അവന്‍ പുറത്താണ്, നിങ്ങള്‍ അകത്തും

അവന്‍ പുറത്താണ്, നിങ്ങള്‍ അകത്തും

പരിത്യക്തതയുടെ ശൂന്യത ഉയര്‍ത്തുന്ന പരിഭ്രാന്തിയില്‍ നിരന്തരം പരീക്ഷിക്കപ്പെടുന്ന കൊറോണ നാളുകളിലൂടെ നാം ഇപ്പോഴും തുടരുകയാണ്. തെറ്റുന്ന പതിവുകളും, മാറുന്ന പരിഗണനകളും കോവിഡ് 19 കൊണ്ടുവന്ന പുതിയ ജീവിതക്രമമാണ്.

ഉപേക്ഷിക്കപ്പെടുന്നതിന്‍റെ വേദനയൊക്കെയും കുരിശിന്‍റെ നിഴലിലും നിലാവിലും ലോകം കുറേക്കൂടി തീക്ഷ്ണതയോടെ തിരയുന്ന വലിയ ആഴ്ചയുടെ ആചരണത്തിലാണ് ഏറ്റവും ഒടുവില്‍ നാമതനുഭവിച്ചത്.

ദേവാലയങ്ങള്‍ വീടോളം ചെറുതായോ, വീടുകള്‍ ദേവാലയത്തോളം വലുതായോ എന്നതില്‍ തര്‍ക്കം തുടരുമ്പോഴും, തിരുക്കര്‍മ്മങ്ങള്‍ ഗൃഹപാഠങ്ങളിലേക്ക് പരിപാകം ചെയ്യപ്പെട്ടുവെന്നത് ഒരു പുതിയ യാഥാര്‍ത്ഥ്യമാണ്.

ക്രിസ്തു പള്ളിക്കു പുറത്ത് കൂടുതലായി വായിക്കപ്പെടുന്നുവെന്നതാണ് ഈ കൊറോണക്കാലത്തെ പ്രധാന വസ്തുത. അത്തരം വായനകളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ ദുഃഖവെള്ളി സന്ദേശമായിരുന്നു. "യാതനയുടെയും സഹനത്തിന്‍റെയും പ്രതീകമായ യേശുക്രിസ്തുവിന്‍റെ ഓര്‍മ്മ ഉണര്‍ത്തുന്ന ദിവസം. രോഗികളെ സുഖപ്പെടുത്താനുള്ളതായിരുന്നല്ലോ യേശുക്രിസ്തുവിന്‍റെ പൊതുസമൂഹത്തിലെ ഇടപെടലിലെ നല്ലൊരു ഭാഗവും. രോഗികളെ സുഖപ്പെടുത്തുകയെന്ന ക്രിസ്തുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട്, കൊറോണ ബാധിതരുടെ സുഖപ്പെടലിനുവേണ്ടി പുനരര്‍പ്പണം നടത്താനുള്ള സന്ദര്‍ഭമായി നമുക്കിതിനെ ഉപയോഗപ്പെടുത്താം. മനസ്സുകൊണ്ട് ചേര്‍ത്തു നിറുത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയിട്ടുള്ള സന്ദേശമാണ്. ഇതും ഈ കാലഘട്ടത്തില്‍ ഓര്‍മ്മിക്കണം."

സൗഖ്യത്തിന്‍റെ സുവിശേഷം ഈ കാലഘട്ടം കൂടുതലായി ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നുവെന്നതാണിവിടെ പ്രധാന സൂചന. നിസ്വാര്‍ത്ഥമായ ചില പുനരര്‍പ്പണങ്ങള്‍ക്ക് ക്രിസ്തുപ്രചോദനം നമ്മെ നിര്‍ബന്ധിക്കണമെന്ന ധ്വനിയുമുണ്ട്. എല്ലാവരെയും ഹൃദയപൂര്‍വം ചേര്‍ത്തു പിടിക്കാന്‍ ക്രിസ്തുവിനോളം ഉത്തമമായ മാതൃകയില്ലെന്ന മനഃപൂര്‍വ്വമായ സാക്ഷ്യപ്പെടുത്തലുമുണ്ട്. ജാതി മത വര്‍ഗ്ഗ ഭേദമെന്യേ എല്ലാവരിലേക്കും നീളുന്ന ആ ക്രിസ്താശ്ലേഷത്തിനു സര്‍വ്വപിന്തുണയുമായി സഭ ഇറങ്ങേണ്ട സമയമാണിത്. സാബത്തിനുമീതെ മനുഷ്യനെ പ്രതിഷ്ഠിച്ച ക്രിസ്തു കൂടുതലായി വായിക്കപ്പെടേണ്ടതുണ്ട്.

