Latest News
|^| Home -> Editorial -> ചിലിയുടെ മാതൃക മെത്രാൻ സിനഡിനെ സ്വാധീനിക്കുമോ?

ചിലിയുടെ മാതൃക മെത്രാൻ സിനഡിനെ സ്വാധീനിക്കുമോ?

Sathyadeepam

ആഗസ്റ്റ് മൂന്നാം തീയതി അഞ്ചു ദിവസം നീണ്ടുനിന്ന ചിലി മെത്രാന്‍ സമിതിയുടെ അസാധാരണ പ്ലീനറി അസംബ്ലി സമാപിച്ചു. ചിലി സഭയെ പിടിച്ചുകുലുക്കിയ, ലൈംഗിക, അധികാര ദുര്‍വിനിയോഗ ആരോപണങ്ങളുടെ പ്രത്യേക പശ്ചാത്തലത്തിലായിരുന്നു, ചിലി മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സാന്‍റിയാഗോ സില്‍വ ഈ അടിയന്തിര പ്ലീനറി സമ്മേളനം വിളിച്ചുചേര്‍ത്തത്. സമ്മേളനത്തിന്‍റെ സമാപ്തിയില്‍ “എന്‍റെ പിഴ”(MEA CULPA) എന്ന പേരില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ 32 പേരടങ്ങുന്ന ആ മെത്രാന്‍ സമൂഹത്തിന്‍റെ കഠിനമായ ആത്മവിമര്‍ശനവും സഭാസ്നേഹവും പ്രകടമായി.

“അജപാലകര്‍ എന്ന ദൗത്യനിര്‍വഹണത്തില്‍ ഞങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു” എന്ന പരസ്യ കുറ്റസമ്മതത്തോടെയാണ് ആര്‍ച്ചിബഷപ് സാന്‍റിയാഗോ സില്‍വ പത്രസമ്മേളനം ആരംഭിച്ചത്. ന്യായീകരണങ്ങളും വിശദീകരണങ്ങളും ഇല്ലാത്ത, ഉപാധികള്‍ ഒന്നുമില്ലാതെയുള്ള ഒരു പരസ്യകുമ്പസാരം. “ഗൗരവമായ കുറ്റങ്ങള്‍ ചെയ്ത വൈദികരെയും സഭാധികാരികളെയും അവരുടെ അകൃത്യങ്ങള്‍ക്ക് ഇരകളായവരെയും സ്വീകരിക്കാനും, ശ്രവിക്കാനും, വിശ്വസിക്കാനും, സഹഗമിക്കാനും ഞങ്ങള്‍ക്കു കഴിയാതെ പോയി.” ചിലിയുടെ 32 മെത്രാന്മാരും ചേര്‍ന്നു പുറത്തിറക്കിയ പരസ്യ പ്രസ്താവനയില്‍ അവരെഴുതി. അജപാലകര്‍ എന്ന നിലയില്‍ തങ്ങള്‍ക്കു ഭരമേല്പിക്കപ്പെട്ട അജഗണങ്ങളെ പരിപാലിക്കുന്നതിലെ നാലു ചുമതലകളിലാണവര്‍ പരാജയപ്പെട്ടത്: സ്വീകരിക്കുക, ശ്രവിക്കുക, വിശ്വസിക്കുക, സഹഗമിക്കുക. ഈ പരാജയങ്ങളില്‍ ആത്മാര്‍ത്ഥമായി അവര്‍ പശ്ചാത്തപിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്തു.

തങ്ങളുടെ അനാസ്ഥമൂലം തകര്‍ന്നുപോയ ചിലി സഭയുടെ കൂട്ടായ്മയെ തിരിച്ചുപിടിക്കാനും ജനങ്ങളുടെ വിശ്വാസതകര്‍ച്ചയെ പരിഹരിക്കാനും രണ്ടു പ്രധാന അഴിച്ചുപണികളാണു ചിലി മെത്രാന്‍ സംഘം മുന്നോട്ടുവച്ചത്. 1) രാജ്യത്തിന്‍റെ നീതിന്യായവകുപ്പുമായി അടുത്തു സഹകരിക്കുക; കേസന്വേഷണത്തിനു സഹായകരമായ വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കുക. 2) സഭയുടെ തീരുമാനമെടുക്കുന്ന സുപ്രധാന സമിതികളില്‍ കൂടുതല്‍ അല്മായരുടെ പ്രത്യേകിച്ച്, സ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക. അതിലേക്കുള്ള ആദ്യപടിയെന്നോണം ചിലിയിലെ പ്രസിദ്ധ അഭിഭാഷക ആന്‍ മരിയ ബ്രൂണറ്റിനെ National Council for the Prevention of Abuse and Accompaniment of Victims-ന്‍റെ അദ്ധ്യക്ഷയായി നിയമിച്ചു. ഒരു ബിഷപ്പായിരുന്നു ഈ കൗണ്‍സിലിന്‍റെ മുന്‍ തലവന്‍.

