മലയാളത്തിലെ മലയാളം വീണ്ടെടുക്കാന്‍

മലയാളത്തിലെ  മലയാളം വീണ്ടെടുക്കാന്‍

കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വളര്‍ന്നുവരുന്ന തെറ്റായ പ്രവണതകളില്‍ മനംനൊന്ത് മലയാള കവി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ നിരാശയില്‍ കുതിര്‍ന്ന പത്രസമ്മേളനത്തോടു വിദ്യാഭ്യാസലോകവും സാഹിത്യലോകവും പ്രതികരിക്കുകയുണ്ടായി. തീവ്രവികാരങ്ങളുടെ തീക്ഷ്ണമായ വാങ്മയചിത്രങ്ങളാണു ചുള്ളിക്കാട് കവിതകള്‍. കേവലം നൂറില്‍ താഴെ മാത്രം കവിതകളെഴുതി ആധുനിക മലയാള സാഹിത്യത്തില്‍ തന്‍റേതായൊരിടം കണ്ടെത്തിയ ഒരു വിപ്ലവകാരിയാണു ശ്രീ ബാലചന്ദ്രന്‍. അതേ ഭാവതീവ്രതയോടെയാണ് എല്ലാ പാഠ്യപദ്ധതികളിലും നിന്ന് തന്‍റെ രചനകളെ ഒഴിവാക്കണമെന്നും തന്‍റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ഒരപേക്ഷ പൊതുസമൂഹത്തിന്‍റെ മുന്നിലും അധികാരികളുടെ മുന്നിലും അദ്ദേഹം സമര്‍പ്പിച്ചത്.

നിരാശ കലര്‍ന്ന ഈ അപേക്ഷയ്ക്കുള്ള കാരണങ്ങളും അദ്ദേഹം അക്കമിട്ടു നിരത്തി. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്കുകയും ചെയ്യുന്നു. മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ വേണ്ടത്ര അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുന്നു. അബദ്ധങ്ങള്‍ നിറഞ്ഞ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണബിരുദം നല്കുന്നു. ആധുനിക വിദ്യാഭ്യാസമേഖലയില്‍ ഭാഷയോടു കാണിക്കുന്ന ഈ അവഗണനയോട് ഭാഷയുടെ മര്‍മ്മം അറിയുന്ന മലയാളത്തിന്‍റെ വലിയ എഴുത്തുകാരന്‍ എംടിയും കവയത്രി സുഗതകുമാരിയും എം. ലീലാവതിയുമൊക്കെ ശക്തിയായിത്തന്നെ പ്രതികരിച്ചു.

ഭാഷ പഠിപ്പിക്കുന്നതില്‍ നിന്നു നമ്മുടെ സാഹിത്യം അകന്നുപോയി. കവിതകള്‍ മനഃപാഠമാക്കേണ്ടെന്നും അക്ഷരത്തെറ്റും വ്യാകരണത്തെറ്റും നോക്കാതെ ആശയമുണ്ടെങ്കില്‍ മാര്‍ക്ക് നല്കണമെന്നുമൊക്കെയുള്ള വിദ്യാഭ്യാസമേഖലയിലെ പുതുസ്വാതന്ത്ര്യങ്ങള്‍ കൊന്നതു മലയാളഭാഷയെയാണ്, വളര്‍ത്തിയതു ഭാഷയുടെ മര്‍മ്മമറിയാത്ത കുറേ നപുംസകജീവിതങ്ങളെയാണ്. "ജലം കൊണ്ടുനല്കും കറുമ്പിയാം പെണ്ണ്" എന്നു പറയുന്നതു മഴമേഘത്തെക്കുറിച്ചാണെന്നു മനസ്സിലാക്കാന്‍പോലും ആസ്വാദനശേഷിയില്ലാത്ത ഭാഷാദ്ധ്യാപകര്‍ പഠിപ്പിച്ചാല്‍ എങ്ങനെയാണു കുഞ്ഞുങ്ങളില്‍ സാഹിത്യാഭിരുചിയും ഭാഷാസ്വാധീനവും വളരുക? ഉള്ളില്‍ തട്ടുന്ന ഒരു കാവ്യാനുഭവം എങ്ങനെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കിട്ടും?

