ഉള്ള് പൊട്ടി, കേരളം

ഉള്ള് പൊട്ടി, കേരളം

കേരളം വീണ്ടുമൊരു പ്രളയപ്പേടിയിലാണ്. നൂറ്റാണ്ടിലെ മഹാപ്രളയം തകര്‍ത്ത നാടു പതുക്കെ നടുനിവര്‍ത്തുന്നതേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വീണ്ടും അപ്രതീക്ഷിതമായി മലയുടെയും മഴയുടെയും കലിയിളക്കം.

2018-ലെ പ്രളയ വാര്‍ഷികവേളയില്‍ത്തന്നെ, നിലയ്ക്കാത്ത മഴ, മരണപ്പേമാരിയായി പെയ്തു നിറഞ്ഞപ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വളരെ വേഗം വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞു തൊടിയും വീടും നിറഞ്ഞൊഴുകി. രണ്ടോ മൂന്നോ ദിവസത്തെ ദുരിതപ്പെയ്ത്തിന്‍റെ ആഴവും ആഘാതവും ഇത്ര ശക്തവും ഭീതിദവുമെങ്കില്‍, സുരക്ഷിതസ്ഥാനമെന്ന നമ്മുടെ സംസ്ഥാനത്തിന്‍റെ പദവിയും പാരമ്പര്യവും ഓര്‍മയാവുകയാണെന്നു വേണം കരുതാന്‍. ഇപ്രാവശ്യം ഉരുള്‍പൊട്ടിയുണ്ടായ നാശമായിരുന്നു വലിയ ദുരന്തം. എണ്‍പതോളം ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍, വലിയ നാശം വിതച്ച മലപ്പുറം, കവളപ്പാറയില്‍ ദുരന്തമുണ്ടായി അഞ്ചു ദിവസത്തിനുശേഷവും തിരച്ചില്‍ തുടരുമ്പോള്‍ 23 മൃതദേഹങ്ങള്‍ മാത്രമാണു കിട്ടിയത്. 40 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. വയനാട്ടിലെ പുത്തുമലയിലെ മലയിടിച്ചിലില്‍ മരണപ്പെട്ടവരില്‍ എട്ടു പേര്‍ക്കുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.

എന്തുകൊണ്ടു വീണ്ടും ഈ ജലദുരന്തമെന്ന ചോദ്യത്തിനുള്ള ഉത്തരം കഴിഞ്ഞ പ്രളയവേളയില്‍ നാം ഉയര്‍ത്താതിരുന്ന ചോദ്യങ്ങളില്‍ത്തന്നെയുണ്ട്. നാമൊന്നും പഠച്ചില്ലെന്നതുതന്നെയാണു പ്രധാന പ്രളയപാഠം. ദുരിതമേഖലകളില്‍ ദുരന്തനിവാരണ സംഘം എത്താന്‍ വൈകിയതും എത്തിയവര്‍ക്കുപോലും കാര്യമായൊന്നും ചെയ്യാനാകുന്നില്ലെന്നതും എത്ര വലിയ ലാഘവത്തോടെയാണു നാം ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ്. കഴിഞ്ഞുപോയ പ്രളയ പ്രശ്നം പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള വിദഗ്ദ്ധസമിതിയെ നിശ്ചയിക്കാനുള്ള ചുരുക്കപ്പട്ടിക തീരുമാനിച്ചതുതന്നെ കഴിഞ്ഞ ദിവസമാണ്. പല ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ വൈകിയതും ചിലതെല്ലാം തുറക്കാനാകാത്തതും, കഴിഞ്ഞ വര്‍ഷം പ്രളയദുരിതം ഇരട്ടിയാക്കിയെങ്കില്‍, അതേ കാരണത്താല്‍ ചിലയിടത്തെങ്കിലും ഇപ്രാവശ്യവും മലവെള്ളപ്പാച്ചിലുണ്ടായി എന്നറിയുമ്പോള്‍, പ്രതി, കാലവര്‍ഷം മാത്രമല്ലെന്നു മനസ്സിലാകും.

