നിലവിളിക്കുന്ന നീതിയുടെ നിര്‍ണായക സിനഡ്

നിലവിളിക്കുന്ന നീതിയുടെ നിര്‍ണായക സിനഡ്

സീറോ-മലബാര്‍ സഭയില്‍ മറ്റൊരു വര്‍ഷകാല സിനഡിനു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ തുടക്കമായി. 2019 ആഗസ്റ്റ് 19-ന് ആരംഭിച്ച, സിനഡില്‍ വിദേശത്തും സ്വദേശത്തുമുള്ള 56 മെത്രാന്മാര്‍ പങ്കെടുക്കുന്നു.

ഏകദേശം രണ്ടു വര്‍ഷം മുമ്പ് എറണാകുളം-അങ്കാലി അതിരൂപതയിലുണ്ടായ ഭൂമിവിവാദവും അതിന്‍റെ ചുവടുപിടിച്ചുണ്ടായ രേഖാവിവാദവും അതിന്മേല്‍ ഇതുവരെ സ്വീകരിക്കപ്പെട്ട നടപടികളുടെ വിശകലനവും പരിഹാരനിര്‍ദ്ദേശങ്ങളും പ്രധാന ചര്‍ച്ചയാകുന്ന പരി. സൂനഹദോസിനെ ഏറെ ആകാംക്ഷയോടെയാണു സഭയും പൊതുസമൂഹവും നോക്കിക്കാണുന്നത്. സ്വയാധികാരസഭയായി ഉയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി നിറവില്‍ നില്ക്കുന്ന സഭയ്ക്കും സിനഡിനും സമാനതകളില്ലാത്ത സമകാലിക പ്രതിസന്ധിയെ ഉത്തരവാദിത്വത്തോടെ അഭിമുഖീകരിക്കാനാകും എന്ന പ്രതീക്ഷയിലാണു വത്തിക്കാനും പൗരസ്ത്യസഭാ തിരുസംഘവും. കഴിഞ്ഞ ദിവസം മറ്റൊരു പൗരസ്ത്യ കത്തോലിക്കാസഭയായ ഉക്രൈന്‍ സഭയിലെ സ്ഥിരം സിനഡംഗങ്ങളെ വത്തിക്കാനിലേക്കു പ്രത്യേകം ക്ഷണിച്ചുവരുത്തി, ഫ്രാന്‍സിസ് പാപ്പ നല്കിയ നിര്‍ദ്ദേശങ്ങള്‍, സിനഡിന്‍റെ യാഥാര്‍ത്ഥ അരൂപിയെ അടയാളപ്പെടുത്തുന്നവയാണ്. 'നല്ല കേള്‍വിക്കാര്‍ക്കു മാത്രമേ ആദരവിന്‍റെ സംഭാഷണശൈലി സ്വന്തമാക്കാനാവൂ' എന്ന് അഭിപ്രായപ്പെട്ട പാപ്പ സഭാംഗങ്ങളായ അല്മായരുടെ ക്രിയാത്മകമായ പങ്കാളിത്തം, സിനഡിന്‍റെ ശരിയായ പശ്ചാത്തലമാകണമെന്നോര്‍മ്മിപ്പിച്ചു.

പുതിയ നിയമത്തില്‍ ശ്ലീഹന്മാരുടെ നടപടിപുസ്തകം പതിനഞ്ചാമദ്ധ്യായത്തില്‍ വിവരിക്കുന്ന ജെറുസലേം സൂനഹദോസില്‍ പത്രോസും പൗലോസും മുഖാമുഖം നില്ക്കുന്ന രംഗമുണ്ട്. പുതുതായി സഭയില്‍ ചേര്‍ക്കപ്പെട്ടവര്‍ മോശയുടെ പരിച്ഛേദന നിയമം പാലിക്കേണ്ടതുണ്ടോയെന്ന തര്‍ക്കത്തിനൊടുവില്‍, പത്രോസ് ശ്ലീഹായുടെ നിരീക്ഷണമിങ്ങനെയാണ്. "ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മില്‍ അവിടുന്നു വ്യത്യാസം കല്പിച്ചില്ല. അവരുടെ ഹൃദയങ്ങളെയും വിശ്വാസംകൊണ്ടു പവിത്രീകരിച്ചു." വിയോജിക്കുന്നവരിലും പ്രവര്‍ത്തിക്കുന്നത് ഒരേ ആത്മാവ് തന്നെയാണെന്നും എല്ലാവരും പവിത്രീകൃതമായത് ഒരേ വിശ്വാസത്താലാണെന്നുമുള്ള തിരിച്ചറിവില്‍ ആദരവിന്‍റെ വേദഭാഷ സംസാരിച്ച ആദ്യസിനഡില്‍, ആത്മാഭിഷേകം പ്രകടമായിരുന്നു.

