Latest News
|^| Home -> Editorial -> പൊണ്ണത്തടിയും പോഷണക്കുറവും

പൊണ്ണത്തടിയും പോഷണക്കുറവും

Sathyadeepam

ഐക്യരാഷ്ട്രസംഘടനയുടെ UNICEF വിഭാഗം ഭാരതസര്‍ക്കാരുമായി കൈകോര്‍ത്തുകൊണ്ടു ഭാരതത്തിലെ കുട്ടികളിലെ പോഷക അളവിനെക്കുറിച്ചുള്ള ഒരു ദേശീയ സര്‍വേ ആദ്യമായി സംഘടിപ്പിക്കുന്നു. 12 സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായ ഈ സര്‍വേ അടുത്ത മൂന്നു മാസങ്ങളില്‍ കേരളത്തിലായിരിക്കും നടക്കുക.
ദേശീയ കുടുംബാരോഗ്യവിഭാഗം കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ സര്‍വേ പ്രകാരം ഭാരതജനത കഠിനമായ പോഷകക്കുറവിലാണ്, പ്രത്യേകിച്ചും കുട്ടികള്‍. കേരളത്തിന്‍റെയും സ്ഥിതി ഭിന്നമല്ല. കേരളത്തില്‍ അഞ്ചു വയസ്സില്‍ താഴെയുളള അഞ്ചു കുട്ടികളില്‍ ഒരാള്‍ പോഷകക്കുറവു മൂലമുള്ള അസുഖങ്ങള്‍ പേറുന്നു. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ 28.6 ശതമാനം പേര്‍ പോഷകക്കുറവുള്ളവരാണ്; കുട്ടികളില്‍ 19 ശതമാനം ശരീരഭാരം കുറഞ്ഞവരും.

ശരീരത്തിനാവശ്യമുളളതും കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണു കേരളത്തിലെ കുട്ടികളിലെയും മുതിര്‍ന്നവരിലെയും പോഷകക്കുറവിന്‍റെ പ്രധാന കാരണം. പോഷക്കുറവനുഭവിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തില്‍ ഭക്ഷണക്കുറവിന്‍റെ പ്രശ്നമില്ല. പക്ഷേ, കേരളീയര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പോഷകാംശത്തിന്‍റെ കുറവാണുള്ളത്. നമ്മില്‍ പലരും ശരീരത്തിനു വേണ്ട ഭക്ഷണമല്ല, നമുക്കിഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണിതിന്‍റെ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലമോ, അമിതവണ്ണവും പോഷകക്കുറവും. ഇതുണ്ടാക്കാന്‍ പോകുന്ന, അല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അനന്തരഫലങ്ങള്‍ ഇപ്പോള്‍ത്തന്നെ നമ്മുടെ കണ്‍മുമ്പിലുണ്ട്. ശിശുമരണനിരക്കില്‍ (1.6 ശതമാനം) ഏറ്റവും അവസാനമാണു കേരളമെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തില്‍ നാം മുന്‍പന്തിയിലേക്കു കുതിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ കേരളത്തിലെ പൊണ്ണത്തടിയന്മാരുടെ ശതമാനത്തിലെ വര്‍ദ്ധന 22-ല്‍ നിന്ന് 36-ലേക്ക് ഉയരുമെന്ന് ദേശീയ സര്‍വേ പ്രഖ്യാപിച്ചുകഴിഞ്ഞു; ക്രിസ്ത്യാനികളായ കുടുംബിനികളുടേത് 25-ല്‍ നിന്നും 51-ലേക്കും.