നമ്മുടെ പുതിയ തലമുറ ഭാഷാപഠനത്തില്‍ അപകടാവസ്ഥയിലാണ്. ഒരു കവിയുടെയോ ഏതാനും എഴുത്തുകാരുടെയോ അഭ്യര്‍ത്ഥനകള്‍കൊണ്ടു പെട്ടെന്നൊരു മാറ്റം ഉണ്ടാകാനിടയില്ല. എങ്കിലും നാളത്തെ തലമുറയുടെ സാഹിത്യഭാവിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നവര്‍ ഇവരുടെ ആഹ്വാനങ്ങള്‍ നാം മുഖവിലയ്ക്കെടുക്കണം. നവമാധ്യമങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഈ പുതിയ കാലത്തില്‍ ഭാഷയ്ക്കും സാഹിത്യത്തിനും സാദ്ധ്യതകള്‍ ഏറെയുണ്ട്, അപകടങ്ങളും. കഥയും കവിതയും ലേഖനവും കുറച്ചു പ്രസാധകരുടെ മാത്രം കുത്തകയായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്നു സൃഷ്ടികളുടെ ജനാധിപത്യവത്കരണമാണു സംഭവിക്കുന്നത്, നവമാധ്യമങ്ങളിലൂടെ. ഒരര്‍ത്ഥത്തില്‍ ഇതു സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. പക്ഷേ, കുരുതി കൊടുക്കപ്പെടുന്നതു പലപ്പോഴും ഭാഷാശുദ്ധിയാണ്. അക്ഷരത്തെറ്റുകള്‍ ഇന്ന് ആര്‍ക്കും ഒരു പരാതിയോ പരിഭവവിഷയമോ അല്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഭാഷയ്ക്കും സാഹിത്യത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മൂല്യശോഷണത്തിനെതിരെ പോരാടാന്‍ അദ്ധ്യാപകര്‍ക്കു മാത്രമല്ല, എല്ലാ ഭാഷാ സ്നേഹികള്‍ക്കും കടമയുണ്ട്.

'വിദ്യാഭ്യാസം എന്നതു കുറച്ചു വസ്തുതകള്‍ പഠിക്കുന്നതല്ല, മനസ്സിനെ ചിന്തിക്കാന്‍ പരിശീലിപ്പിക്കുന്നതാണെ'ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രസ്താവിക്കുമ്പോള്‍ 'ഈ ലോകത്തെ മാറ്റിമറിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ'ത് എന്നാണു നെല്‍സണ്‍ മണ്ടേലയുടെ നിരീക്ഷണം. ഭക്താഭ്യാസങ്ങളും അനുഷ്ഠാനങ്ങളും ആത്മീയജീവിതത്തിന്‍റെ പോഷകഘടകങ്ങളാകുന്നതുപോലെയാണു സംസ്കാരം നിറഞ്ഞ ഒരു ജീവിതത്തിനു ഭാഷാ സാഹിത്യ പഠനങ്ങള്‍.

ചോദ്യം ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയോട്: "കരയിലെ ഏറ്റവും വലിയ ജീവി?" വിദ്യാര്‍ത്ഥി "ആമ" എന്ന് ഉത്തരമഴുതി. സ്നേഹനിധിയായ അദ്ധ്യാപകന്‍ "മ" എന്ന അക്ഷരത്തിനു ചുറ്റും ചുവന്ന മഷിയില്‍ വരച്ചിട്ട് "ന" എന്നെഴുതി. 'ആന'യുടെയും 'ആമ'യുടെയും ആദ്യാക്ഷരം 'ആ' എന്നാണല്ലോ. അതു ശരിയുമാണ്. അതിന്‍റെ പേരില്‍ അര മാര്‍ക്ക് വിദ്യാര്‍ത്ഥിക്ക്. നവമാധ്യമങ്ങളില്‍ ഈ അടുത്തകാലത്തു പ്രചരിച്ച ഈ ഉത്തരക്കടലാസ് യാഥാര്‍ത്ഥ്യമാണെങ്കിലും അല്ലെങ്കിലും പ്രസക്തമാണ്, പ്രത്യേകിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ആത്മരോദനത്തിന്‍റെ വെളിച്ചത്തില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org