Latest News
|^| Home -> Editorial -> നാം ഒഴുക്കി കളയേണ്ട വെള്ളം

നാം ഒഴുക്കി കളയേണ്ട വെള്ളം

Sathyadeepam

മഴയില്‍ കുതിര്‍ന്ന് കേരളം. ജീവന്‍ നല്കുന്ന ജലം ജീവനെടുക്കുന്ന അവസ്ഥ. കേരളത്തിനൊട്ടും പരിചിതമല്ലാത്ത ‘പുനരധിവാസം’, ‘ദുരിതാശ്വാസ ക്യാമ്പ്’, ‘പ്രളയക്കെടുതി’ എന്നീ വാക്കുകള്‍ നമ്മുടെ സംസാരഭാഷയുടെ ഭാഗമായി കഴിഞ്ഞു. കാലവര്‍ഷമല്ല കേരളത്തെ മുക്കിയത്, കെട്ടിനിര്‍ത്തി നാം തുറന്നുവിട്ട 33 ഡാമുകളിലെ വെള്ളമാണ്.

ഈ കുറിപ്പെഴുതുന്നതും സാധാരണ എഴുത്തിനനുകൂലമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിലാണ്; പേനയില്‍ നിന്ന് ഇത് അച്ചടി മഷി പുരണ്ട് എന്ന് നിങ്ങളുടെ കൈയിലെത്തുമെന്നും ഉറപ്പില്ല. അയല്‍സംസ്ഥാനങ്ങളിലും അന്യദേശങ്ങളിലും മാത്രം നാം കണ്ടുകൊണ്ടിരുന്ന പ്രളയക്കെടുതി ദൃശ്യങ്ങളും വാര്‍ത്തകളും എന്‍റെ വീടിന്‍റേയും ഭാഗമായി കഴിഞ്ഞു. അതെ, വികസിത കേരളം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

14-ാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭം വ്യാപാര കേന്ദ്രമായിരുന്ന മുസിരിസ് തുറമുഖത്തെ ഇല്ലാതാക്കുകയും ഒന്നുമല്ലാതായിരുന്ന കൊച്ചി തുറമുഖത്തിനു ജന്മം നല്കുകയും ചെയ്തതുപോലെ ഈ പ്രളയക്കെടുതി ഭീകരമായ എന്തെങ്കിലും മാറ്റം കേരളത്തിനു സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് ഭൗമശാസ്ത്രജ്ഞര്‍. 350 അടി ഉയരമുള്ള ഇടുക്കി ഡാം അതിന്‍റെ ഷട്ടര്‍ വെറും 50 സെ. മീറ്റര്‍ ഉയര്‍ത്തിയപ്പോള്‍ മുങ്ങാന്‍ തുടങ്ങിയവരാണ് നമ്മള്‍. എത്ര പുരോഗമിച്ചാലും, എത്ര ശാസ്ത്രസാങ്കേതികവിദ്യകള്‍ കൈയിലുണ്ടെന്ന് അഭിമാനിച്ചാലും പ്രകൃതിശക്തികള്‍ക്കു മുമ്പില്‍ നാമിപ്പോഴും വട്ടപൂജ്യമാണെന്നുതന്നെ ഈ ദിനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പ്രളയദിനങ്ങള്‍ രണ്ടു തിരിച്ചറിവുകള്‍ നമുക്കു തന്നു. കെടുതിയില്‍ പെട്ടവരെ കൈ മെയ് മറന്ന് സഹായിക്കാനും സംരക്ഷിക്കാനുമുള്ള മലയാളിയുവതയുടെ മനസ്സ്; വികലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ ആഘാതത്തിന്‍റെ ആഴം. മഴയില്‍ പുഴപോലെയായ റോഡുകള്‍ക്ക് മധ്യത്തില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കാനും, ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനും, പ്രതിഫലം ആഗ്രഹിക്കാതെ സമയവും സേവനവും നല്കാന്‍ ധാരാളം യുവജനങ്ങള്‍ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നതും ആശ്വാസത്തിനു വക നല്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സെല്‍ഫികളിലും മാത്രം ജീവിതം ഒതുക്കിയവരല്ല നമ്മുടെ യുവരക്തമെന്നവര്‍ തെളിയിച്ചു.

വികലമായ, സ്വാര്‍ത്ഥത പുരണ്ട, വികസന നയങ്ങള്‍ ഈ പ്രളയദുരന്തത്തിന്‍റെ അളവ് കൂട്ടി. പ്രകൃതിവിരുദ്ധവും ക്രാന്തദര്‍ശിത്വമില്ലാത്തതുമായ വികസനശൈലികള്‍ കേരളത്തിന് വിനയാവുകയാണ്. പ്രകൃതിസംരക്ഷണത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നരും എഴുതുന്നവരും പാടുന്നവരും തങ്ങള്‍ക്കൊരു വീടു പണിയുമ്പോഴും, തങ്ങളുടെ ഇടവകയില്‍ ഒരു പൊളിച്ചുപണി നടത്തുമ്പോഴും തങ്ങളുടെ പഞ്ചായത്തില്‍ നിര്‍മ്മാണം നടത്തുമ്പോഴും ഈ തത്ത്വങ്ങള്‍ പാലിക്കാറില്ല. 2000 രൂപയുടെ നോട്ടുകള്‍ കത്തിച്ച് കട്ടന്‍ചായ ഉണ്ടാക്കിക്കുടിച്ച് ഉന്മേഷമുണ്ടായി എന്നഭിമാനിച്ചു, നാം.

ആത്മീയലോകത്തിലും ഇതേ ശൈലിക്ക് നാം അടിപ്പെട്ടുകഴിഞ്ഞു. വിശ്വാസത്തില്‍ ആഴപ്പെടാനുള്ള പണിയായുധങ്ങള്‍ ഒരുക്കാതെ, ശീഘ്രസന്തോഷവും ആത്മസുഖവും നല്കുന്ന പ്രബോധനശൈലികളും ശുശ്രൂഷകളും, തിരുകര്‍മ്മങ്ങളും നാമൊരുക്കി. പ്രളയം വരുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊ, മലവെള്ളപാച്ചില്‍ ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളൊ. നാമൊരുക്കിയില്ല. കാലം പൊറുക്കട്ടെ, ദൈവം കനിയട്ടെ, പരിധികളില്ലാതെ.

Leave a Comment

*
*