നമ്മെ ഒന്നാക്കിയ ഓണം

നമ്മെ  ഒന്നാക്കിയ  ഓണം

"മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ" എന്നുള്ള കവി വചനം പാടി ഇതുവരെ ഓണമാഘോഷിച്ച മലയാളികളാണു നാം. എന്നാല്‍ ഇത്തവണ മാവേലിക്കു പകരം മലവെള്ളമാണു നമ്മെ ഒന്നുപോലാക്കിയത്. "മലവെള്ളം നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ" എന്നു നാം തിരുത്തിപ്പാടിയ ഒരു ഓണക്കാലമാണിത്.

ഓണം എന്നും നമുക്കൊരു ഐതീഹ്യമാണ്, ഒരു സ്വപ്നമാണ്; നാമൊക്കെ ആയിത്തീരാനാഗ്രഹിക്കുന്ന, ഭാഗമാകാനാഗ്രഹിക്കുന്ന ഒരു വ്യവസ്ഥിതിയാണ്. അതിന് ഈ മാസത്തിലെ പ്രളയക്കെടുതി ഒരു പരിധിവരെ നമ്മെ സഹായിച്ചു എന്നു വേണം പറയാന്‍. ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ചുണ്ട നാളുകള്‍. ദാഹത്തിനും കണ്ണീരിനും ജാതിയും മതവുമില്ല എന്നു മലയാളി അനുഭവിച്ചറിഞ്ഞ നാളുകള്‍.

അപരനോടുള്ള സ്നേഹം നിന്‍റെ കണ്ണുകളെ നനയിക്കുന്നില്ലെങ്കില്‍ നിന്നില്‍ സ്നേഹമില്ല എന്ന പ്രസ്താവം മാറ്റുരയ്ക്കപ്പെട്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അപരന്‍റെ, അപരിചിതരുടെ ദുരന്തം സ്വദുരന്തമായി മലയാളി ഏറ്റെടുത്തതിന്‍റെ അനവധി ദൃഷ്ടാന്തങ്ങള്‍ പോയ വാരം നാം കണ്ടു, അനുഭവിച്ചു. ഓണം മലയാളിക്കു കാത്തിരിപ്പുകളുടെ സാഫല്യദിനമാണ്. ഇത്തവണ ഓണം മലയാളിക്കു സമ്മാനമായി നല്കിയതു മാവേലിയുടെ ഭരണകാലത്തെ ഒരുമയല്ല, മഹാപ്രളയത്തിന്‍റെ താണ്ഡവം നല്കിയ ഒരുമയാണ്. ഓണക്കോടിയും ഓണസദ്യയും ഉത്രാടപ്പാച്ചിലുമെല്ലാം ഈ ഓണനാളുകളിലുമുണ്ടായി – അല്പം വ്യത്യസ്തതയോടെയായിരുന്നെന്നു മാത്രം.

വിളവെടുപ്പു കാലത്താണ് ഓണം. നന്മയുടെ, ഒരുമയുടെ ഒത്തിരി വിളവെടുപ്പുകള്‍ നടന്ന ഒരു ഓണക്കാലമാണിത്. ഏ.ഡി. 200-ല്‍ എഴുതപ്പെട്ട മണ്‍കുടി മരുത്തനാരുടെ സംഘകാലകൃതിയായ മധുരൈ കാഞ്ചിയിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. തൃക്കാക്കരയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതീഹ്യമെങ്കിലും അതിനും വളരെ മുമ്പേ തമിഴ്നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകാലകൃതികള്‍ വെളിപ്പെടുത്തുന്നുണ്ട്. സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരള തുറമുഖങ്ങളില്‍ അടുത്തിരുന്നതു കാലവര്‍ഷം കഴിഞ്ഞു മാനം തെളിയുന്ന ഇക്കാലത്താണ്. അങ്ങനെ കര്‍ഷകന്‍റെ അദ്ധ്വാനത്തിന്‍റെ പ്രതിഫലമായി സ്വര്‍ണം ലഭിക്കുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും നാം വിളിച്ചു.

