പ്രളയാനന്തര കേരളം

പ്രളയാനന്തര കേരളം

മലയാളത്തിന്‍റെ മഹാപ്രളയാഴത്തിന് ഒരാണ്ട്; ഒപ്പം പറഞ്ഞകറ്റിയ നന്മകള്‍ക്കും, പാതിവഴിയായ പദ്ധതികള്‍ക്കും. പ്രളയം പകുത്ത കേരളത്തില്‍, മലയാളിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അതിജീവനശ്രമങ്ങളുടെ ദൂരവും വേഗവും വിമര്‍ശനാത്മകമായി വിശകലനം ചെയ്യേണ്ട അടിയന്തിര സന്ദര്‍ഭമാണിത്.

അഞ്ഞൂറോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ട നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍, അനേകം പേര്‍ക്കു പരിക്കേല്ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഒരു ദിവസം മാത്രം മരിച്ചതു 31 പേരാണ്. സംസ്കരിക്കാനാളില്ലാതെ മൃതദേഹങ്ങള്‍ ഒഴുകി നടന്നു. കന്നുകാലികളടക്കം ആയിരക്കണക്കിനു വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. പതിനായിരക്കണക്കിനു ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒറ്റയടിക്കു നശിച്ചത്. സംസ്ഥാനത്തൊട്ടാകെ 215 സ്ഥലത്താണു പ്രളയകാലത്ത് ഉരുള്‍ പൊട്ടിയത് പ്രളയം നീണ്ടുപോയ കുട്ടനാട്ടില്‍ 99 ശതമാനം ആളുകള്‍ക്കു തങ്ങളുടെ വീടുകളില്‍ നിന്നും 90 ദിവസത്തിലധികം വിട്ടുനില്ക്കേണ്ടി വന്നു. കേരളത്തിലുടനീളം നാലായിരത്തോളം ക്യാമ്പുകളിലായി എട്ടു ലക്ഷത്തിലധികം പേര്‍ ജലംകൊണ്ടു മുറിവേറ്റു കിടന്നു. സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച്, 55 ലക്ഷം പേരെ പ്രളയം നേരിട്ടു ബാധിച്ചു. കേരളത്തിന്‍റെ അഞ്ചിലൊന്നു ഭാഗം വെള്ളത്തിനടിയിലായി. പതിനായിരിക്കണക്കിനു കിലോമീറ്റര്‍ റോഡ് തകര്‍ന്നു മൊത്തം 26000 കോടി രൂപയുടെ നഷ്ടമുണ്ടായി.

'നവകേരളമെന്നാല്‍' പുതുക്കിപ്പണിയുന്നതല്ല, മാറ്റിപ്പണിയുന്ന 'പുതിയ കേരള'മാണെന്നറിയിപ്പുമായി പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക്, തുടക്കത്തിലുണ്ടായ ആവേശവും ആവേഗവും തുടര്‍ന്നും നിലനിര്‍ത്താനായോ എന്നതു പരിശോധനാവിഷയമാക്കണം.

4700 കോടിയുടെ അടിയന്തിര സഹായമാണു കേരളം കേന്ദ്രത്തോടു ചോദിച്ചതെങ്കിലും ആദ്യഗഡുവായി അനുവദിക്കപ്പെട്ടത് 600 കോടി രൂപ മാത്രമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. വിദേശത്തു പോയി പിരിക്കാനുള്ള അനുവാദംകൂടി നിഷേധിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രളയ പുനരധിവാസ പരിപാടികളുടെ താളം തെറ്റി. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് അനുവദിച്ച 3048.39 കോടി രൂപയും അടുത്ത രണ്ടു വര്‍ഷത്തേയ്ക്കു പ്രളയ സെസ് പിരിക്കാനുള്ള അനുവാദമുള്‍പ്പെടെ ഏതാനും ചില വാഗ്ദാനങ്ങളുമായി പ്രധാന സഹായം അവസാനിച്ചപ്പോള്‍ 'നവകേരള'മെന്ന സ്വപ്നപദ്ധതിയില്‍ ഒത്തുതീര്‍പ്പുകളുണ്ടായി

വെള്ളമിറങ്ങി ശവപ്പറമ്പായി മാറിയ ദുരിതമേഖലകളെ പ്രതീക്ഷയുടെ പച്ചയണിയിക്കാന്‍ മുന്നില്‍ നിന്നത്, ക്രൈസ്തവസഭയും മറ്റു സന്നദ്ധസംഘടനകളുമായിരുന്നു. പ്രളയ കേരളത്തിന്‍റെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തില്‍ കേരള സഭ ചെലവിട്ടതു 300 കോടിയലധികം രൂപയാണ്. 'കാരിത്താസ് ഇന്ത്യ'യുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടതും ചില ഇടവകകളും വ്യക്തികളും സ്ഥാപനങ്ങളും പ്രത്യേകമായി നടത്തിയ ദുരിതാശ്വാസപരിപാടികള്‍ക്കും പുറമേയാണിതെന്നോര്‍ക്കാം. ദേവാലയങ്ങളും വിദ്യാലയങ്ങളുമുള്‍പ്പെടെ സഭയുടെ എല്ലാ സംവിധാനങ്ങളും ദുരിതാശ്വാസക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തു. ഇടവകകളിലെ യുവജനകൂട്ടായ്മകള്‍ പങ്കുവയ്പിന്‍റെ പ്രായോഗികശാസ്ത്രത്തെ പ്രളയപരിസരങ്ങളില്‍ പരിപാകപ്പെടുത്തി. വൈദികരുടെയും സിസ്റ്റേഴ്സിന്‍റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിനു ക്യാമ്പുകളില്‍ മതഭേദമെന്യേ മനുഷ്യനായും മലയാളിയായും പരസ്പരം തിരിച്ചറിഞ്ഞു. അതാതു രൂപതകളിലെ സാമൂഹ്യസേവന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചതും ഏകോപിപ്പിച്ചതും. ഇപ്പോഴും പ്രളയ കാരണങ്ങളെക്കറിച്ചുള്ള ചര്‍ച്ചകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കുരുങ്ങിക്കോര്‍ക്കുമ്പോള്‍, അതിജീവനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണു സഭയുടെ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍.

സമവായ ചര്‍ച്ചകളിലൂടെയും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങളിലൂടെയും ഉരുത്തിരിയുന്ന പദ്ധതികള്‍, വ്യക്തമായ ദിശാബോധത്തോടെ സമയബന്ധിതമായി നടപ്പാക്കാനുള്ള വിഭവശേഷി തങ്ങള്‍ക്കുണ്ടെന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താന്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാരിനായിട്ടില്ല. പരിമിതകളില്‍ പരിഭ്രമിക്കാത്ത സമ്മര്‍ദ്ദങ്ങളില്‍ ഉലഞ്ഞിളകാത്ത, ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം തന്നെയാണു നവകേരളത്തിന്‍റെ അടിസ്ഥാന പ്രേരകം. സംഭാഷണത്തിന്‍റെ സാദ്ധ്യതകളെ 'മതിലുകളുയര്‍ത്തി' സര്‍ക്കാര്‍ തന്നെ തടസ്സപ്പെടുത്തുമ്പോള്‍ പ്രളയം ഒന്നാക്കിയ കേരളം പലതായി ചിതറുന്നുണ്ടെന്നു മറന്നുപോകരുത്. കാരണം 'നവകേരള'മെന്നാല്‍ 'നന്മ നിറഞ്ഞ' കേരളമെന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org