Latest News
|^| Home -> Editorial -> സമാധാനത്തിന്‍റെ സാക്ഷ്യക്രമം

സമാധാനത്തിന്‍റെ സാക്ഷ്യക്രമം

Sathyadeepam

പീഡാനുഭവ സ്മൃതിയുടെ ഈ വലിയ ആഴ്ചയില്‍, നമ്മുടെ മനസ്സിന്‍റെ പ്രത്തോറിയത്തിലേക്കു ക്രിസ്തു ഒരിക്കല്‍ക്കൂടി നീക്കിനിര്‍ത്തപ്പെടുമ്പോള്‍, ജീവിതത്തിന്‍റെ അകവും പുറവും, കറുപ്പും വെളുപ്പും തിരശ്ശീല കണക്കെ കീറിമാറുന്നതിന്‍റെ പൊള്ളലോടെയാണു നാം.

ഉയിര്‍ത്തെഴുന്നേറ്റതു ക്രിസ്തു മാത്രമോ? അവനോടൊപ്പം ഉത്ഥിതമായതെന്തൊക്കെ? അഥവാ എന്നില്‍ ഞാന്‍ വിയര്‍ത്തുയര്‍പ്പിക്കേണ്ട കാര്യങ്ങളേതൊക്കെ?

‘നിങ്ങള്‍ക്കു സമാധാനം’ – ഉത്ഥിതന്‍റെ സമാധാനാശംസയാണത്. പക്ഷേ, ആ ആശംസ പിന്നീടു ശിഷ്യരുടെ സമാധാനം കെടുത്തുന്നുണ്ട്. സ്വസ്ഥവും ശാന്തവുമായ ഇടങ്ങളില്‍ നിന്നു ലോകത്തിന്‍റെ അശാന്തമായ അതിരുകളിലേക്ക് അത് അവരെ ചിതറിക്കുകയാണ്.

ചുറ്റുമുള്ളവയോടു സമരസപ്പെടുന്നതല്ല, എപ്പോഴും സമരത്തിലായിരിക്കുന്ന അനുഭവം തന്നെ യഥാര്‍ത്ഥ സമാധാനമെന്നതിനു ക്രിസ്തു തന്നെ സാക്ഷി. “സമാധാനമല്ല വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്” (മത്താ. 10:34). “സംതൃപ്തിയാണ് ഏറ്റവും വലിയ പാപമെന്ന്” കസാന്‍ദ് സാക്കീസ് നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. ഒരാള്‍ തനിക്കു ചുറ്റുമുള്ളവയുമായി വേഗം താദാത്മ്യപ്പെടുന്നതിന്‍റെ അപകടത്തെയാണ് അതടയാളപ്പെടുത്തുന്നത്. അസാധാരണ സംഭവങ്ങള്‍പോലും സാധാരണ വാര്‍ത്തയായി നമ്മെ തൊടാതെ പോകുന്നതങ്ങനെയാണ്. എന്നെ നേരിട്ടു ബാധിക്കാത്തതൊന്നും എന്‍റേതല്ല, എന്‍റെ കാര്യമല്ലെന്ന നിസ്സംഗതയുടെ മരവിപ്പ് പതുക്കെ സര്‍വസാധാരണമാകുന്നു.

