Latest News
|^| Home -> Editorial -> കോവിഡിന്‍റെ നല്ലപാഠം

കോവിഡിന്‍റെ നല്ലപാഠം

Sathyadeepam

കോവിഡിനു മുമ്പും ശേഷവും എന്ന മട്ടില്‍ ഈ കാലത്തെ പകുത്ത മഹാമാരി, പുതിയ ഇടങ്ങളില്‍ അതിന്‍റെ സംഹാര സാന്നിധ്യം ശക്തമായി തുടരുമ്പോഴും അസാധാരണമായ ആസൂത്രണ മികവില്‍ കേരളത്തില്‍ പതുക്കെ അതു നിയന്ത്രണവിധേയമാവുകയാണ്. രോഗതീവ്രതയും, വ്യാപന ശേഷിയും പരിഗണിച്ച് നാലു സോണുകളായി തിരിച്ച്, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച കേരളം തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.

മാര്‍ച്ച് 22-ലെ ജനതാ കര്‍ഫ്യൂ മുതല്‍ വീടുകളിലേക്കൊതുങ്ങി നിശ്ചലമായ ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍, അടിസ്ഥാന മേഖലകളിലെ അയവുകള്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ ഇളവനുവാദങ്ങള്‍.

പതുക്കെ എല്ലാം ശരിയാകും, ഇനിയെല്ലാം പഴയതുപോലെയാകും എന്നൊരാഹ്ലാദത്തോടെ നാട് നിരത്തിലേക്ക് വീണ്ടും ഇറങ്ങാനൊരുങ്ങുമ്പോള്‍, ഇതുവരെയും കഷ്ടപ്പെട്ട് നാം കൈവരിച്ച നേട്ടങ്ങളെ കൈവിട്ടുകൊണ്ടാകരുത് എന്നതു മറക്കാതിരിക്കാം. നാളിതുവരെ ഫലപ്രദമായൊരു വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത, പ്രത്യക്ഷമായ ലക്ഷണങ്ങളോടെ പലപ്പോഴും പ്രത്യക്ഷപ്പെടാത്ത, മാരകമായ മരണത്തിന്‍റെ അദൃശ്യവാഹകനായി കോറോണ വൈറസ് നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവില്‍ ജാഗ്രതയുടെ സാമൂഹിക അകലം അവസാനിപ്പിക്കാറായിട്ടില്ലെന്ന ഓര്‍മ്മയുണ്ടാകണം. പതിനായിരങ്ങളുടെ പോലും ജീവനെടുത്തേക്കാമായിരുന്ന ഒരു അപകട സാഹചര്യത്തില്‍ നിന്നും നാം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. സാമൂഹ്യക്ഷേമത്തിലും, ആരോഗ്യ സുരക്ഷയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് നാം കരുതിയ വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തും വിധം കര്‍ക്കശവും ദീര്‍ഘദര്‍ശിതവുമായ നിലപാടുകളിലൂടെ നിരന്തരം ജാഗരൂകമായിരുന്ന നമ്മുടെ ആരോഗ്യവകുപ്പും, ഫലപ്രദമായി ഏകോപിപ്പിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്നൊരുക്കിയ ഈ അതിജീവന ശ്രമങ്ങളെ ഒറ്റയടിക്ക് പരാജയപ്പെടുത്തുന്ന രീതിയില്‍ എല്ലാം ‘പഴയപടിയാക്കാന്‍’ നാം പരിശ്രമിക്കരുത്. പൂര്‍വ്വാധികം ശക്തിയോടെയും, പരിചിതമല്ലാത്ത അടയാളങ്ങളോടെയും, അപ്രതീക്ഷിതമായി ഇനിയും കോറോണ എത്താമെന്നതും മറന്നുകൂടാ. നമ്മെ വിശ്വസിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, ഉത്തരവാദിത്വ ബോധത്തോടെ ജാഗരൂകരായി നാം തുടരണം.

സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ അത് അസാധാരണമായ ചില തീരുമാനങ്ങളോടെയാകേണ്ടതുണ്ട്. വെറുതെയിരുന്നപ്പോള്‍ വീടിനകത്തും പുറത്തും നാം കണ്ട കാഴ്ചകള്‍, നമ്മുടെ കാഴ്ചപ്പാടുകളെ വിമലീകരിക്കാനുള്ളതാണ്.

