Latest News
|^| Home -> Editorial -> തീവ്രദേശീയതയുടെ കാവല്‍പ്പുരകള്‍

തീവ്രദേശീയതയുടെ കാവല്‍പ്പുരകള്‍

Sathyadeepam

‘ചൗക്ക്’ കാവല്‍പ്പുരയും ‘ചൗക്കിദാര്‍’ വെറും കാവല്‍ക്കാരനും എന്നതു പഴയ കഥ. ഇന്നതു ദേശത്തോളം, ദേശീയതയോളം വലുതായിരിക്കുന്നു. പ്രധാനമന്ത്രി രാജ്യത്തെ കാവല്‍ക്കാരന്‍തന്നെയാണ്. എന്നാല്‍ അതു സ്വയം പ്രഖ്യാപിതപട്ടമാക്കി ആഘോഷിക്കുന്നതിലെ അസ്വാഭാവികത, പുതിയ കാലത്തെ ‘ദേശീയത’യാകുന്നതിലെ അപകടം ചര്‍ച്ച ചെയ്യേണ്ടതാണ്.

ഇന്ത്യന്‍ ദേശീയതയ്ക്ക് അതിന്‍റെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പ്രായമേയുള്ളൂ. നാലായിരം ഭാഷകളും നാനൂറിലധികം നാട്ടുരാജ്യങ്ങളുമായി ചിതറിക്കിടന്ന ഒരു ‘ദേശ’ത്തിന്‍റെ ‘ദേശീയത’യുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.

സാമ്രാജ്യത്വവിരുദ്ധ നിലപാടായിരുന്നു എപ്പോഴും ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായിരുന്നത്. ഒപ്പം എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന തുറവിയുടെ സംസ്കാരത്തെ അതു നിരന്തരം അടയാളപ്പെടുത്തിയിരുന്നു. എല്ലാത്തരത്തിലും തലത്തിലും പെട്ടവര്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായത് അങ്ങനെയാണ്. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിയോടെ അത്തരമൊരു ദേശീയതയുടെ ശക്തി കുറഞ്ഞു. ഒരു നവരാഷ്ട്രനിര്‍മിതിക്കായി പിന്നീടുള്ള ശ്രമങ്ങള്‍. രണ്ടു യുദ്ധങ്ങള്‍ ഇന്ത്യന്‍ ദേശീയ ബോധത്തെ ഉണര്‍ത്തിയെങ്കിലും ദേശീയതയുടെ പൂര്‍ണ അര്‍ത്ഥത്തില്‍ അതു പരിപാകം ചെയ്യപ്പെട്ടില്ല.

എന്നാല്‍ പിന്നീട് ഒരു പ്രത്യേക തരം ദേശീയതയെ ആഘോഷമാക്കിയവരെയും ആയുധമാക്കിയവരെയും കാണാം. ഇന്നു നാം ചര്‍ച്ച ചെയ്യുന്ന തീവ്ര ദേശീയതയുടെ ഫാസിസ്റ്റ് മുഖം എപ്പോഴും ആരെയെങ്കിലും ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ്. എല്ലാവര്‍ക്കും ഒരേ നിറം മതിയെന്നും അതൊരു പ്രത്യേക നിറം തന്നെയാകണമെന്നും ശഠിക്കുന്നിടത്ത് ദേശീയത തീവ്രവാദമായും ഭീകരവാദമായും പരിണമിക്കും. ഭൂരിപക്ഷത്തിന്‍റെ ഏകപക്ഷീയമായ നീതിയും രീതിയുമാണത്. വ്യത്യസ്തതകളെ അതെപ്പോഴും നിരാകരിച്ചുകാണ്ടിരിക്കും. ഒപ്പം വ്യത്യസ്തതയുടെ വിഷയങ്ങളും മാറിക്കൊണ്ടിരിക്കും; അഥവാ മാറ്റിക്കൊണ്ടിരിക്കും. ഇന്നതു ‘പശു’വാണെങ്കില്‍ നാളെ ‘പട്ടാള’മായിരിക്കും. കൃത്രിമമായി നിര്‍മിക്കുന്ന ഇത്തരം ദേശീയതകളോടു വിയോജിക്കുക അത്ര എളുപ്പമല്ല. കാരണം വിയോജിപ്പുകളെ എതിര്‍ശബ്ദമായും എതിര്‍പക്ഷമായും വ്യാഖ്യാനിക്കപ്പെടും. വാര്‍ത്തകള്‍ പോലും ഔപചാരികതയുടെ കൃത്രിമത്വമണിയും.

