Latest News
|^| Home -> Editorial -> ഈസ്റ്റര്‍ തുറക്കുന്ന വാതില്‍

ഈസ്റ്റര്‍ തുറക്കുന്ന വാതില്‍

Sathyadeepam

“ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനം!” (യോഹ. 20:19)

ആശ്വാസത്തോടെ കതകു തുറന്നു പുറത്തേക്കിറങ്ങുന്നതു പോലെ ലളിതവും സുന്ദരവുമായ ഒരു ഈസ്റ്റര്‍ സന്ദേശം മറ്റെന്തുണ്ട്, ഈ കൊറോണക്കാലത്ത്! അടച്ചിട്ട വാതിലുകള്‍ക്കപ്പുറത്ത് അവനുണ്ട് എന്നൊരു പ്രതീക്ഷയില്‍ തന്നെയാണ് കുറച്ചു ദിവസങ്ങളായി നാം അടച്ചകത്തിരിക്കുന്നതുപോലും.

മറ്റൊരു കാലത്ത് ഒരു മഹായുദ്ധം അടച്ചുപൂട്ടിയ വാതിലുകളെ ഭീതിയോടെ ഓര്‍മ്മിക്കുന്നുണ്ടിപ്പോള്‍. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ അടച്ചിട്ട മുറിയിലെ കട്ടപിടിച്ച ഇരുട്ടൊരുക്കിയ അങ്കലാപ്പിന്‍റെയാഴം അതേപടി പകര്‍ത്തിയ ‘ആന്‍ ഫ്രാങ്കി’ന്‍റെ അക്ഷരങ്ങളിലെ പ്രത്യാശയുടെ വെളിപാടുകള്‍ ഈ കൊറോണലോകത്തെ കുറെക്കൂടി വെളിച്ചപ്പെടുത്തണം. “പ്രത്യാശയുള്ളിടത്ത് ജീവനും ജീവിതവുമുണ്ട്. അത് നമ്മില്‍ പുതിയ ധൈര്യത്തിന്‍റെ ശക്തി നിറയ്ക്കും. മനുഷ്യരുടെ നന്മയില്‍ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.”

“അവന്‍ തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു.” (യോഹ. 20:20). മാര്‍ച്ച് 27 വെള്ളിയാഴ്ച, റോമിലെ ‘സാന്‍ മാര്‍ച്ചെല്ലോ’ ദേവാലയത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൂശിതരൂപത്തെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ആളൊഴിഞ്ഞ ചത്വരത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട്, ഫ്രാന്‍സിസ് പാപ്പ (urbi et orbi) നഗരത്തിനും ലോകത്തിനുമായി നല്കിയ ആശീര്‍വ്വാദ സന്ദേശത്തിലാവര്‍ത്തിച്ചത്, ‘ഭയപ്പെടേണ്ട’ എന്നുതന്നെയാണ്. കാരണം മുറിഞ്ഞ കരങ്ങള്‍ നീട്ടി തകര്‍ക്കപ്പെട്ട പാര്‍ശ്വത്തിലേക്ക് ചേര്‍ത്തുപിടിച്ചാണ് ക്രിസ്തു തന്‍റെ പ്രിയപ്പെട്ടവരെയും ധൈര്യപ്പെടുത്തിയത്.

കോവിഡിപ്പോള്‍ ഒരു രോഗമല്ല, വല്ലാത്ത ഭീതിയാണ്. നിസ്സഹായതയുടെ ജ്വരപുതപ്പിനുള്ളിലേക്ക് ലോകം മുഴുവന്‍ അമ്പരിപ്പിക്കുന്ന വേഗത്തില്‍ ചുരുണ്ടൊതുങ്ങുമ്പോള്‍, മറ്റേതൊരു കാലത്തെക്കാളും ഈസ്റ്ററിന്‍റെ പ്രത്യാശ പ്രസക്തമാകുകയാണ്. ‘സമാധാന’മിപ്പോള്‍ വെറുമൊരു ആശംസയായല്ലാതെ, ഞാനും നിങ്ങളും അകത്തേക്കെടുക്കുന്ന ശ്വാസമിടുപ്പിന്‍റെ അടിസ്ഥാനമായിപ്പോലുമത് മാറുന്നുണ്ട്.

