Latest News
|^| Home -> Editorial -> യുവജനങ്ങളിലേക്കൊരു കണ്ണാടി

യുവജനങ്ങളിലേക്കൊരു കണ്ണാടി

Sathyadeepam

2017 ആഗസ്റ്റ് 2 മുതല്‍ 6 വരെ ഏഴാമത് ഏഷ്യന്‍ യുവജനസമ്മേളനം നടക്കുകയാണ്. ജക്കാര്‍ത്തയിലെ സെമരാജ് അതിരൂപതയാണ് 21 ഏഷ്യന്‍ രാജ്യങ്ങളിലെ രണ്ടായിരത്തോളം വരുന്ന യുവജനങ്ങള്‍ക്ക് ആതിഥ്യമരുളുക. ഏഷ്യയിലെ മെത്രാന്‍ സമൂഹത്തിന്‍റെ ഏകോപനസമിതിയായ എഫ്.എ.ബി.സി.യുടെ അല്മായ കുടുംബം അജപാലനവിഭാഗം നേതൃത്വം നല്കുന്ന ഈ യുവജനസംഗമത്തിന്‍റെ വിഷയം “ഏഷ്യയുടെ ഭിന്നസംസ്കാരങ്ങള്‍ക്കിടയിലെ സുവിശേഷ സാക്ഷ്യജീവിതം” എന്നാണ്.

യുവജനങ്ങളെന്നും സഭയുടെ ഉണര്‍വുള്ള ചര്‍ച്ചാവിഷമായിരുന്നു. ഏഷ്യയുടെ വര്‍ത്തമാന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഏഷ്യന്‍ യുവജനസമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം കാലികമാണ്. പൊതുജീവിതത്തില്‍ ആത്മീയതയ്ക്കുള്ള സ്ഥാനം എത്രമാത്രമെന്നും യുവജനങ്ങള്‍ ഇടപെടുന്ന സാമൂഹ്യക്രമങ്ങളില്‍ ആത്മീയതയ്ക്കു ലഭിക്കേണ്ട നൂതന ആവിഷ്കാരശൈലികള്‍ ഏവയെന്നും സഭ ഉണര്‍ന്നു ചിന്തിച്ചതിന്‍റെ ഫലമാണീ വിഷയം.

എക്കാലത്തെയും യുവതലമുറ പ്രതിസന്ധികള്‍ ഉള്ളവരായിരുന്നു; ഒപ്പം പ്രത്യേകതകളും. അതിനാല്‍ത്തന്നെ ഈ വിഷയത്തിന്‍റെ ചര്‍ച്ചയും മനനങ്ങളും ഭയപ്പാടോടെ കാണേണ്ടതില്ല. തങ്ങള്‍ക്കു ദൈവം നല്കിയ ബുദ്ധിയും സിദ്ധിയും ഉപയോഗിച്ചു നന്മ പകരാനുള്ള കാലാനുസൃതവും മൗലികവുമായ പുത്തന്‍ ക്രമങ്ങളും ശൈലികളും കണ്ടുപിടിക്കാന്‍ യുവമനസ്സുകളും അവരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും മുന്നില്‍ തുറവോടെ നില്ക്കാന്‍ മുതിര്‍ന്ന തലമുറയുടെ സാമൂഹ്യ-ആത്മീയനേതൃത്വവും സന്നദ്ധമാകുന്നിടത്താണ് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാവുക.

യുവജനങ്ങളുടെ പ്രശ്നങ്ങളെ എണ്ണിപ്പറയാനും അതിന് ഉടനടി ഉത്തരം കണ്ടെത്തി നടപ്പിലാക്കാനുമുള്ള മുതിര്‍ന്ന തലമുറയുടെ അതിതീക്ഷ്ണത നന്നല്ല. മുതിര്‍ന്ന തലമുറയുടെ കണ്ണിലൂടെയല്ല യുവതലമുറയുടെ പ്രത്യേകതകളെ കാണേണ്ടത്. മറിച്ചു സ്വന്തം പ്രത്യേകതകളെ സ്വയം കണ്ടുപിടിക്കാനും അതിനെ വിശകലനം ചെയ്യാനും അവരെ അനുവദിക്കുന്ന ഇടങ്ങള്‍ സൃഷ്ടിക്കാനാകണം അധികാരശ്രേണിയിലുള്ളവരുടെ ശ്രമം. സ്വന്തം മുഖം സ്വയം നോക്കിക്കാണാനുള്ള കണ്ണാടികള്‍ ഒരുക്കാന്‍ സഭ ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിനാകണം. നമ്മുടെ ഉത്തരങ്ങള്‍ അപ്പമായി ചുട്ടെടുത്ത് അവരെ തീറ്റിക്കാനല്ല, മാവു കുഴച്ചു സ്വയം പാചകം ചെയ്ത് ഉത്തരമെന്ന അപ്പം കഴിക്കാനുള്ള അടുക്കളകള്‍ നാം ഉണ്ടാക്കുകയാണു വേണ്ടത്.

ഈ ക്രാന്തദര്‍ശിത്വത്തോടെയാണു ഫ്രാന്‍സിസ് പാപ്പ 2018 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ യുവജന സിനഡിനായുള്ള ഒരുക്കരേഖ തയ്യാറാക്കിയത്. വ്യക്തിപരമായ ഒരു കത്തും പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്നുണ്ട്. യുവജനങ്ങളെ എങ്ങനെ നയിക്കണമെന്നും ശ്രവിക്കണമെന്നും സഭ ആത്മപരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 2018-ലെ മെത്രാന്‍ സിനഡിനുള്ള നല്ലൊരു മുന്നൊരുക്കമായിരിക്കും ഈ ആഗസ്റ്റിലെ ഏഴാമത് ഏഷ്യന്‍ യുവജനസമ്മേളനം.

യുവജനങ്ങള്‍ അവരുടെ വിശ്വാസമെന്ന നിധി സ്വയം കണ്ടെത്തണണമെന്നും സുവിശേഷത്തിന്‍റെ സന്തോഷത്തിലേക്കുള്ള അവരുടെ ‘വിളി’ സ്വീകരിക്കാന്‍ നാം എങ്ങനെ അവര്‍ക്കു കണ്ണാടികള്‍ ആവണമെന്നും ഒരുക്കരേഖയില്‍ പാപ്പ വ്യക്തമാക്കുന്നു. യുവജനങ്ങളെ അവര്‍ ആയിരിക്കുന്നിടത്തു കണ്ടെത്തണം. അവരുടെ വേഗതയില്‍ അവര്‍ക്കൊപ്പം നടക്കണം. ഇതു സാദ്ധ്യമാകുന്നതു നാം നമ്മില്‍ നിന്നു പുറത്തേയ്ക്കു പോകുമ്പോഴാണ്; യുവജനങ്ങളുടെ കണ്ണുകളിലൂടെ അവരുടെ ലോകത്തെ നാം കാണുമ്പോഴാണ്; ഒപ്പം ആര്‍ദ്രമായി അവരുടെ ഹൃദയങ്ങളിലേക്കു നാം നോക്കുമ്പോഴാണ്. ഒടുവില്‍ ആ നോട്ടം അവരുടെ ആത്മാവിലെ ഇതുവരെ അവര്‍ തരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ആഗ്രഹത്തെ തട്ടിയുണര്‍ത്തുന്ന ഒരു ‘വിളി’യായി മാറണം. വരൂ, നമുക്കിറങ്ങാം, യുവജനത്തിനൊപ്പം നടക്കാന്‍ സമയമായി!

Leave a Comment

*
*