Latest News
|^| Home -> Editorial -> സഭ സ്വപ്നം കാണേണ്ട ഒരു ജീവിതശൈലി

സഭ സ്വപ്നം കാണേണ്ട ഒരു ജീവിതശൈലി

Sathyadeepam

“ലോകത്തില്‍ മാറ്റമുണ്ടാകണമെന്നു നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ആ മാറ്റം നിങ്ങള്‍ ആകണം.” രാഷ്ട്രപിതാവു ഗാന്ധിജിയുടെ ആദര്‍ശവാക്യങ്ങളില്‍ ഒന്നാണിത്. തിരുസഭയുടെ ചരിത്രത്തിലും കാലഘട്ടങ്ങളുടെ പ്രത്യേക ആവശ്യങ്ങളനുസരിച്ച് മാറ്റത്തിന്‍റെ ഓരോ നവീകരണ വേലിയേറ്റങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. 20-ാം നൂറ്റാണ്ടില്‍ ഇതിനുള്ള ഉത്തമ നിദര്‍ശനമാകുന്നു കരിസ്മാറ്റിക് നവീകരണ മുന്നേറ്റം. മാമ്മോദീസായിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ആത്മീയവരങ്ങളെ സൂചിപ്പിക്കുന്ന ‘കരിസ്മാറ്റ’ എന്ന വാക്കിനെ അടിസ്ഥാനമാക്കി പേരു ലഭിച്ച ഈ മുന്നേറ്റം സുവര്‍ണജൂബിലി വഴിയിലാണ്.

20-ാം നൂറ്റാണ്ട് പരിശുദ്ധാത്മ നൂറ്റാണ്ട് എന്നും അറിയപ്പെടാറുണ്ട്. കത്തോലിക്കാസഭയിലും പുറത്തുള്ള സഭകളിലും പരിശുദ്ധാത്മ അവബോധത്തിന്‍റെ വലിയ മുന്നേറ്റങ്ങളുടെ ആരംഭം ഈ സമയത്തായിരുന്നു. 1901 ജനുവരി 1-ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ “പരിശുദ്ധാത്മാവേ വരേണമേ” എന്ന പ്രാര്‍ത്ഥന ആലപിച്ചുകൊണ്ടാണു സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ നൂറ്റാണ്ടിനെ എതിരേറ്റത്. സഭാമക്കള്‍ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയില്‍ ആഴപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന്‍റെ സ്ഥാപക വാഴ്ത്തപ്പെട്ട എലേന ഗെറ 1895 മുതല്‍ ലിയോ പതിമൂന്നാമന്‍ പാപ്പയ്ക്ക് എഴുതിയ വ്യക്തിപരമായ കത്തുകളായിരുന്നു ഇതിന്‍റെ പശ്ചാത്തലം. അങ്ങനെ പാപ്പ 1897-ല്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള “ദിവിനും ഇല്ലുദ് മൂനൂസ്” എന്ന അപ്പസ്തോലികലേഖനം പുറത്തിറക്കിക്കൊണ്ട് പരിശുദ്ധാത്മാവിനോടുള്ള നൊവേനയ്ക്ക് ആഹ്വാനം ചെയ്തു.

കത്തോലിക്കാസഭയ്ക്കു പുറത്തുള്ള പന്തക്കുസ്താ പ്രസ്ഥാനങ്ങളുടെ തുടക്കമെന്നു കരുതപ്പെടുന്ന “അസ്സൂസ സ്ട്രീറ്റ് അനുഭവം” 1901-ല്‍തന്നെയായിരുന്നു. പിന്നീട് 1950-കളില്‍ ഡേവിഡ് ഡ്യൂപ്ലേസിയുടെയും സംഘാംഗങ്ങളുടെയും പ്രവര്‍ത്തനഫലമായി മുന്‍നിര പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ നിയോ-പെന്തക്കുസ്താ നവീകരണത്തിനു തുടക്കമായി. കത്തോലിക്കാസഭയ്ക്കു സമാന്തരമായുണ്ടായ ഈ പെന്തക്കുസ്താ പ്രസ്ഥാനം കാട്ടുതീപോലെ മറ്റു സഭകളിലേക്കും പടര്‍ന്നു.