ജീവിതശൈലീ രോഗങ്ങളുള്ളവരെയാണ് കോവിഡ് ആദ്യം കീഴ്പ്പെടുത്തുന്നതെന്ന വിചാരം പുതിയ ആരോഗ്യ ശീലങ്ങളിലേക്ക് നമ്മെ പരിശീലിപ്പിക്കണം. വീടിനകത്തെ ആവര്‍ത്തിത – പരിമിത വിഭവങ്ങള്‍ പലപ്പോഴും ‘രുചികര’മായിരുന്നില്ലെങ്കിലും ആരോഗ്യകരമായിരുന്നു. അനാവശ്യമായ അലസയാത്രകള്‍ സമ്മാനിച്ചിരുന്ന അന്യായമായ ധൂര്‍ത്തും, വിശക്കാതെ കഴിച്ച ‘ഫുഡും’ ഇനി ഉപേക്ഷിക്കാന്‍ എളുപ്പമാകണം.

പുകപടലമടങ്ങി, പ്രകൃതി പുഞ്ചിരിച്ച നാളുകളാണ് കടന്നുപോയത്. അത്യാവശ്യങ്ങള്‍ക്കുമാത്രം മതി സ്വന്തം വാഹനയുപയോഗം എന്നു തീരുമാനിക്കണം. നടക്കാവുന്ന ദൂരങ്ങളുടെ നീളം കൂടട്ടെ.

‘കൈകഴുകുന്നതു പോലെ’യുള്ള ചെറിയ കാര്യങ്ങളാണ് ജീവന്‍റെ നിലനില്‍പ്പിനുപോലും ആധാരമെന്നയറിവില്‍, ആരെയും അവഗണിക്കാതെ ചേര്‍ത്തു പിടിക്കാം. ചേര്‍ന്നു നടക്കാം.

വര്‍ഗ്ഗീയ പോര്‍വിളികളില്ലാതെ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്ലാതെ, പീഡന-മോഷണ ശ്രമങ്ങളില്ലാതെ, തികച്ചും ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷം കോറോണ കഴിഞ്ഞും തുടരണം, നന്മയുടെ തുടര്‍ച്ചയുണ്ടാകണം.

അടച്ചിട്ടതുപോലെ അത്ര വേഗത്തിലും എളുപ്പത്തിലും ഒന്നും തുറക്കാനാവില്ല എന്ന അറിവില്‍, അണഞ്ഞുപോയ ജീവിതങ്ങള്‍ക്ക് പ്രത്യാശയുടെ തിരിവെട്ടമാകാന്‍ സഭയുടെ സന്നദ്ധ സംവിധാനങ്ങള്‍ സഹായമാകണം. നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കി സര്‍ക്കാരും ഒപ്പമുണ്ടാകണം. മദ്യം, ലോട്ടറി തുടങ്ങിയവയെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളാക്കുന്ന തലതിരിഞ്ഞ നയം തിരുത്തപ്പെടേണ്ടതുണ്ട്. മദ്യ ലഭ്യതയ്ക്ക് ‘ലോക്ക്’ വീണപ്പോള്‍, സമാധാനത്തിന്‍റെ ആരോഗ്യദിനങ്ങളിലേക്ക് കുടംബങ്ങള്‍ ‘ഓപ്പണ്‍’ ആയി എന്നു മറക്കരുത്.

കോവിഡ് പകുത്തുമാറ്റുന്നത് കാലത്തെ മാത്രമല്ല, കാര്യങ്ങളുടെ ഗണിതക്രമത്തെക്കൂടിയാണ്. ആയുസ്സിന്‍റെ നിസ്സാരതയെ ധ്യാനിക്കാന്‍ പഠിപ്പിച്ച, അകന്നിരിക്കുന്നതിന്‍റെയും അകത്തിരിക്കുന്നതിന്‍റെയും ആത്മീയതയെ അനുഭവിപ്പിച്ച, ഭൂമിയെന്ന വലിയ ഭവനത്തിലെ അംഗത്വമോര്‍മ്മിപ്പിച്ച കോറോണവൈറസ് നമ്മെ യഥാര്‍ത്ഥത്തില്‍ അടച്ചകത്തിരുത്തുകയല്ല, പുറത്തിറക്കി നടത്തുകയാണ്, ഹൃദയവിശാലതയുടെ ആകാശവഴികളിലൂടെ.

Leave a Comment

*
*