അനുഭവത്തിനു നാം നല്കുന്ന രൂപവും വ്യവസ്ഥയുമാണു ഭാഷ. അനുഭവം വ്യത്യസ്തമാകുന്നതുപോലെ ഭാഷയും വ്യത്യാസമുള്ളതാകുമെന്നുറപ്പാണ്. അതിനാല്‍ വ്യത്യസ്തതകളെ അംഗീകരിക്കാനും വിയോജിപ്പുകളെ സ്വീകരിക്കാനും സഹിഷ്ണുതയുടെ ഭാഷാവരം സിനഡ് പിതാക്കന്മാരുടെ പ്രധാന ശരീരഭാഷയാകേണ്ടതുണ്ട്. 'അവസാനത്തവനെയും ക്ഷമയോടെ കേള്‍ക്കണമെന്ന' ഫ്രാന്‍സിസ് പാപ്പയുടെ സ്നേഹശാഠ്യത്തിന്‍റെ പൊരുളിതാണ്. ഭൂരിപക്ഷത്തിന്‍റെ (ജന)ആധിപത്യഭാഷയില്‍ സത്യത്തിന്‍റെ സ്വരമിടറാന്‍ പാടില്ല; നിശ്ശബ്ദമാകാനും. ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ആരെയും ഒറ്റപ്പെടുത്താനാകരുത്. "ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത്" (നട പടി 15:19) എന്നൊരു വെളിച്ചത്തിലേക്ക് ആദ്യത്തെ സിനഡ് ഒടുവില്‍ പ്രവേശിക്കുന്നുമുണ്ട് എന്നു മറക്കാതിരിക്കാം.

സീറോ-മലബാര്‍ സഭയുടെ നിര്‍ണായകമായ ഈ സിനഡും ഇപ്രകാരമുള്ള വെളിച്ചത്താല്‍ പ്രകാശിതമാകേണ്ടതുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സഭയില്‍ തുടരുന്ന തര്‍ക്കവിതര്‍ക്കങ്ങളില്‍ വിഷമിക്കുന്നവരും വേദനിക്കുന്നവരും ഏറെയാണ്. സൈബര്‍ ചുമരുകളില്‍ കൊണ്ടും കൊടുത്തും അങ്കം മുറുകിയപ്പോള്‍ മുറിഞ്ഞതും കുനിഞ്ഞതും ക്രിസ്തുവും അവന്‍റെ സഭയുമാണെന്നു നാം മറന്നുപോയി. അടിച്ചും തിരിച്ചടിച്ചും 'സഭാസംരക്ഷകര്‍' മുന്നേറിയപ്പോള്‍ മൂകമായിത്തീര്‍ന്ന ദേവാലയങ്ങളും മുറിഞ്ഞുപോയ ബന്ധങ്ങളും കൂട്ടായ്മയുടെ ബാലന്‍സ് ഷീറ്റില്‍ നഷ്ടമായിത്തന്നെ കിടക്കും. നഷ്ടം ധാര്‍മ്മികതയുടെ കൂടിയെന്നതിനാല്‍ പരിഹാരവും പ്രായശ്ചിത്തവും ആ വഴിക്കുമുണ്ടാകണം. സുഖപ്പെടുത്തുന്ന സുവിശേഷം സിനഡിന്‍റെ പ്രധാന വിശേഷമാകട്ടെ.

ചരിത്രത്തിലാദ്യമായി അല്മായ ശബ്ദത്തിനിടം കിട്ടുന്ന സിനഡില്‍ അവരെ കേള്‍ക്കാനും അവരിലൂടെ സംസാരിക്കാനും സഭയ്ക്കു കഴിയണം. അവരുടെ ചോദ്യങ്ങള്‍ അസ്വസ്ഥമാക്കാമെങ്കിലും നാളത്തെ സഭയുടെ സരണികളെ അതു സത്യമുള്ളതാക്കും.

നിരന്തരമായ ഉതപ്പുകളുടെ പ്രളയകാലത്തിലൂടെയാണു സഭയിപ്പോളെന്നതിനാല്‍, സിനഡിന്‍റെ ഉത്തരവാദിത്വം വലുതാണ്. മുഖാമുഖമിരിക്കുമ്പോഴും മുഖം നോക്കാതെയും മുന്‍വിധി കൂടാതെയും, വിമര്‍ശിക്കാനും വേദനിപ്പിക്കാതെ വിലയിരുത്താനും സിനഡ് പിതാക്കന്മാര്‍ക്കു കഴിയണം. പ്രതികരണങ്ങളെ നിശ്ശബ്ദമാക്കി നിശ്ചയിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശാശ്വതമാകില്ലെന്നോര്‍ക്കുക. ജെറുസലേമില്‍ കൂടിയ ആദ്യസിനഡിന്‍റെ വിശുദ്ധ വികാരങ്ങളുള്‍ക്കൊണ്ടു തിരുവചനവെട്ടത്തില്‍ സഭയില്‍ നീതിയും ശാന്തിയും സൗഹൃദവും സംഭാഷണവും സൗഖ്യവും കൊണ്ടുവരാന്‍ ഈ നിര്‍ണായക സിനഡിനാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org