Latest News
|^| Home -> Editorial -> സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക

സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക

Sathyadeepam

1947 ആഗസ്റ്റ് 15 വെള്ളിയാഴ്ചയിലെ “ഇന്ത്യന്‍ എക്സ് പ്രസ്സ്” ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ ആരംഭിച്ചതിങ്ങനെയാണ്: “ചരിത്രത്തിനു മറക്കാനാവാത്ത ഒരോര്‍മ്മയാണ് ഈ ദിനം ഇന്ത്യയ്ക്കും ഏഷ്യന്‍ ഭൂഖണ്ഡത്തിനും സമ്മാനിക്കുന്നത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുയുഗത്തിന്‍റെ, പുത്തന്‍ വീക്ഷണത്തിന്‍റെ, നവഭാവിയുടെ ഉദയമാണ്. ലോകത്തിനാകട്ടെ, ഈ ദിനം ഒരു പുതിയ ആശയവും വേറിട്ടൊരു ശൈലിയും സമ്മാനിക്കുന്നു.”

ഏറെ അവ്യക്തതകളിലും പ്രതിസന്ധികളുടെ മുനമ്പിലും ആരംഭിച്ച സ്വതന്ത്ര ഭാരതത്തിന്‍റെ തുടക്കം ശുഭാപ്തി വിശ്വാസത്തോടെയായിരുന്നുവെങ്കിലും പിന്നീടുള്ള യാത്രയില്‍ ഇതിനു കോട്ടം സംഭവിച്ചു. കാരണം രണ്ടാണ്: 1. ഇന്ത്യ-പാക്ക് വിഭജനം സമ്മാനിച്ച മുറിവു കാലം ഉണക്കും എന്ന ധാരണ അസ്ഥാനത്തായി. ജാതി-മത-വര്‍ഗ-വര്‍ണ വിഭജനങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ആധുനിക ഭാരതത്തിന്‍റെ ഉറക്കം കെടുത്തുന്നു. 2. ഗാന്ധി-നെഹ്റു കാലഘട്ടത്തിലെ ആദര്‍ശവാദ രാഷ്ട്രീയം അവസരവാദ രാഷ്ട്രീയത്തിനു വഴിമാറി.

പരിശുദ്ധ മാതാവിന്‍റെ സ്വര്‍ഗാരോപണവും ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനവും സ്മരിച്ചുകൊണ്ടു സത്യദീപം അതിന്‍റെ മാധ്യമസഞ്ചാരത്തില്‍ 92-ാം വര്‍ഷത്തിലേക്കു കടക്കുന്നു. നവതി വിശേഷാല്‍പതിപ്പ് എഡിറ്റോറിയലില്‍ കുറിച്ചതുപോലെ മനസ്സിലാക്കാന്‍ വേണ്ടി വിശ്വസിച്ച വി. അഗസ്റ്റിന്‍റെയും വിശ്വാസം വിശദീകരണം തേടുന്നു എന്ന് പ്രസ്താവിച്ച വി. ആന്‍സലത്തിന്‍റെയും വഴിയാണ് ഈ പത്രം അവലംബിക്കുന്നത്. അതിനാല്‍ തന്നെ, പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടാനല്ല, അവ സഭയോടും സമൂഹത്തോടും എന്താണു സംവദിക്കുന്നതെന്ന് അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വര്‍ത്തമാനത്തിലെ ചരിത്രസംഭവങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാതെ അതില്‍ ഇടപെട്ട് ചരിത്രം സൃഷ്ടിക്കുക എന്നത് ഈ പത്രത്തിന്‍റെ ദൈവികനിയോഗമായിതന്നെ ഞങ്ങള്‍ കാണുന്നു. അതിനായി ഞങ്ങള്‍ക്കു വെളിച്ചവും വെള്ളവും തരുന്ന ഞങ്ങളുടെ പൂര്‍വസൂരികളെയും സുമനസ്സുകളായ വായനക്കാരെയും ഞങ്ങള്‍ നമിക്കുന്നു.