ഇത്തവണത്തെ ഓണം മലയാളിക്ക് പൊന്നുപോലെ മൂല്യമുള്ളതായതു വ്യത്യസ്തമായൊരു രീതിയിലാണ്. വീര്‍ത്ത പോക്കറ്റും നിറഞ്ഞ വയറും കോടി മണമുള്ള പുത്തനുടുപ്പുകളും മാത്രമല്ല ആഘോഷം സമ്മാനിക്കുന്നതെന്ന് ഈ ഓണമാണു മലയാളിയെ പഠിപ്പിച്ചത്. പ്രളയം കാലിയാക്കിയ അനേകം ജീവിതങ്ങളുടെ പോക്കറ്റ് നിറയ്ക്കാനും അവരുടെ വിശപ്പകറ്റാനും സ്വജീവിതത്തിന്‍റെ പോക്കറ്റ് കാലിയാക്കാന്‍, സ്വന്തം മുണ്ടുമുറുക്കി സഹായം നല്കാന്‍, അനേകം പേര്‍ തയ്യാറായത് ഈ ഓണത്തിന്‍റെ മാറ്റ് കൂട്ടുന്നു. സഹായം നല്കാനും വാങ്ങാനും ഒരുപോലെ നീട്ടപ്പെട്ട അനേകം കരങ്ങള്‍ ഈ ഓണം കണ്ടു. മറ്റൊരുവനെ രക്ഷിക്കാനും മറ്റൊരുവനാല്‍ രക്ഷിക്കപ്പെടാനും കുനിഞ്ഞുകൊടുത്ത അനേകം ശിരസ്സുകള്‍ മാവേലിയുടെ പുതുരൂപങ്ങള്‍ മലയാളിക്കു സമ്മാനിച്ചു.

ഓണാഘോഷത്തിന്‍റെ രീതികള്‍ ഇത്തവണ മാറുമെങ്കിലും ഓണത്തിന്‍റെ ചൈതന്യത്തിനു മാറ്റമില്ല. ഒഴുകിയെത്തിയ മലവെള്ളമാണു മാവേലിക്കു പകരം ഈ ചൈതന്യം മലയാളിയില്‍ നിറയ്ക്കുന്നത്. പ്രളയം നല്കിയ ആഘാതത്തില്‍ നിന്നു മലയാളി കരകയറിയതു ശരവേഗത്തിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നു നമ്മെ സഹായിക്കാനെത്തിയ സര്‍വരെയും അത്ഭുതപ്പെടുത്തിയ കാര്യമാണിത്. നഷ്ടങ്ങള്‍ക്കു മുന്നില്‍ പകച്ചിരിക്കാനല്ല, കഷ്ടനഷ്ടങ്ങളില്‍ ചവിട്ടി തന്നെ ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും സ്വപ്നം കാണാനും അതിനെ വെട്ടിപ്പിടിക്കാനുമുള്ള ആത്മബലം മലയാളിക്കുണ്ട്. കേരളത്തിന് അന്യമാണെങ്കിലും, ഇത്തരം ദുരന്തങ്ങള്‍ നിത്യസംഭവമായ പ്രദേശങ്ങള്‍ അതിനെ അതിജീവിക്കുന്ന വേഗത്തില്‍തന്നെയാണു നാം ഈ ദുരന്തഭൂമിക താണ്ടിയത്.

ഈ ഓണം മലയാളിക്കൊരു പാഠമാണ്. ഈ പാഠം പരീക്ഷയെഴുതി നല്ല മാര്‍ക്ക് വാങ്ങി പാസ്സായി വിസ്മൃതിയിലാക്കാനുള്ളതല്ല. മറിച്ച്, വരുന്ന ഭാവിയിലേക്കും പ്രയോഗത്തിലാക്കേണ്ട ജീവിതശൈലിയാണ്.

വായനക്കാര്‍ക്കെല്ലാം ഓണാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org