Latest News
|^| Home -> Editorial -> സ്വേച്ഛാധിപത്യത്തിനു ദാസ്യവേല ചെയ്യരുത്

സ്വേച്ഛാധിപത്യത്തിനു ദാസ്യവേല ചെയ്യരുത്

Sathyadeepam

ബി ജെ പി യ്ക്കെതിരെ രൂപപ്പെട്ട മഹാസഖ്യം തകര്‍ന്നു ബീഹാറില്‍ ആ കക്ഷി അധികാരത്തിന്‍റെ ഭാഗമായി. ബി ജെ പി നേതാക്കളായ റാം നാഥ് കോവിന്ദ് രാഷ്ട്രപതിയും വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയുമായി. രാജ്യസഭയിലെ ഭൂരിപക്ഷത്തിലേയ്ക്ക് ആരും വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ബി ജെ പി എത്തിയിരിക്കുന്നു. എ ഐ എ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയില്‍ ഒരു കാര്യം നടത്തിയെടുക്കുക ആ പാര്‍ട്ടിക്ക് ഇനി എളുപ്പമായിരിക്കും.

ഏതു പാര്‍ട്ടിക്കും തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അധികാരത്തിലെത്താം. പ്രതിലോമ പ്രത്യയശാസ്ത്രവും പിന്തിരിപ്പന്‍ നയപരിപാടികളുമുള്ള പാര്‍ട്ടിയാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ വിവേകികള്‍ക്ക് അതില്‍ പരിതപിക്കാനും അടുത്ത തിരഞ്ഞെടുപ്പുകളെ ലക്ഷ്യമാക്കി അഭിപ്രായരൂപീകരണം നടത്താനും മാത്രമേ സാധിക്കൂ. ജനഹിതം അനുസരിച്ച് പാര്‍ട്ടികള്‍ക്ക് അധികാരത്തിലേറുകയും അധികാരം വിടുകയും ചെയ്യാം. അതു ജനാധിപത്യം നല്‍കുന്ന അവസരവും ഉത്തരവാദിത്വവുമാണ്.

എന്നാല്‍, ഏറ്റവുമൊടുവിലായി ബി ജെ പി അതിന്‍റെ അധികാരസ്വാധീനങ്ങളില്‍ നേടിയിരിക്കുന്ന വലിയ കുതിച്ചുചാട്ടത്തിന് ഒരു സവിശേഷതയുണ്ട്. അരങ്ങിലെ തിരഞ്ഞെടുപ്പു വിജയങ്ങള്‍ മാത്രമല്ല അണിയറയിലെ അടവുനയങ്ങളും അതിനായി അവര്‍ ഉപയോഗപ്പെടുത്തി എന്നതാണത്. പ്രതിപക്ഷമായിരുന്ന ബി ജെ പി മറ്റൊരു തിരഞ്ഞെടുപ്പു കൂടാതെയാണ് ഇന്ന് ബീഹാറില്‍ നിതീഷ് കുമാറിനൊപ്പം ഭരണകക്ഷിയായത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയാനിശ്ചിതത്വം തങ്ങളുടെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനു ബി ജെ പി ഉപയോഗിക്കുന്നു. ബി ജെ പി ക്കെതിരെ പ്രതിപക്ഷപ്രവര്‍ത്തനം നടത്തുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള വോട്ടുകള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നേടിയെടുക്കാന്‍ ബി ജെ പി ക്കു സാധിച്ചു. ബി ജെ പി യുടെ കുതന്ത്രങ്ങളില്‍നിന്നു രക്ഷപ്പെടുന്നതിനു കോണ്‍ഗ്രസ് എം എല്‍ എ മാരെ ഒളിപ്പിച്ചു താമസിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. പണമൊഴുക്കി പാര്‍ട്ടികളെ പിളര്‍ത്തുന്നു, നേതാക്കളെ അടര്‍ത്തിയെടുക്കുന്നു.

രാഷ്ട്രീയരംഗത്തു മാത്രമല്ല ബി ജെ പി തന്ത്രജ്ഞന്മാരുടെ ഉപജാപങ്ങള്‍ അരങ്ങേറുന്നത്. മാധ്യമലോകത്തെ വരുതിയിലാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ടി വി ചാനലുകളും പത്രങ്ങളും വെബ്സൈറ്റുകളും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ അവര്‍ സ്വാധീനിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുക്കുകയും സ്വന്തം ജിഹ്വകളാക്കുകയും ചെയ്യുന്നു. വന്‍കോര്‍പ്പറേറ്റുകളുടെ പിന്തുണയും ഇതിനവര്‍ക്കുണ്ട്.