“തോക്കുകളും ബോംബുകളുമല്ല വിപ്ലവം തീര്‍ക്കുന്നത്. ആശയങ്ങളുടെ ഉരകല്ലിലാണു വിപ്ലവത്തിന്‍റെ വാള്‍ മൂര്‍ച്ചപ്പെടുത്തിയെടുക്കേണ്ടത്.” സ്വാതന്ത്ര്യസമരത്തിന്‍റെ വിപ്ലവമൂഖങ്ങളില്‍ ഒന്നായ ഭഗത്സിങ്ങിന്‍റെ വാക്കുകളാണിവ. മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും മാധ്യമലോകത്തെ പാട്ടിലാക്കാനും വട്ടമേശകളൊരുക്കുന്ന അധികാരികളും വസ്തുതകളെ വാര്‍ത്തകളാക്കാന്‍ നുണകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തു വാര്‍ത്തകളെ വളച്ചൊടിക്കുന്ന കൂലി എഴുത്തുകാരും ഒരുപോലെ ധ്യാനിക്കേണ്ട വാക്കുകള്‍! “ആഴമുള്ള ബോദ്ധ്യങ്ങളില്‍നിന്നു പിറക്കുന്ന ഒരു “ഇല്ല” എന്ന പദമാണു പ്രശ്നമൊഴിവാക്കാനും അധികാരികളെ പ്രീണിപ്പിക്കാനും പറയുന്ന ഒരു “അതെ” എന്ന പദത്തേക്കാള്‍ മഹത്തരം” എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇവര്‍ക്കുള്ള പാഠമാണ്.

നമ്മുടെ നാടിന്‍റെ സ്വാതന്ത്ര്യത്തിന്‍റെയും സുരക്ഷയുടെയും ഉത്തരവാദിത്വം അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കു മാത്രം നല്കി ആഘോഷത്തിന്‍റെയും അധികാരത്തിന്‍റെയും പകിട കളിക്കാന്‍ നമുക്കാവില്ല. രാജ്യത്തിന്‍റെ കാവലാളാവുക എന്നത് ഓരോ പൗരന്‍റെയും ധര്‍മ്മമത്രേ. ദേശസ്നേഹവും മാതൃസ്നേഹവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. പെറ്റമ്മയെ തള്ളാന്‍ ഒരു സന്താനത്തിനും കഴിയാത്തതുപോലെ പിറന്ന നാടിനെയും തള്ളിപ്പറയാന്‍ ദേശസ്നേഹമുള്ള ഒരു പൗരനുമാവില്ല. തോക്കും തിരകളുമല്ല, സ്നേഹവും ആദരവുമാണു രാജ്യത്തിന്‍റെ അന്തസ്സും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാനുള്ള നമ്മുടെ ആയുധങ്ങളെന്നു മറക്കാതിരിക്കാം.

രാജ്യത്തിന്‍റെയും താന്‍ ജീവിക്കുന്ന വിശ്വാസസംഹിതകളുടെയും കാവലാളായി ഒരു പൗരന്‍ ഉണരുമ്പോഴാണു രാജ്യം വിമലീകരിക്കപ്പെടുക, മറ്റുള്ളവരുടെ മുന്നില്‍ വാനോളം ഉയര്‍ത്തപ്പെടുക. സ്വര്‍ഗാരോപിതയായ മറിയവും നമ്മുടെ നാടിനു സ്വാതന്ത്ര്യം നല്കാന്‍ ജീവത്യാഗം ചെയ്ത സമരസേനാനികളും നമ്മുടെ മുന്നിലെ പ്രചോദനങ്ങളാണ്. അതുതന്നെയാണു കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍റെ വിവേകമില്ലാത്ത പ്രസ്താവനയോടു വിവരവും വിശ്വാസവും നിറഞ്ഞവര്‍ ശക്തമായി പ്രതികരിച്ചത്.

ഭാരതം സ്വാതന്ത്ര്യമാഘോഷിക്കുന്ന ഈ മാസത്തിലെങ്കിലും നമ്മുടെ മക്കള്‍ക്ക് ഇന്ത്യയെന്ന അത്ഭുതത്തെപ്പറ്റി പറഞ്ഞുകൊടുക്കാം: അതിലെ സംസ്കാര വൈവിദ്ധ്യത്തെപ്പറ്റി, അതിനു കാവല്‍ നില്ക്കുന്ന ഹിമാലയ-സഹ്യപര്‍വതനിരകളെപ്പറ്റി, അതിനെ നനയ്ക്കുന്ന നദികളെപ്പറ്റി, അതിന്‍റെ സാഹിത്യ-ചിന്താലോകത്തെപ്പറ്റി. മക്കളെ അക്ഷരങ്ങളുടെയല്ല, സംസ്കാരങ്ങളുടെ സര്‍വകലാശാലകളിലേക്കു നമുക്കയക്കാം. എല്ലാ ചിന്തകളും സമരങ്ങളും സോഷ്യല്‍ മീഡിയ-ചാനല്‍ ചര്‍ച്ചകളും നല്ലതുതന്നെ, അവ രാജ്യത്തെ ഏതെങ്കിലും തരത്തിലുള്ള പുരോഗതിയിലേക്കു നയിക്കുമെങ്കില്‍! രാജ്യത്തിന്‍റെ കാവലാളാവുക. ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങനെ? ഇന്ത്യ മരിച്ചിട്ടു നമ്മള്‍ ജീവിച്ചിട്ടെന്തു കാര്യം?

Leave a Comment

*
*