കേരളത്തില്‍ നാലായിരത്തോളം കരിങ്കല്‍ ക്വാറികളുണ്ട്. അവയിലേറെയും പശ്ചിമഘട്ടത്തിലാണ്. 70 ലക്ഷം കോടിയുടെ കരിങ്കല്‍ ഖനനം ഇതിനോടകം നടന്നിട്ടുണ്ടെന്നാണു കണക്ക്. വലിയ ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കളമൊരുങ്ങിയ കവളപ്പാറയില്‍ മാത്രം അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 27 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്വാറികളിലെ തുടര്‍ച്ചയായ സ്ഫോടനങ്ങളുടെ പ്രകമ്പനങ്ങള്‍, മണ്ണും പാറയും തമ്മിലുള്ള ഗാഢബന്ധത്തിനേല്പിക്കുന്ന ആഘാതത്തില്‍ ഒലിച്ചിറങ്ങുന്ന വെള്ളത്തോടൊപ്പം മലയിടിഞ്ഞും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടലിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്നതു പഠനവിഷയമാക്കണം. സ്വകാര്യമേഖലയില്‍ ഖനനമൊഴിവാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍, ക്വാറികളും ജനവാസമേഖലയും തമ്മിലുള്ള അകലം 100 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി കുറച്ചു പശ്ചിമഘട്ട സംരക്ഷണം യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. വിഴിഞ്ഞംപോലുള്ള വന്‍കിട പദ്ധതികള്‍ക്കുവേണ്ടി പശ്ചിമഘട്ടത്തിനിനി യൗവ്വനം ബാക്കിയില്ലെന്നോര്‍ക്കുക. മലയോരമേഖലയിലെ ഭൂരിപക്ഷം പാറമടകളുടെ ഉപജ്ഞാതാക്കളും ഗുണഭോക്താക്കളും പാവപ്പെട്ട കര്‍ഷകരല്ലാത്ത സാഹചര്യത്തില്‍, നിയമവിരുദ്ധമായും പരിസ്ഥിതി നയങ്ങളെ വെല്ലുവിളിച്ചും പ്രവര്‍ത്തിക്കുന്ന ക്വാറികളെ കൊടിയുടെ നിറം നോക്കാതെ നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുമോയെന്നു കണ്ടറിയാം. കുടിയേറ്റ മേഖലയിലെ കര്‍ഷകരുടെ ആശങ്കകളെ ഗൗരവമായി എടുത്തുകൊണ്ടുതന്നെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ സദുദ്ദേശപരമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകതന്നെ വേണം. പുഴ വഴിമാറി ഒഴുകിയെന്നു കുറ്റപ്പെടുത്തണ്ട; നികത്തിയും നിര്‍മ്മിച്ചും വഴിമുടക്കിയതു നമ്മളാണ്.

പ്രളയാവര്‍ത്തനങ്ങള്‍ കേരളത്തെ കുറേക്കൂടി ജാഗരൂകമാക്കേണ്ടതുണ്ട്. ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ കേരളത്തിന്‍റെ ആഭ്യന്തര ടൂറിസം, ചെറുകിട വ്യവസായമേഖലകളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. വര്‍ഷത്തില്‍ പകുതിയും അതിവര്‍ഷം മൂലമുണ്ടാകുന്ന ഇത്തരം ദുരന്തനിവാരണങ്ങളില്‍ സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും പ്രവര്‍ത്തനശേഷിയും വിഭവസമാഹരണവും ഏകോപിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പടുമ്പോള്‍, ഒരു നാടിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചാവേഗവും ഏകാഗ്രതയുമാണു തടസ്സപ്പെടുന്നത്.

പുതിയ പ്രളയസാഹചര്യമുയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. 'മലയിടിഞ്ഞതല്ല, നാമിടിച്ചതാണ്' എന്ന തിരിച്ചറിവില്‍ പരിസ്ഥിതി-സൗഹൃദ നിര്‍മ്മാണ സംസ്കാരം കേരളത്തിലുണ്ടാകുമോ? പ്രളയമേഖലയില്‍ പ്രവര്‍ത്തിച്ച, താത്പര്യമുള്ളവരെ ചേര്‍ത്തു വാര്‍ഡ് അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സംഘത്തെ പരിശീലിപ്പിച്ചെടുക്കാനും ദുരിതമേഖലകളില്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമോ? നിയമലംഘനപരമ്പരകളുടെ അടിസ്ഥാനമായ അഴിമതിയുടെ അഴിയാക്കുരുക്കില്‍ നിന്നും ഉദ്യോഗസ്ഥ-രാഷ്ട്രീയ ബാന്ധവത്തെ അഴിച്ചെടുക്കാനാവുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരമാണു നാളത്തെ സുരക്ഷിത കേരളം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org