1962-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനൊരുക്കമായി ജോണ്‍ 23-ാമന്‍ പാപ്പയും സഭയ്ക്കകത്ത് ഒരു പുത്തന്‍ പെന്തക്കോസ്തയ്ക്കായി പ്രാര്‍ത്ഥിച്ചു: “പരിശുദ്ധാത്മാവേ, ഒരു നവീന പെന്തക്കോസ്തായിലെന്നപോലെ അങ്ങയുടെ അത്ഭുതങ്ങള്‍ ഇക്കാലയളവിലും അവിടുന്നു നവീകരിക്കണമേ.” പാപ്പയുടെ ചരിത്രപ്രസിദ്ധമായ ഈ പ്രാര്‍ത്ഥനയുടെ നേര്‍ഫലങ്ങളായിരുന്നു കൗണ്‍സില്‍ പിതാക്കന്മാര്‍ രൂപം നല്കിയ 16 പ്രമാണരേഖകളും കൗണ്‍സില്‍ സമാപനത്തിന് ഒരു വര്‍ഷത്തിനുശേഷം ഡ്യൂക്കേയിന്‍ സര്‍വകലാശാലയില്‍ ആരംഭിച്ച കത്തോലിക്കാസഭയിലെ പെന്തക്കോസ്താ നവീകരണമുന്നേറ്റവും. പോള്‍ ആറാമന്‍ പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ബ്രസ്സല്‍സില്‍ നിന്നുള്ള കര്‍ദിനാള്‍ ലിയോ സ്യൂനന്‍സിന്‍റെ ഇടപെടലും നേതൃത്വവും അന്തര്‍ദേശീയ നവീകരണത്തിനു സഭാത്മകഭാവം നല്കി.
ഫോര്‍ദാം യൂണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന മനു എഞ്ചിനിയര്‍ എന്ന പാഴ്സി യുവാവിലൂടെ നവീകരണതരംഗം ഇന്ത്യയിലും ഫാ. ഫിയോ മസ്കരേനാസ്, ഫാ. റൂഫസ് പെരേര എന്നിവരുടെ ചിറകിലേറി 1970-കളില്‍ അതു കേരള സഭയിലുമെത്തി.

വചനപ്രഘോഷകരും സഭാനേതൃത്വവും കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തെ സഭയുടെ വസന്തമെന്നും ദൈവത്തിന്‍റെ സമ്മാനമെന്നുമൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പ കരിസ്മാറ്റിക് ജൂബിലിയുടെ അവസരത്തില്‍ നല്കിയ പത്രക്കുറിപ്പില്‍ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, ഐക്യത്തിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും സഭയെ മുഴുവന്‍ നയിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ഒരു ഉപകരണമെന്നാണ്. സഭയ്ക്കു പുറത്തുള്ള പന്തക്കുസ്താ പ്രസ്ഥാനങ്ങളെയും സഭയിലെ ഈ പന്തക്കുസ്താമുന്നേറ്റത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ഘടകവും ഇതുതന്നെ.

ധ്യാനകേന്ദ്രങ്ങളിലെ സ്തുതിപ്പുകളിലും അത്ഭുതരോഗ ശാന്തികളിലും ദര്‍ശനങ്ങളിലും ഒതുങ്ങേണ്ടതല്ല കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം. അതു കാര്‍ഡിനല്‍ സ്യൂനന്‍സ് വിഭാവനം ചെയ്തതുപോലെ വിശ്വാസപരിശീലനത്തിലേക്കും സാമൂഹ്യപ്രവര്‍ത്തനത്തിലേക്കും സുവിശേഷവത്കരണത്തിലേക്കും വളരാന്‍ പരിശുദ്ധാത്മാവു നല്കുന്ന കാരിസങ്ങള്‍ തിരിച്ചറിയാന്‍ എല്ലാ വിശ്വാസികളെയും പ്രചോദിപ്പിക്കുന്ന ഒരു ജീവിതശൈലിയാകണം. കരിസ്മാറ്റിക് മുന്നേറ്റം സഭയിലെ ഒരു പ്രസ്ഥാനമല്ല, ഒരു വ്യതിരിക്ത സമൂഹവുമല്ല; മറിച്ച്, സഭ ആയിത്തീരേണ്ട ഒരു ജീവിതശൈലിയാണ്. “ലോകം നശിക്കാന്‍ പോകുന്നതു തിന്മ പ്രവര്‍ത്തനങ്ങളാലല്ല; പ്രതികരിക്കാതെ അതിനെ നോക്കിനില്ക്കുന്നവരിലൂടെയാണ്” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍.

Leave a Comment

*
*