കേരളീയരുടെ ശരീരത്തിലെ പോഷകക്കുറവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിലേക്കും ആത്മവിമര്‍ശനത്തിന്‍റെ ചൂണ്ടുവിരല്‍ തിരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. കേരളത്തിലെ സഭയ്ക്ക് ആത്മീയഭക്ഷണത്തിന്‍റെ കാര്യത്തില്‍ കുറവൊന്നുമില്ല. ധാരാളം ആരാധനാലയങ്ങള്‍, ധ്യാനേകന്ദ്രങ്ങള്‍, വിശ്വാസപരിശീലനകേന്ദ്രങ്ങള്‍, സമര്‍പ്പിതര്‍, അല്മായ വചനപ്രഘോഷകര്‍… ആത്മീയഭക്ഷണത്തിന്‍റെ സ്രോതസുകള്‍ കേരളഭക്തര്‍ക്ക് അനവധി. എന്നാല്‍ ഒരു വിശ്വാസിയുടെ ആത്മീയജീവിതത്തിനു പോഷണം നല്കുന്ന ആത്മീയ ആഹാര ഉറവിടങ്ങളും അവയില്‍ നിന്നു പോഷണം സ്വീകരിക്കുന്ന വിശ്വാസികളുടെ എണ്ണവും കുറയുകയാണോ?

ആഘോഷങ്ങളുടെയും അത്ഭുതവളര്‍ച്ചകളുടെയും ശാരീരികസൗഖ്യങ്ങളുടെയും ആകര്‍ഷണകേന്ദ്രങ്ങളായി നമ്മുടെ പല ആത്മീയ പോഷണകേന്ദ്രങ്ങളും മാറുകയാണ്. വിശ്വാസിക്ക് ആവശ്യമുള്ളതല്ല, അവന്/ അവള്‍ക്ക് ആഗ്രഹമുള്ളതു നല്കാനുള്ള പ്രലോഭനം അജപാലകരിലും സുവിശേഷപ്രഘോഷകരിലും വര്‍ദ്ധിച്ചുവരികയാണ്. ആവശ്യമുള്ളതിനേക്കാള്‍ ഇഷ്ടമുള്ളതു മാത്രം ഹൃദയത്തില്‍ സ്വീകരിക്കുന്ന ഭക്തന്‍ തന്‍റെ ആത്മീയജീവിതത്തില്‍ പോഷകക്കുറവും പൊണ്ണത്തടിയും അനന്തരഫലങ്ങളായി കൈപ്പറ്റുമെന്ന കാര്യത്തില്‍ സംശയമല്ല.

കാര്‍ഷികസംസ്കാരത്തിന്‍റെ സന്താനങ്ങളായിരുന്നു നാം. മണ്ണില്‍ പണിയെടുക്കുന്നവന്‍റെ ശരീരത്തിനിണങ്ങുന്ന ഭക്ഷണരീതികളും കാലാവസ്ഥയ്ക്കിണങ്ങുന്ന ജീവിതശൈലികളും മനസ്സിനിണങ്ങുന്ന പ്രാര്‍ത്ഥനാരീതികളുമാണു നമ്മുടെ മുന്‍തലമുറ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. എന്നാല്‍ കാലാവസ്ഥയിലും തൊഴില്‍ രീതികളിലും ജീവിത സമയക്രമത്തിലും അടിമുടി മാറ്റം വന്നിരിക്കുന്ന ഈ ആധുനിക കാലത്തില്‍ ജീവിക്കുന്ന നമ്മുടെ ഭക്ഷണക്രമങ്ങളിലും ആത്മീയശൈലികളിലും ഒരുപോലെ ഒരഴിച്ചു പണി ആവശ്യമല്ലേ? ശരീരത്തിന് ആവശ്യമില്ലാത്ത ഭക്ഷണം ദുര്‍മേദസ്സും പൊണ്ണത്തടിയും തദ്വാര ശീഘ്രമരണവും സമ്മാനിക്കുന്നതുപോലെ ആത്മീയവളര്‍ച്ചയ്ക്കു സഹായിക്കാത്ത ആത്മീയശൈലികളും ഭക്താഭ്യാസങ്ങളും വിശ്വാസിക്ക് പൊണ്ണത്തടിയും ദുര്‍മേദസും തദ്വാര ശീഘ്രമരണവും സമ്മാനിക്കും. സ്വാദുള്ള എല്ലാ ഭക്ഷണവും നമുക്കു പോഷണം സമ്മാനിക്കണമെന്നില്ല. അതിനാല്‍ പ്രിയമുള്ളവരേ, “ക്രിസ്തുവിന്‍റെ വചനത്തിന്‍റെ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം” (ഹെബ്രാ. 6:1).

Leave a Comment

*
*