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴു വയസ്സുകാരന്‍റെ കഞ്ഞനുജന്‍ പറഞ്ഞതു കേട്ട് അടുത്തു നിന്നവര്‍ വിതുമ്പി.

കൂടിനിന്നവര്‍ മാത്രമല്ല, കേരളം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ചാണ് ആ കുഞ്ഞിനെ കേട്ടത്…! തൂത്തിട്ടും പോവാതെ ഇപ്പോള്‍ ആ ചോര ഓരോ മലയാളിയുടെയും മുഖത്താണ്. സ്വന്തം ചോരയില്‍ പിറന്നതല്ലായെന്ന ന്യായം ഒരാളെ ഇത്രമേല്‍ ക്രൂരനാക്കുമോ? കുഞ്ഞുങ്ങള്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടപ്പോഴും നിസ്സഹായതയുടെ നിലവിളിയോടെയായിരുന്നത്രേ, അമ്മ.

ചോദ്യം ഒരു കുടുംബത്തോടും വിചാരണ ഈ സംഭവത്തിലും മാത്രമായി പരിമിതപ്പെടുത്തിയാല്‍ ഒരുപാടു പീഡനവാര്‍ത്തകളിലൊന്നായി ഇതും മറവിയിലേക്കു മറയും. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വര്‍ദ്ധനവെന്നു കണക്കുകള്‍. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതികളില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 30 ശതമാനം വര്‍ദ്ധനവാണുണ്ടായത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നാണു കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. 180-190 വരെ പരാതികളാണ് ഒരു മാസം പരിഗണിക്കുന്നത്. മലപ്പുറം, എറണാകുളം ജില്ലകള്‍ തൊട്ടു പിന്നാലെയുണ്ട്. എറണാകുളം ജില്ലയില്‍ മാര്‍ച്ചില്‍ മാത്രം ലഭിച്ചതു 150 പരാതികളാണ്. മറ്റു ജില്ലകളിലെ പ്രതിമാസ കണക്കുകളും 120-നു മേലെയാണ്. ഒരു ദിവസം മാത്രം കുട്ടികള്‍ക്കെതിരായുള്ള 24 ലൈംഗിക പീഡനപരാതികള്‍ വരെ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോള്‍, കേരളത്തിന്‍റെ മാനസികാരോഗ്യനില എത്രയോ പരിതാപകരമാണെന്നു തിരിച്ചറിയണം. "കുഞ്ഞങ്ങളോടുളള സമീപനം കൃത്യമായും ഒരു സമൂഹത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെയും, നിലവാരത്തെയും അടയാളപ്പെടുത്തുന്നു"വെന്നു പറഞ്ഞതു നെല്‍സണ്‍ മണ്ടേലയാണ്.

കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ പെരുകുന്നതിനു കാരണങ്ങള്‍ പലതാണ്. തകര്‍ന്ന കുടുംബബന്ധങ്ങള്‍, കുത്തഴിഞ്ഞ ജീവിതവീക്ഷണം, മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ അമിതോപയോഗം തുടങ്ങി പതിവായി പറയുന്നവയ്ക്കപ്പുറത്തു മാറിയ കാലത്തിന്‍റെ പ്രധാന ഉത്പന്നമായ തീവ്ര വൈകാരികതയുടെ അസന്തുലിത വിതരണവും ചര്‍ച്ചയാകേണ്ടതാണ്. സ്ട്രെസ്സും ടെന്‍ഷനും ആരോഗ്യകരമായി വെന്‍റിലേറ്റ് ചെയ്യപ്പെടാതെ പോകുന്നതാണു പ്രധാന പ്രശ്നം. വീട്ടകങ്ങള്‍ അതിനുള്ള വേദിയാകുന്നില്ല. മാത്രവുമല്ല കുട്ടികള്‍ പലപ്പോഴും അതിന്‍റെ മാരകപ്രഹരത്തിന് ഇരയാകുന്നുമുണ്ട്. നിയമങ്ങളുടെ കാര്‍ക്കശ്യം പ്രശ്നപരിഹാരമായി നിര്‍ദ്ദേശിക്കുന്നവരുണ്ട്. 'പോക്സോ' പോലുള്ള നിയമത്തില്‍ പുതിയ കര്‍ശന വ്യവസ്ഥകള്‍ ചേര്‍ത്ത് എല്ലാം ശരിയാക്കാമെന്നു കരുതരുത്. കൂടുതല്‍ നിയമങ്ങള്‍ ഒരു സമൂഹത്തിന്‍റെ ധാര്‍മ്മിക ബലക്കുറവിനെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്.

കൂടി നില്ക്കുന്നവരില്‍ നിന്നും 'കൂടെ' നില്ക്കുന്നവരിലേക്കു കേരളസമൂഹം മാറണം. ഒരാളുടെ പിറവിയില്‍ ഒരു നാടു മുഴുവന്‍ ആകുലപ്പെട്ട കഥയാണു സ്നാപക യോഹന്നാന്‍റേത്. "കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും" എന്നു ചിന്തിച്ചുതുടങ്ങി" (ലൂക്കാ 1 : 66). ഒരു കുഞ്ഞിന്‍റെ സംരക്ഷണം ഒരു നാടിന്‍റെ ബാദ്ധ്യതയും ഉത്തരവാദിത്വവുമാകുന്നതാണു ശിശുസൗഹൃദം. 'നാട്ടിലെ' കുട്ടികളെയെല്ലാം 'വീടുകളി'ലാക്കിയതു പീഡനം തന്നെയാണ്. അയാഥാര്‍ത്ഥ്യങ്ങളുടെ ചില്ല് കാഴ്ചകളില്‍ നിന്നു നമ്മുടെ കുട്ടികള്‍ മുഖമുയര്‍ത്തട്ടെ. അവരുടെ തുറന്നുവച്ച കണ്ണുകളില്‍ ഈ നാടിന്‍റെ നേരും നിറവും നിറയട്ടെ. കൂട്ടായ്മയുടെ കളിമുറ്റങ്ങളും പങ്കുവയ്ക്കലിന്‍റെ തണലിടങ്ങളും അവര്‍ക്കു നാം തിരികെ നല്കണം.

കുടുംബം കുട്ടികള്‍ക്കു നല്കുന്ന കരുതലും ചര്‍ച്ചയാകണം. കുട്ടികള്‍ക്ക് ഏറ്റവും മികച്ചതു നല്കുവാനുള്ള വെപ്രാളത്തില്‍ തങ്ങളിലെ ഏറ്റവും മികച്ചതിനെ നല്കുവാന്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നു. 'കൂട്ട'ത്തിലാണെങ്കിലും 'കൂടെ'യാകാനുള്ള അവസരങ്ങള്‍ കുറയുന്നു. അവരെ കേള്‍ക്കുന്ന ചുവരുകളും അവരിലേക്ക് തുറക്കുന്ന വാതിലുകളുമായി നമ്മുടെ വീടുകള്‍ 'പുതുക്കി'പ്പണിയേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org