പരിവർത്തനത്തിന്റെ നേർവഴികൾ

പരിവർത്തനത്തിന്റെ നേർവഴികൾ

ജനാധിപത്യത്തിനും മതേതരത്വത്തിനും ശ്വാസംമുട്ടിയ നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്വാതന്ത്ര്യമാസമാണിത്. സ്വാതന്ത്ര്യത്തിന്‍റെ 70 വര്‍ഷം പിന്നിടുമ്പോള്‍ ഏഴു വയസ്സിന്‍റെ വളര്‍ച്ചപോലും നമ്മുടെ ചിന്താലോകത്തും സാമൂഹ്യജീവിതത്തിലും സംഭവിച്ചിട്ടില്ല എന്നു തോന്നിപ്പോകും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ സംഭവവികാസങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍.

ഗോരഖ്പൂരിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ മരിച്ച 76-ഓളം പിഞ്ചുകുട്ടികളും കേരളത്തില്‍വച്ച് അപകടത്തില്‍പ്പെട്ടു ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട്ടുകാരനായ മുരുകനും ബ്ലൂവെയില്‍ ഓണ്‍ലൈന്‍ ഗെയിം ഇരകള്‍ മനോജും സാവന്തും നമ്മുടെ ശ്വാസം മുട്ടിക്കുന്നു, ഉറക്കം കെടുത്തുന്നു.

പ്രാണവായു നിഷേധത്തിനു പുറമേ കഴിഞ്ഞ ആഴ്ചകളില്‍ റാഞ്ചിയില്‍ ഉണ്ടായ വിശ്വാസവായു നിഷേധം അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഈ ആഗസ്റ്റ് മാസം 12-നാ ണു ജാര്‍ഖണ്ഡ് ഗവണ്‍മെന്‍റ് റാഞ്ചിയില്‍ മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചത്. ബില്‍ അവതരണത്തിനു തൊട്ടുമുമ്പുള്ള ദിവസത്തിലെ എല്ലാ പ്രാദേശിക ഹിന്ദി പത്രങ്ങളിലും ആദ്യപേജില്‍ത്തന്നെ ഗവണ്‍മെന്‍റിന്‍റെ പരസ്യമുണ്ടായിരുന്നു, മതപരിവര്‍ത്തനത്തിനെതിരെ മഹാത്മാഗാന്ധി പറഞ്ഞുവെന്നു കരുതപ്പെടുന്ന വാചകങ്ങള്‍ ഉദ്ധരിച്ചു കണ്ടു. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായിട്ടാണ് ഈ പരസ്യം. സംഘ്പരിവാറിനു പറയാനുള്ള കാര്യങ്ങള്‍ ഗാന്ധിജിയുടെ വാക്കുകള്‍ക്കിടയില്‍ തിരുകി സാധാരണ ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നു സംസാരമുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ പരസ്യം കിടക്കുന്നതു ക്രിസ്തീയ മിഷനറിമാര്‍ക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്നതിന്‍റെ സൂചന നല്കുന്നു.

ജാര്‍ഖണ്ഡില്‍ ആകെ ജനസംഖ്യയില്‍ 27 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗക്കാരില്‍ പ്രധാനമായും രണ്ടു വിഭാഗങ്ങളാണുള്ളത്. പ്രകൃതിയെ ആരാധിക്കുന്ന സര്‍ണകളും ക്രിസ്ത്യന്‍ ഗ്രൂപ്പുകളും. ഈ നിരോധനബില്‍ നിലവില്‍ വരുന്നത് ഈ രണ്ടു വിഭാഗങ്ങളുടെയും സ്വൈര്യജീവിതത്തെ തടസ്സപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല ഈ ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും തദ്വാര ഉണ്ടാകുന്ന ബൗദ്ധികവളര്‍ച്ചയും അധികാരത്തിലിരിക്കുന്ന വരേണ്യവര്‍ഗത്തിനു ഭീഷണിയുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ 25-28 ആര്‍ട്ടിക്കിള്‍ നല്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ മതപരിവര്‍ത്തന നിരോധനബില്‍ എന്നതില്‍ സംശയമില്ല. ഒരു മതേതര രാഷ്ട്രമായ ഭാരതത്തില്‍ സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനുമുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിന് 1984 മുതലുള്ള ചരിത്രമുണ്ട്. ഡല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ 1984-ലും 2002-ല്‍ ഗുജറാത്തിലും 2008-ല്‍ ഒറീസ്സയിലും മതത്തിന്‍റെ പേരില്‍ വര്‍ഗീയ കലാപങ്ങളുണ്ടായി.

നിര്‍ബന്ധിച്ചും സാമ്പത്തികവാഗ്ദാനങ്ങള്‍ നല്കിയുമുള്ള മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയിട്ടുള്ളവയാണ് ഛത്തീസ്ഗഡ് (2000), ഗുജറാത്ത് (2003), ഹിമാചല്‍പ്രദേശ് (2007), രാജസ്ഥാന്‍ (2008) എന്നീ സംസ്ഥാനങ്ങള്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ ദേശീയ തലത്തില്‍ മതപരിവര്‍ത്തന നിരോധനബില്‍ നടപ്പിലാക്കുമെന്ന് 2013-ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചതാണ്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഈ ബില്‍ പാസ്സാക്കിയെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷായുടെ പരിശ്രമങ്ങള്‍ തുടരുകയുമാണ്.

ഭാരതത്തിലെ ക്രിസ്തീയ വിശ്വാസത്തിനു ശ്വാസം നിഷേധിച്ച ഒറീസ കന്ദമാല്‍ കലാപത്തിന് ആഗസ്റ്റ് 25-ന് ഒമ്പതു വയസ്സ്. മതത്തിന്‍റെ പേരില്‍ തകര്‍ക്കപ്പെട്ടത് 395 ആരാധനാലയങ്ങളും ചിതറിക്കപ്പെട്ടത് 56,000-ഓളം ജനങ്ങളുമാണ്. വിശ്വാസത്തിന്‍റെ ബലിക്കല്ലില്‍ മാനവും പ്രാണനുമില്ലാതായത് 140 പേര്‍ക്കാണ്. നിരപരാധികള്‍ ജയിലിനകത്തും അപരാധികള്‍ നിര്‍ഭയം പുറത്തും മേയുമ്പോള്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്കേണ്ടതു നാമോരോരുത്തരുമാണ്.

പരിവര്‍ത്തനം നിര്‍ബന്ധിച്ചുണ്ടാകുന്നതല്ല; അത് ഉള്ളിലെ ദൈവാത്മാവിനെ സ്വയം തിരിച്ചറിയുന്നതാണ്. അതിനാല്‍ നിര്‍ഭയം, നിരന്തരം നമുക്കു മിഷന്‍ പ്രവര്‍ത്തനം തുടരാം, സുവിശേഷവത്കരണത്തിന്‍റെ നവീനശൈലികള്‍ ആവിഷ്കരിക്കാം. കാരണം സഭ പ്രകൃത്യാതന്നെ പ്രേഷിതയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org