അധികാരം പൂര്‍ണാര്‍ത്ഥത്തില്‍ കയ്യിലെത്തിയാല്‍ സ്വന്തം വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ ആ പാര്‍ട്ടി മടിക്കില്ലെന്ന പ്രഖ്യാപനവും അവരുടെ പുതിയ പ്രവര്‍ത്തനങ്ങളിലുണ്ട്. ഒരര്‍ത്ഥത്തില്‍ റാംനാഥ് കോവിന്ദിനെ പോലൊരാളെ രാഷ്ട്രപതിയായി നിശ്ചയിച്ചതുപോലും അതിന്‍റെ തെളിവാണ്. മുമ്പ് ബി ജെ പി ക്ക് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഒരാളെ മത്സരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ തിരഞ്ഞെടുത്തത് കക്ഷിരാഷ്ട്രീയഭേദമെന്യേ രാജ്യമാദരിക്കുന്ന ശാസ്ത്രജ്ഞനും ദീര്‍ഘവീക്ഷണപടുവും ന്യൂനപക്ഷ മതാംഗവുമായ എ പി ജെ അബ്ദുള്‍കലാമിനെയായിരുന്നെങ്കില്‍ ഇന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നു തീര്‍ച്ച കൈവന്നപ്പോള്‍ കടുത്ത പാര്‍ട്ടിക്കാരനെ തന്നെ ആ സ്ഥാനത്തേയ്ക്കു നിയോഗിച്ചു. ഉപരാഷ്ട്രപതിയുടെ കാര്യത്തിലും സമവായങ്ങള്‍ക്കു ശ്രമിച്ചില്ല. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കാവിപ്പരിപാടികള്‍ നിവൃത്തിയാക്കുന്നതിന്‍റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ മഹത്തുക്കളെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തുന്ന ലഘുലേഖയില്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും ഒഴിവാക്കപ്പെടുകയും ഹെഡ്ഗേവാറും സവര്‍ക്കറും സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഇത് യാദൃച്ഛികമല്ലെന്നും നിരവധി സംസ്ഥാനങ്ങളില്‍ മാത്രമല്ല കേന്ദ്രത്തില്‍തന്നെയും ഇതിനു തുടര്‍ച്ചകളുണ്ടാകുമെന്നും കരുതുന്നതില്‍ തെറ്റില്ല.

ആശാസ്യമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ സംബന്ധിച്ച് ഈ പ്രവണതകള്‍. ആര്‍ എസ് എസിന്‍റെ രാഷ്ട്രീയ മുഖമായ ബി ജെ പി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഇന്ത്യ ഫാസിസത്തിന്‍റെ പിടിയിലേയ്ക്കു പോകുകയാണോ എന്ന ആശങ്ക നിരവധി കേന്ദ്രങ്ങള്‍ പങ്കു വച്ചിരുന്നു. എങ്കിലും ജനാധിപത്യപ്രക്രിയയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് അനേകര്‍ അതിനെ മുഖവിലയ്ക്കെടുത്തിരുന്നില്ല. ബി ജെ പി തെറ്റായ പാത പിന്തുടരുകയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരുത്താമല്ലോ എന്നതായിരുന്നു അവരുടെ ആശ്വാസത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ തിരഞ്ഞെടുപ്പു പ്രക്രിയകളെ മറികടന്നു കൊണ്ടും വിവിധ ഉപജാപങ്ങളിലൂടെയും അധികാരവ്യാപനത്തിനു തത്ത്വദീക്ഷയില്ലാതെ ശ്രമിക്കുന്ന ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം ജനാധിപത്യത്തിന്‍റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നതാണ്.

അധികാരപക്ഷം അനുനിമിഷം കരുത്താര്‍ജ്ജിക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ സ്ഥിതിയെന്താണ്? കോണ്‍ഗ്രസ് ദിനേന ബലഹീനമാകുന്നു. ഇടതുപക്ഷം ഒരിഞ്ചു മുന്നേറുമ്പോള്‍ രണ്ടിഞ്ചു പിന്നോട്ടു പോകുന്നു. പ്രദേശിക കക്ഷികളാകട്ടെ ആദര്‍ശങ്ങള്‍ മറന്ന് അവസരവാദം പരീക്ഷിക്കുന്നു.

ഒട്ടും പ്രകാശമാനമല്ലാത്ത ഈ അന്തരീക്ഷത്തിലാണ് ഭാരതം അതിന്‍റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രാഷ്ട്രത്തിന്‍റെ ദീര്‍ഘ ഭാവിയെ കുറിച്ചു ചിന്തിക്കാനും തദനുസൃതം പ്രവര്‍ത്തിക്കാനും സഭയ്ക്കും ബാദ്ധ്യതയുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതകളെ തിരിച്ചറിയാനും തുറന്നു കാട്ടാനും സഭാനേതൃത്വവും അം ഗങ്ങളും ലഭ്യമായ അവസരങ്ങളെല്ലാം ഉപയോഗിക്കണം. തത്കാല കാര്യലാഭങ്ങള്‍ക്കായി സ്വേച്ഛാധിപത്യത്തിനു ദാസ്യവേല ചെയ്യുന്നതു ഭാവിയോടുള്ള ചതിയായിരിക്കും.
സ്വാതന്ത്ര്യദിനാശംസകള്‍!

Leave a Comment

*
*