നോമ്പില്ലാത്ത ക്രിസ്തുമസ്

നോമ്പില്ലാത്ത ക്രിസ്തുമസ്

ഇരുപത്തഞ്ചു നോമ്പിന്‍റെ ഒരുക്കം ആവശ്യമില്ലാതെയാണ് ഇത്തവണ മലയാളി ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുന്നത്. പ്രളയമെന്ന ഒരുക്കനോമ്പിന്‍റെ നോവിലൂടെ കടന്നുപോയതാണല്ലോ മലയാളിയുടെ ജീവിതം. ദൈവപുത്രനു കൂടൊരുക്കാന്‍ തിരുക്കുടുംബം അനുഭവിച്ച എല്ലാ കാര്യങ്ങളും മലയാളി കഴിഞ്ഞ പ്രളയത്തില്‍ കണ്ടു. ഭക്ഷണമില്ലാതെ വലഞ്ഞു, ദൂരദേശങ്ങള്‍ താണ്ടി നടന്നു, തല ചായ്ക്കാനൊരിടം തേടി ഓടി. വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ ഒരു മിച്ച് ഉണ്ടു, ഉറങ്ങി. കാഴ്ചദ്രവ്യങ്ങളുമായി അനേകം പേര്‍ അന്യദേശങ്ങളില്‍നിന്നു നമുക്കു സഹായവുമായെത്തി. ഈ പ്രളയാനുഭവം നമ്മെ ഒരു പുത്തന്‍ ക്രിസ്തുമസ് ആഘോഷത്തിനായിട്ടാണ് ഒരുക്കിയത്.

ദൈവം മനുഷ്യനെയും മനുഷ്യന്‍ ദൈവത്തെയും സ്പര്‍ശിച്ച രാത്രിയുടെ പേരാണു ക്രിസ്തുമസ്. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ "ആദമിന്‍റെ സൃഷ്ടി" എന്ന പേരില്‍ മൈക്കള്‍ ആഞ്ചലോ വരച്ചിട്ട മഹത്തായൊരു ചുവര്‍ചിത്രമുണ്ട്. ദൈവം, മനുഷ്യനെ തൊടാന്‍ തീരുമാനിച്ചതാണു ക്രിസ്തുമസ്. ദൈവം മനുഷ്യന്‍റെ മുഖമെടുക്കാന്‍ നിശ്ചയിച്ചതാണു ക്രിസ്തുമസ്. ക്രിസ്തുമസിനുള്ള ഒരുക്കത്തിന്‍റെ അവസാന ആഴ്ചയിലെ തന്‍റെ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ നമ്മെ ക്ഷണിക്കുന്നതു ധൈര്യത്തിന്‍റെ വിശ്വാസം സ്വന്തമാക്കി ദൈവകരത്തെ സ്പര്‍ശിക്കാനാണ്. രക്ഷകനെ കൊണ്ടു വരുന്നത് ഈ വിശ്വാസം നമ്മില്‍ ഒരുക്കുന്ന പുല്‍ക്കൂടാണ്.

പഴയനിയമത്തില്‍ ആര്‍ക്കും മുഖം കൊടുക്കാതെ പ്രതീകങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു, യാഹ്വേ. ദൈവത്തിന്‍റെ മുഖം കണ്ടാല്‍ മരിക്കുമെന്ന ധാരണയെ തിരുത്തിയെഴുതിയാണു പഴയനിയമത്തിലെ മുഖമില്ലാത്ത ദൈവം മനുഷ്യന്‍റെ മുഖവുമായി മനുഷ്യകുലത്തെ മരണമില്ലാത്ത നിത്യജീവന്‍റെ നാട്ടിലേക്കു നയിക്കാന്‍ പിറവിയെടുത്തത്. അതിനാല്‍ ഈ തിരുനാള്‍ നമ്മിലെ മുഖത്തെ വീണ്ടെടുക്കാനും മുഖം നഷ്ടപ്പെട്ട അനേകര്‍ക്ക് അതു നല്കാനും നമ്മെ നിര്‍ബന്ധിക്കുന്നു. അതിനുള്ള ഒരു പരിശീലനകാലമായിരുന്നു നമുക്കീ കഴിഞ്ഞുപോയ പ്രളയകാലം. ഈ പ്രളയകാലത്തെ പ്രേമിച്ചവര്‍ക്കാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള യോഗ്യത. കാരണം ഇത്തവണ ആട്ടിടയന്മാര്‍ ബോട്ടുകളിലാണെത്തിയത്; രാജാക്കള്‍ കാഴ്ചദ്രവ്യങ്ങളുമായി ടോറസിലും. ദുരിതാശ്വാസ ക്യാമ്പുകള്‍ പുല്‍ക്കൂടുകളായി, ജാതി-മതഭേദമില്ലാതെ സകലരും രക്ഷകനെ കണ്ടു.

