Latest News
|^| Home -> Editorial -> കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്

കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്

Sathyadeepam

മഴക്കാലത്ത് തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഇടയ്ക്കിടെ ഉരുണ്ടുകൂടുന്നതും മഴയായി പെയ്തുതീരുന്നതും പ്രകൃതിനിയമം. പക്ഷേ, പെയ്തൊഴിയാതെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിതന്നെ നിന്നാലോ? അതു സൂര്യനെ മറയ്ക്കും, വെളിച്ചത്തെ കുറയ്ക്കും, പകലിനെ രാത്രിപോലാക്കും. കേരള-ഭാരതസഭയില്‍ നടക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധികള്‍ സാമാന്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരുക്കുന്ന ഒരു വിങ്ങലിനെക്കുറിച്ചാണിവിടത്തെ വിവക്ഷ. കുമ്പസാരത്തെച്ചൊല്ലിയും പുരോഹിതവര്‍ഗ അധികാര ദുര്‍വിനിയോഗത്തെച്ചൊല്ലിയുമുള്ള വിവാദ കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞേ മതിയാവൂ.

ആരോപണങ്ങളും വിവാദങ്ങളും സഭയിലുണ്ടാകുന്നതു സഭയ്ക്കു ജീവനുണ്ടെന്നുതന്നെയാണു കാണിക്കുന്നത്; ഒപ്പം പൗരോഹിത്യത്തിനും സമര്‍പ്പിതജീവിതത്തിനും പൊതുസമൂഹത്തിന്‍റെ ചിന്താമണ്ഡലത്തില്‍ ഇപ്പോഴും ഇടമുണ്ടെന്നും. ലോകത്തിലായിരിക്കെതന്നെ, ലോകത്തോട് അകലം കാണിക്കാന്‍ മടുപ്പു കാണിക്കാത്ത ജീവിതമാണ് ഒരു ആത്മീയന്‍റേത്. പക്ഷേ, അടിസ്ഥാനപരമായ ഈ ആത്മീയചിന്ത ഇക്കാലത്ത് സഭയുടെ അധികാരസ്ഥലങ്ങളില്‍നിന്നു ചോര്‍ന്നുപോകുന്നുണ്ടോ എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. ഞാന്‍ കയ്യാളുന്ന പദവിയും അധികാരവും ദൈവം തന്നെ ഏല്പിച്ചതാണെന്നും ദൈവജനത്തിന്‍റെ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കുമായി അതു വിനിയോഗിക്കുന്നതാണു തന്‍റെ വിളിയെന്നുമുള്ള തിരിച്ചറിവ് അധികാരിക്കുണ്ടാകണം. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് എല്ലാമുപേക്ഷിച്ചു കൂടെപ്പോരുന്നവരും പ്രതിസന്ധികളില്‍ ഉത്തരം തേടി അടുത്തേയ്ക്കു വരുന്നവരും വിശ്വാസത്തില്‍ വളരാന്‍ ദൈവവചന വ്യാഖ്യാനങ്ങള്‍ക്കായി കാതുകൂര്‍പ്പിച്ചിരിക്കുന്ന വിശ്വാസികളും സഭാധികാരികളില്‍നിന്നു പ്രതീക്ഷിക്കുന്നത് ഈ കരുതലും സുരക്ഷയുമാണ്.

സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും സന്ന്യാസിനികളുടെ പങ്കു ചില്ലറയല്ല. ദൈവിക കരുണയുടെ സ്ത്രൈണഭാവങ്ങളാണവര്‍. എല്ലാവരും സ്വന്തം ജീവിതത്തിനുവേണ്ടി അപരനെ തുരക്കുമ്പോള്‍ അപരനെ തിരയാന്‍ സ്വജീവിതത്തെ തുറക്കുന്നവരാണിവര്‍. തിളയ്ക്കുന്ന പ്രായത്തില്‍ സ്വന്തം സ്വപ്നങ്ങളും പ്രതീക്ഷകളും ദൈവത്തിനും സഭയ്ക്കും തീറെഴുതിക്കൊടുത്തു വിദൂരങ്ങളിലെ മിഷന്‍ പ്രദേശങ്ങളിലേക്കിറങ്ങുന്ന ഇവരുടെ ധീരത വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു. ചില സാദ്ധ്യതകളുടെയും സാഹചര്യങ്ങളുടെയും നിരാസമല്ല ഇവര്‍ക്കു സന്ന്യാസം; നിറമനസ്സോടെ വേണ്ടെന്നു വയ്ക്കുന്ന ഭൗതികസന്തോഷങ്ങള്‍ക്കപ്പുറമുള്ള, സര്‍വരോടുമുള്ള സ്നേഹത്തില്‍ കുതിര്‍ന്ന ഒരു പ്രാര്‍ത്ഥനയാണാ ജീവിതം. അതിനാല്‍, ഇവരുടെ ഈ സമര്‍പ്പണം അത്ര നിസ്സാരമായി കരുതാനാവില്ല. ഈ സമര്‍പ്പിത ജീവിതങ്ങളെ അഭിമാനത്തോടെ സ്വന്തമാക്കാനും വാത്സല്യത്തോടെ പരിപോഷിപ്പിക്കാനും കരുതലോടെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം സഭാധികാരികള്‍ക്കുണ്ട്.

ഈ സമ്പൂര്‍ണ സമര്‍പ്പണത്തിന്‍റെ ആനന്ദം നുകരുന്നതില്‍ നിന്ന് സന്ന്യാസിനികളെ പിന്നോട്ടു വലിക്കുന്ന ചില അനിഷ്ട സംഭവങ്ങളാണു സഭയില്‍ സമീപകാലത്തുണ്ടായത്. പറക്കമുറ്റാത്ത മക്കളെ – അതും ഒന്നരയും രണ്ടും ഉള്ളതില്‍ നിന്ന് ഒന്നിനെ – ദൈവശുശ്രൂഷയ്ക്കായി വിദൂര ദേശങ്ങളിലേക്കും മിഷന്‍ പ്രദേശങ്ങളിലേക്കും പറഞ്ഞുവിടുന്ന മാതാപിതാക്കളുടെ മാനസികസംഘര്‍ഷം നാം മനസ്സിലാക്കണം. ദൈവവിളി സ്വീകരിച്ചു സ്വന്തം ഭവനമുപേക്ഷിച്ചു വരുന്ന അനേകം സന്ന്യാസാര്‍ത്ഥിനികള്‍ക്ക് ഒരു രണ്ടാം ഭവനമായാണു സഭ മാറേണ്ടത്. ദൈവവേലയ്ക്കിറങ്ങിയ തങ്ങളുടെ മക്കള്‍ സഭാധികാരികളുടെ സംരക്ഷണവലയത്തില്‍ സുരക്ഷിതരാണെന്നുള്ള ഉറപ്പ് മാതാപിതാക്കള്‍ക്കു നല്കാന്‍ സഭാസംവിധാനത്തിനാകണം.

കാലം മാറുന്ന ഈ സാഹചര്യത്തില്‍ ആധുനിക സമര്‍പ്പിതരുടെ, വിശേഷിച്ചും സന്ന്യാസിനികളുടെ ജോലികളെയും ജീവിതസൗകര്യങ്ങളെയും സാമൂഹ്യബന്ധങ്ങളെയും കുറിച്ചുള്ള ഒരു ഗാഢ അവലോകനത്തിനു സമയമായി. സഹനത്തിന്‍റെയും അനുസരണത്തിന്‍റെയും ലേബലില്‍ അനീതിയും അടിച്ചൊതുക്കലുകളും അനുവദിച്ചുകൂടാ. സ്വാര്‍ത്ഥതാത്പര്യ നിര്‍വഹണത്തിനായി ദൈവികാധികാരത്തിന്‍റെ ദണ്ഡ് ദുരുപയോഗിക്കരുത്. അണച്ചുപിടിക്കേണ്ടവര്‍ തന്നെ അടിച്ചുപുറത്താക്കുന്നു എന്ന ആരോപണംപോലും വേദനാജനകമാണ്. സഹനങ്ങളിലൂടെയുള്ള വിശുദ്ധീകരണവും പ്രതിസന്ധികളിലൂടെയുള്ള ജീവിത നവീകരണവും സന്യാസിനികള്‍ക്കു മാത്രമല്ല സഭയിലെ എല്ലാ ശുശ്രൂഷാധികാരങ്ങളിലിരിക്കുന്നവര്‍ക്കുമുള്ള വിളിയാണ്.

Leave a Comment

*
*