ക്രിസ്തുവിന്‍റെ തുടര്‍ച്ചയായ യാത്രകള്‍ – അതു ജെറുസലേമിനെ ലക്ഷ്യം വയ്ക്കുമ്പോഴും മറ്റു ചിലപ്പോള്‍, ഗലീലിയുടെ വിളുമ്പിനെ സ്പര്‍ശിക്കുമ്പോഴും – അര്‍ത്ഥമാക്കുന്നത് ഒരിടത്തും ‘നിന്നു’പോകാതിരിക്കാനുള്ള പരിശ്രമത്തെ തന്നെയാണ്. തന്നിലെ ഉത്ഥിതനെ തിരിച്ചറിഞ്ഞ ശിഷ്യരോട് ‘ഇനി ഗലീലിയിലേക്ക്’ എന്നവന്‍ പ്രേരിപ്പിക്കുമ്പോള്‍ ‘ചിലയിടങ്ങളില്‍’ വല്ലാതങ്ങ് ഉറച്ചുപോയ സഭയും സമുദായവും സമാധാനത്തെക്കുറിച്ചു പറയുന്നതിന്‍റെ പൊരുത്തക്കേടുകളെ നിശ്ശബ്ദമായി ചോദ്യം ചെയ്യുന്നുണ്ട്. കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളിലും, സ്വാധീനത്തിന്‍റെ അധികാരകേന്ദ്രങ്ങളിലും സഭയുടെ സുവിശേഷചലനങ്ങളുറച്ചുപോയതു വിമര്‍ശിക്കപ്പെടുമ്പോള്‍, ആദ്യം പ്രതിരോധത്തിന്‍റെയും, പിന്നെ പ്രതിഷേധത്തിന്‍റെയും പരിഹാസ്യവഴികളില്‍ സഭ വല്ലാതെ ഒറ്റപ്പെടുന്നു. അരികുകളിലെത്താത്ത അവതരണങ്ങള്‍ സുവിശേഷമല്ലെന്ന ഓര്‍മയാണ് ഉത്ഥാനം. കടന്നുപോകുന്ന ക്രിസ്തുതന്നെയാണു കാലത്തെ അതിജയിക്കുന്നതും അതിശയിപ്പിക്കുന്നതും. അതുകൊണ്ടാകാം മൂന്നു ദിവസത്തിനപ്പുറം അവനെ അടക്കിവയ്ക്കാന്‍ കല്ലറയ്ക്കാകാതെ പോയതും. യുദ്ധരംഗത്തെ ആതുരാലയംപോലെ സഭ കരുണാര്‍ദ്രമാകണമെന്നു പുതിയ കാലത്തെ ‘ഫ്രാന്‍സിസ്’ ശഠിക്കുന്നതും അതുകൊണ്ടുതന്നെ.

നമുക്കകത്തെ കല്ലറകളെത്തന്നെയാണു നാം യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടത്. ചില സൗകര്യങ്ങളുടെ ഫ്രെയ്മിനകത്തു നാം നമ്മെത്തന്നെ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. പുറത്തിറങ്ങാന്‍ മടിയാണ്, ചിലപ്പോള്‍ പേടിയും. പോരാട്ടങ്ങളെയൊക്കെ സൈബര്‍ ചുമരെഴുത്തുകളില്‍ വേഗം അവസാനിപ്പിക്കുന്നു. ചിന്തകനായ വോള്‍ട്ടയര്‍ ഓര്‍മിപ്പിക്കുന്നതുപോലെ “വ്യവസ്ഥാപിത അധികാരകേന്ദ്രം തെറ്റിലായിരിക്കുമ്പോള്‍ ശരിപക്ഷത്ത് നില്ക്കുന്നതിന്‍റെ അപകടം” നമ്മെ അധൈര്യപ്പെടുത്തുന്നു.

കുടുംബംപോലും സുഖമുള്ള കല്ലറതന്നെ. സ്വന്തം ഇടവകയുടെ നാലതിരിനുള്ളില്‍ അഭിരമിക്കുമ്പോഴും പ്രാദേശികസഭയുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുമ്പോഴും അല്പംകൂടി വലിപ്പം കൂടിയ കല്ലറയെന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ.

ഉയിര്‍ക്കേണ്ടതു നമ്മളാണ്. നമ്മിലെ കരുണയും കരുതലുമാണ്. കുരിശില്‍ വിരിക്കപ്പെട്ട കരങ്ങള്‍ക്ക് ആകാശം അതിരായതുപോലെ, പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തിലേക്കു ലോകം ചെറുതായതുപോലെ, മറ്റുള്ളവര്‍ക്കായി മുറിഞ്ഞും, പിന്നെ മുടിയണിഞ്ഞും നാമും, നമ്മുടെ സഭയും സമൂഹവും മാറുമ്പോള്‍ ഉത്ഥിതന്‍റെ സമാധാനം, ആശംസയായല്ല, പുതിയ സാക്ഷ്യക്രമത്തിനുള്ള ആഹ്വാനമായി തുടരും.

ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

Leave a Comment

*
*