പഴയനിയമത്തില്‍, പെസഹായുടെ ഓരോ അനുസ്മണരാവിലും യഹൂദര്‍ ഓര്‍മ്മിച്ചെടുത്തത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിന്‍റെ ഒരിക്കലും മറക്കരുതാത്ത മുറിവുകള്‍ തന്നെയാണ്. പിന്നീടുള്ള പുറപ്പാടുകളില്‍ കരുത്തോടെ തുടരാന്‍ അവരെ സഹായിച്ചതും കയ്പ്പും, ചവര്‍പ്പും കലര്‍ന്ന ആ ഓര്‍മ്മകള്‍ തന്നെ.

ഈ കൊറോണക്കാലം നമ്മെ കടന്നുപോകുമ്പോഴും, നമ്മില്‍ തുടരേണ്ട ചില കാര്യങ്ങളെക്കുറിച്ച്, റോമിനെയും, ലോകം മുഴുവനെയും വിരിച്ച കൈകള്‍കൊണ്ട് ആശ്ലേഷിക്കുന്ന വത്തിക്കാന്‍ ചത്വരത്തില്‍, മഴചാറി മങ്ങിയ സായാഹ്നത്തില്‍ ഏകനായി നിന്ന്, ‘കൊടുങ്കാറ്റിനെ ശാന്തമാക്കിയ കര്‍ത്താവിന്‍റെ കരങ്ങളില്‍’ സകലരെയും സമര്‍പ്പിച്ചുകൊണ്ട് പാപ്പ ഓര്‍മ്മിപ്പിച്ചു.

“ലോകം മുഴുവനും ഇപ്പോള്‍ ഒരു ബോട്ടിലാണ്. ഈ ‘കൊടുങ്കാറ്റ്’ നമ്മുടെ ദുര്‍ബലതയെ നന്നായി തുറന്നു കാട്ടുന്നുണ്ട്. നമ്മുടെ ഉപരിപ്ലവതകള്‍, മുന്‍ഗണനാക്രമങ്ങള്‍, ശീലങ്ങള്‍ എല്ലാം…” നിലനില്‍ക്കുന്നതും, കടന്നുപോകുന്നതും, ആവശ്യമുള്ളതും, ആവശ്യമില്ലാത്തതും, വേര്‍തിരിക്കുന്ന ന്യായവിധിയുടെ സമയമാണിത്. സഹോദരനിലേക്കും, ദൈവത്തിലേക്കും നമ്മുടെ യാത്രാദിശയെ പുതുക്കി നിശ്ചയിക്കേണ്ട കാലവും.”

ഈ കൊറോണക്കാലം നമ്മെ തീര്‍ച്ചയായും മടക്കി വിളിക്കുന്നുണ്ട്. പലതിലേക്കും തിരികെ നടത്തുന്നുമുണ്ട്. …അനുഷ്ഠാന ബദ്ധമല്ലാത്ത ആത്മീയത, കുടുംബം, ബന്ധങ്ങള്‍, ശരിയായ സൗഹൃദങ്ങള്‍, അപരനോടുള്ള കടമകള്‍, അകത്തേക്കുള്ള യാത്രകള്‍, ലാളിത്യത്തിന്‍റെ ഗൃഹപാഠങ്ങള്‍, ചുറ്റുവട്ടങ്ങളിലെ മൊഴിവെട്ടങ്ങള്‍… മടങ്ങിപ്പോകുന്ന കൊറോണയ്ക്കൊപ്പം നാം മടക്കിവിടാതിരിക്കണം ഈ നന്മപച്ചകളെയും.

കൊറോണ പശ്ചാത്തലത്തില്‍ വലിയ ആഴ്ചയിലെ ശുശ്രൂഷകള്‍ ലളിതമായ ചടങ്ങുകളോടെ നാമമാത്രമായി പരിമിതപ്പെടുത്തുകയാണ്, ക്രൈസ്തവലോകം. എന്നാല്‍ പള്ളിച്ചടങ്ങുകളെ വീട്ടിലെത്തിക്കാനുള്ള ലൈവ് സ്ട്രീമിംഗ് മത്സരങ്ങള്‍ പരിധി വിടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

പുറത്തേക്കുള്ളവ അടഞ്ഞു കിടക്കുമ്പോഴും, അകത്തേക്കുളള വഴികള്‍ തുറന്നു തന്നെയാണിപ്പോഴും. ആ വഴിയോരത്ത് ക്രിസ്തുവുണ്ട്, അവന്‍റെ കരുതല്‍ നല്കുന്ന പ്രത്യാശയും (1 പത്രോസ് 5:6). ഒപ്പം കൊറോണ തരുന്ന പുതിയ കൂട്ടുകളും.

Leave a Comment

*
*