'യേശു' എന്ന ഗ്രീക്ക് പദം 'യേഷുവാ' എന്ന ഹീബ്രു മൂലത്തില്‍ നിന്നാണ്. രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഇതിനുണ്ട്. "യാഹ്വേ, രക്ഷിക്കണേ" എന്നും "യാഹ്വേ രക്ഷിക്കുന്നവന്‍" എന്നും. "ദൈവമേ രക്ഷിക്കണേ" എന്ന നിലവിളിയില്‍നിന്നുമാണ് രക്ഷിക്കുന്ന രക്ഷകന്മാര്‍ പിറവിയെടുക്കുന്നത്. തടസ്സങ്ങളിലും ദുഃഖങ്ങളിലും 'ദൈവമേ' എന്നു ഹൃദയപൂര്‍വം വിളിക്കുന്നവര്‍ക്കാണ് അത്ഭുതങ്ങളുടെ രാജാക്കന്മാരും പാവങ്ങളുടെ രക്ഷകരുമാകാന്‍ കഴിയൂ.

"സൈലന്‍റ് നൈറ്റ് ഹോളിനൈറ്റ്" എന്ന ക്രിസ്തുമസ് കാലത്തെ എക്കാലത്തെയും ഹിറ്റായ ഈ ഉണര്‍ത്തുപാട്ടിന്‍റെ പിറവിക്ക് 2018 ഡിസംബര്‍ 24-ന് 200 വയസ്സ്. ക്രിസ്തുമസ് കുര്‍ബാനയ്ക്കു പുത്തന്‍ ഗാനം അവതരിപ്പിക്കാന്‍ കഴിയില്ല എന്നോര്‍ത്തു ദുഃഖിക്കുന്ന ജോസഫ് മോഹ്ര്‍ എന്ന പുരോഹിതന്‍റെയും സംഗീതം മുഴക്കേണ്ട വാദ്യോപകരണം നിശ്ചലമായതില്‍ വിലപിക്കുന്ന ഫ്രാന്‍സ് ഗ്രൂബര്‍ എന്ന ഓര്‍ഗനിസ്റ്റിന്‍റെ ഹൃദയവ്യഥയുടെയും ഒപ്പം ആനന്ദത്തിന്‍റെയും കഥ ഈ ഗാനത്തിന്‍റെ പിന്നിലുണ്ട്. യൂറോപ്യന്‍ രാജ്യമായ ഒസ്ട്രിയായിലെ ഓബ്ന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ സാന്താക്ലോസിന്‍റെ പേരിലുള്ള സെന്‍റ് നിക്കോളാസ് പള്ളിയാണ് ഈ മനോഹരഗാനത്തിന്‍റെ പിറവിക്കു വേദിയായത്.

ദുരന്തപര്യവസായിയാകേണ്ട ഒരു ക്രിസ്തുമസ് രാത്രിയാണു രണ്ടു പേരുടെ സമയോചിതവും പ്രാര്‍ത്ഥനാത്മകവുമായ ഇടപെടല്‍കൊണ്ടു ചരിത്രത്തിന്‍റെ ഭാഗമായത്. ഈ പുതിയ ഗീതം ആദ്യമായി കേട്ടതു ബെത്ലഹേമിലെ നിര്‍ദ്ധനരായ ഇടയരെപ്പോലെ ഓബ്സന്‍ഡോര്‍ഫിലെ പാവപ്പെട്ട ഗ്രാമവാസികളായിരുന്നു. ആത്മാവില്‍ പതിഞ്ഞ ഈ പുത്തന്‍ പാട്ടിന്‍റെ വരികളും മൂളിക്കൊണ്ടാണവര്‍ ജീവിതത്തിലേക്കു മടങ്ങിപ്പോയത്. 300-ഓളം അന്യഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ഈ ഗാനം ഇന്നും നമ്മെ ക്രിസ്തുമസ് നല്കുന്ന ശാന്തിയിലേക്കുയര്‍ത്തുന്നു.

കേരളസഭയില്‍ തടസ്സങ്ങളും പ്രളയങ്ങളും നമ്മെ തകര്‍ക്കുന്നില്ല; തളര്‍ത്തുന്നില്ല. അവ നമ്മില്‍ നവ ക്രിസ്തീയസംസ്കാരത്തിന്‍റെ ചക്രവാളങ്ങള്‍ സൃഷ്ടിക്കുന്നു; സമാധാനത്തിന്‍റെ പുല്ക്കൂടുകള്‍ ഉണ്ടാക്കുന്നു; മുഖമുള്ള മനുഷ്യരെ നിര്‍മ്മിക്കുന്നു.

വായനക്കാര്‍ക്കെല്ലാവര്‍ക്കും സമാധാനം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org