രാജ്യവിഭവത്തിന്‍റെ ഭൂരിപക്ഷവും കോര്‍പ്പറേറ്റ് ന്യൂനപക്ഷത്തിനായി വീതംവയ്ക്കുന്നതോടെ ദളിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്ന മഹാപക്ഷത്തിന്‍റെ അരികുവത്കരണം പൂര്‍ത്തിയാകും. ജനങ്ങളിലേക്കു പോവുക എന്നതിനേക്കാള്‍ എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുകയാണെന്ന അറിവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അരാഷ്ട്രീയമായ മുദ്രാവാക്യങ്ങളിലേക്കു ചുരുങ്ങുന്നതോടെ ചിത്രം പൂര്‍ണമാകും.

‘ഉമ്പര്‍ട്ടോ എക്കോ’ നമ്മെ ഓര്‍മിപ്പിക്കുന്നതുപോലെ “ചരിത്രത്തില്‍ നടന്ന എല്ലാ വംശഹത്യകളുടെയും പിന്നാമ്പുറം പരിശോധിക്കുമ്പോള്‍, ഞങ്ങള്‍-നിങ്ങള്‍, നല്ലത്-തീയത്, വെളുപ്പ്- കറുപ്പ് എന്നിങ്ങനെയുള്ള ദ്വന്ദാത്മക തീവ്രവൈകാരിക വിരുദ്ധ നിലപാടുകളുടെ നിഴല്‍പ്പാടുകളുണ്ട്.” മനുഷ്യനെ കളം തിരിച്ചെഴുതുന്ന വിഭാഗീയതയുടെ ഭിന്നശാസ്ത്രം പ്രധാന പ്രത്യയശാസ്ത്രമാകുമ്പോള്‍ വിഷയങ്ങളുടെ സ്ഥലംമാറ്റമുണ്ടാകും. വസ്തുതകള്‍ക്ക് മീതെ വൈകാരികതയുടെ പുനഃപ്രതിഷ്ഠയുണ്ടാകും.

തീവ്ര ദേശീയതയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്‍റെ ഉപോത്പന്നമായ അസഹിഷ്ണുതയും ചര്‍ച്ചയാകണം. ഇല്ലാതാക്കിയത് ‘ആളെ’യാണ് അയാളുടെ ആശയത്തെയല്ല എന്ന തിരിച്ചറിവാണു സംഭാഷണങ്ങളുടെ വട്ടമേശയൊരുക്കുന്നത്. ‘അസഹിഷ്ണുതയാണ് ഏറ്റവും വലിയ അക്രമമെ’ന്നു ഗാന്ധിജി കരുതി. ഒരേപോലിരിക്കുന്നതിനേക്കാള്‍ സുന്ദരം ഒരുപാടു പേരിരിക്കുന്നതാണ്. അതാണു സഹിഷ്ണുതയുടെ സാഹോദര്യം. ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഈ രാജ്യത്തെ അവസാനത്തവനും മാന്യമായ ഇടം കിട്ടുന്ന അനുഭവമെന്നായിരുന്നു’ മഹാത്മാവിന്‍റെ മറുപടി. പൗരനു മീതെ രാജ്യം വളരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയാണത്. ദേശീയത മനുഷ്യനു തടസ്സം നില്ക്കരുത്.

ഇന്ത്യ വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നാടാണ്. അതുതന്നെയാണ് അതിന്‍റെ സൗന്ദര്യവും. ‘നാനാത്വത്തിലെ ഏകത്വം’ എല്ലാവരുടെയും ദേശീയവിചാരമാകണം. കാര ണം വ്യത്യാസങ്ങള്‍ക്കിടയില്‍ മനുഷ്യരെ പരസ്പരം ഒട്ടിച്ചുചേര്‍ക്കുന്ന ‘ഏകചിന്ത’യുടെ ജൈവചോദനയാണത്.

Leave a Comment

*
*