ചിലി മെത്രാന്‍ സംഘത്തിന്‍റെ ആഴത്തിലുള്ളതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ ഈ സമ്മേളനത്തെയും സംയുക്ത പ്രസ്താവനയെയും ചിലിയിലെ വിശ്വാസസമൂഹവും പൊതുസമൂഹവും തുറന്ന മനസ്സോടെയാണു സ്വീകരിച്ചത്. ഫ്രാന്‍സിസ് പാപ്പ സ്വന്തം കൈപ്പടയില്‍ ഒരു അഭിനന്ദനകത്ത് തയ്യാറാക്കി ചിലി മെത്രാന്‍ സംഘത്തിനു നല്കി. വീഴ്ചകളെ, പോരായ്മകളെ മറച്ചുപിടിക്കുന്നതല്ല, മനസ്സ് തുറന്നു യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുന്നതാണു ശ്രേഷ്ഠം. ഇത്തരം തുറവാര്‍ന്ന നിലപാടുകള്‍ ജനമനസ്സുകളില്‍ അധികാരികള്‍ക്കുള്ള സ്ഥാനം ഉയര്‍ത്തുകയേയുള്ളൂ.

അകൃത്യങ്ങളില്‍ ലജ്ജിക്കാനും അനുതപിക്കുന്നതില്‍ അഭിമാനിക്കാനും അധികാരികള്‍ക്കാവണം. അപ്പോഴാണവര്‍ ക്രിസ്തുസ്നേഹത്തിലധിഷ്ഠിതമായ യഥാര്‍ത്ഥ അധികാരത്തിന്‍റെ കാവലാളുകളാവുക. “പ്രലോഭനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ ധീരതയോടെ കുരിശു വരയ്ക്കാന്‍ ധൈര്യമുള്ള ഒരു വിശ്വാസി നരകത്തെ കുലുക്കുന്നു; സ്വര്‍ഗത്തെ ആനന്ദിപ്പിക്കുന്നു” എന്ന വി. വിയാനിയുടെ വാക്കുകള്‍ നമ്മെ ധൈര്യപ്പെടുത്തുന്നു. വി. ജോണ്‍ 23-ാമന്‍ പാപ്പ സഭയുടെ ഒരു ദശാസന്ധിയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത ആളാണ്. “ദൈവം നിഴലുകളെ സൃഷ്ടിച്ചതു പ്രകാശത്തിന്‍റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാനാണ്” എന്നു പാപ്പ പറഞ്ഞത് അതുകൊണ്ടാണ്.

കേരള മെത്രാന്‍ സംഘവും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ധ്യാനത്തിലാണ്; തുടര്‍ന്നു സീറോ-മലബാര്‍ സിനഡ് സമ്മേളനവും നടക്കും. ചിലിയിലെ സഭയുടേതുപോലെ അത്ര തീവ്രമല്ലെങ്കിലും ആരോപണങ്ങളുടെയും പ്രതിസന്ധികളുടെയും ഒരു ചെറുമലതന്നെ കേരളസഭയ്ക്കു മുന്നിലുണ്ട്. സഭയുടെയും സഭാധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറിയ വീഴ്ചപോലും പൊതുസമൂഹം എത്ര ഗൗരവമായി കാണുന്നുവെന്നു മാധ്യമവിചാരണകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ആരോപണങ്ങള്‍ ആഘോഷിക്കുന്നവര്‍ക്കെല്ലാം അവരവരുടേതായ വ്യക്തി അജണ്ടകള്‍ ഉണ്ടായേക്കാം. എങ്കിലും സഭയുടെ ചില വീഴ്ചകള്‍ക്കെതിരെ മാധ്യമലോകം കരുണയില്ലാതെ ആഞ്ഞടിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടു പേരെടുത്ത ഒരു മാധ്യമ അവതാരകന്‍ പറഞ്ഞതിങ്ങനെ: “കത്തോലിക്കാസഭയില്‍നിന്ന് 100 ശതമാനമല്ല 110 ശതമാനം ആത്മാര്‍ത്ഥതയും ആത്മാര്‍പ്പണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം അതു ക്രിസ്തു സ്ഥാപിച്ച സഭയാണ്.”

ചിലി മെത്രാന്‍സംഘവും ആഗസ്റ്റ് മൂന്നിലെ അവരുടെ സംയുക്ത പ്രസ്താവനയും കേരള സഭയ്ക്കും സഭാധികാരികള്‍ക്കും പിന്‍ചെല്ലാവുന്ന ഒരു മാതൃകയും ഒരു വ്യത്യസ്ത ദിശാബോധത്തിലേക്കുള്ള ചൂണ്ടുപലകയുമാണ്.

Leave a Comment

*
*