അസ്സീസിയിലെ വി. ഫ്രാന്‍സിസിനെക്കുറിച്ചുള്ള 'ദൈവത്തിന്‍റെ നിസ്വന്‍' എന്ന കസാന്‍ദ് സാക്കിസിന്‍റെ സര്‍വ്വസ്വീകാരിയായ പുസ്തകത്തില്‍ തെരുവില്‍ നിശബ്ദമായി നടത്തുന്ന ശക്തമായ വചനപ്രഘോഷണത്തെക്കുറിച്ചുള്ള സൂചനയിലുണ്ട്; മാറി നടക്കുന്ന ക്രിസ്തുവും, മറികടക്കേണ്ട ക്രിസ്തു "മാര്‍ഗ്ഗ"വും.

ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരം തലേദിവസം നന്നായി ഒരുങ്ങിയ സുവിശേഷപ്രസംഗം പിറ്റേന്ന് ഒരു പകല്‍ മുഴുവന്‍ പല തെരുവുകളില്‍ മാറി മാറി നടന്നിട്ടും പറയാന്‍ അനുവദിക്കാതിരുന്നതിന്‍റെ കാരണം തിരക്കിയ ലിയോയ്ക്ക് കിട്ടിയ മറുപടി, 'പ്രഘോഷിക്കുകയായിരുന്നല്ലോ നാം, കരുണയോടെ പുഞ്ചിരിച്ചും സ്നേഹത്തോടെയൂട്ടിയും ആര്‍ദ്രതയോടെ ആശ്ലേഷിച്ചും.'

ക്രിസ്തുവിനെ പള്ളിക്കു പുറത്തേക്ക് നടത്താന്‍ സഭയ്ക്ക് ലഭിച്ച ഏറ്റവും നല്ല സന്ദര്‍ഭം തന്നെയാണിത്. സമീപ കാല സഭാചരിത്രത്തിലാദ്യമായി, ക്രിസ്തുസാക്ഷ്യത്തിന്‍റെ രുധിരമുദ്രയായ റോമിലെ കൊളോസിയം ചുറ്റാതെ, പാപ്പ നയിച്ച കുരിശിന്‍റെ വഴി, വത്തിക്കാന്‍ ചത്വരത്തിലൊതുങ്ങിയപ്പോള്‍, 14 ഇടങ്ങളിലെ ധ്യാനവിചാരം തടവറമക്കളുടെ കണ്ണീര്‍ചിത്രങ്ങളായിരുന്നു.

ദേവാലയത്തിലെ ആചരണങ്ങളെ അര്‍ത്ഥപൂര്‍ണമാക്കിയ അനുഭവങ്ങള്‍ ഇക്കുറി വീട്ടകങ്ങളുടേതായി. താലത്തില്‍ വെള്ളമെടുത്ത് കുടുംബനാഥന്‍ കുനിഞ്ഞിരുന്നപ്പോള്‍ കഴുകപ്പെട്ടത് കാലുകള്‍ മാത്രമല്ലായിരുന്നുവെന്നതാണ് പെസഹായുടെ കൊറോണ പാഠം.

അനുഷ്ഠാന വിധികളുടെ അകമ്പടിയില്ലാതെയും അകം നിറയുന്ന അനന്തനന്മസ്വരൂപിയെ ആഴത്തില്‍ അറിയാനും അനുഭവിക്കാനും ഈ അടച്ചിട്ട നാളുകള്‍ അനേകര്‍ക്ക് അവസരമൊരുക്കിയപ്പോള്‍, അതവഗണിച്ച ചില സന്ദര്‍ഭങ്ങള്‍ അസ്വസ്ഥതയുണ്ടാക്കി. തിരുക്കര്‍മ്മങ്ങളുടെ ലൈവ് സംപ്രേക്ഷണ മത്സരങ്ങളില്‍ പള്ളിയെതന്നെയാണ് നാം പിന്നെയും പുറത്തെത്തിച്ചത്.

ഉയിര്‍ത്തെഴുന്നേറ്റവനെ ഉടലില്‍ തിരഞ്ഞ മഗ്ദലേനമറിയത്തെ തിരുത്തുന്ന ക്രിസ്തു അവളോട് ആവശ്യപ്പെടുന്നത് തന്നെ തടഞ്ഞു നിറുത്തരുതെന്നാണ് (യോഹ. 20,17). ഭാരതീയമായ ചില പ്രതീകങ്ങളെയും പ്രയോഗങ്ങളെയും 'നിങ്ങളുടേത്, ഞങ്ങളുടേത്' എന്ന മട്ടില്‍ പ്രത്യേക 'കളമെഴുത്തി' ലൂടെ ചിലരെങ്കിലും കൈകാര്യം ചെയ്യുമ്പോള്‍, തടസ്സപ്പെടുത്തുക തന്നെയാണ് സര്‍വ്വസംസ്ക്കാരങ്ങളിലൂടെ തുടരേണ്ട ക്രിസ്തു നിര്‍ഝരിയെ. പുറത്തിറങ്ങി നടക്കുന്ന ക്രിസ്തുവിന്‍റെ പുറകെ പോകണം സഭയും, സമൂഹവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org