മാധ്യമങ്ങള്‍ സാമൂഹ്യജീവിതത്തിന്‍റെ ദര്‍പ്പണങ്ങളാകണം

മാധ്യമങ്ങള്‍ സാമൂഹ്യജീവിതത്തിന്‍റെ ദര്‍പ്പണങ്ങളാകണം

ജനാധിപത്യ സംവിധാനത്തിന്‍റെ പരസ്പര പൂരകങ്ങളായ രണ്ടു കാവല്‍ഗോപുരങ്ങളാണു മാധ്യമങ്ങളും ജുഡീഷ്യറിയും. സ്വച്ഛ സാമൂഹ്യജീവിതം സാദ്ധ്യമാക്കുന്നതിനും പ്രതിലോമശക്തികളെ നിര്‍വീര്യമാക്കുന്നതിനും ഈ രണ്ടു കാവല്‍ ഗോപുരങ്ങള്‍ക്കുമുള്ള പങ്കു ചില്ലറയല്ല. സത്യസന്ധതയോടെ മാധ്യമങ്ങളും നീതിനിഷ്ഠയോടെ ജുഡീഷ്യറിയും പ്രവര്‍ത്തനനിരതമാകുന്ന ഒരു സമൂഹത്തില്‍ ശാന്തിയും പുരോഗതിയും നിറയും.

ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി നവംബര്‍ 18-ന് പുറപ്പെടുവിച്ച മാധ്യമ നിയന്ത്രണ മാര്‍ഗരേഖകള്‍ അടങ്ങിയ സര്‍ക്കുലര്‍ വിവാദമാവുകയാണ്. കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളെ സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്താനും നിയന്ത്രിക്കാനുമുള്ള നിയമങ്ങളുണ്ടാക്കുകയും ഉത്തരവുകള്‍ ഇറക്കുകയും ചെയ്യുന്നതു പതിവായിട്ടുണ്ട്. ഇതിന്‍റെ ആരംഭം അടിയന്തിരാവസ്ഥക്കാലം മുതലാണെന്നതു ചരിത്രം. മാധ്യമസ്വാതന്ത്ര്യം വിലക്കിയതാണു തനിക്കു പറ്റിയ വലിയ അബദ്ധമെന്ന് അധികാരത്തില്‍ നിന്നു നിഷ്കാസിതയായ ശേഷമാണ് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞത്. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നതു ഫാസിസമാണ്. ഫാസിസ്റ്റ് മനോഭാവം ഒരു അധികാരസമൂഹത്തെയും ജനതയെയും രക്ഷിച്ച ചരിത്രമുണ്ടായിട്ടില്ല. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നിടത്തു ജനാധിപത്യം കൊല്ലപ്പെടുന്നു; മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു.

കേരളത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായി സംസാരിക്കുന്നതിനു മാധ്യമങ്ങള്‍ക്ക്, അതും സെക്രട്ടറിയേറ്റിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് അക്രഡിറ്റേഷനോ പ്രവേശനപാസ്സോ ഉള്ള മാധ്യമങ്ങള്‍ക്ക്, മാത്രമേ അനുവാദമുള്ളൂ എന്നും പൊതുസ്ഥലങ്ങളില്‍ പ്രത്യേകം ഒരുക്കിയ ഇടങ്ങളില്‍ മാത്രം സംവാദത്തിനുള്ള സൗകര്യം നല്കും എന്നുമൊക്കെയുള്ള സര്‍ക്കുലറിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയത് ആശ്വാസമായി.

പൊതുസ്ഥലങ്ങളില്‍ മന്ത്രിമാരോടും മറ്റു നേതാക്കന്മാരോടും അപ്രിയ ചോദ്യങ്ങള്‍ ചോദിക്കുന്നതു തടയാനുള്ള ഒരു ആസൂത്രിത നീക്കം ഈ സര്‍ക്കുലറിനു പിന്നില്‍ കാണാം. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലേറിയ ജനപ്രതിനിധികളോടും ഭരണാധികാരികളോടും ചോദ്യങ്ങള്‍ ചോദിക്കാനും പരാതിയറിയിക്കാനുമുള്ള പൊതുജനത്തിന്‍റെ അധരങ്ങളാണു മാധ്യമപ്രവര്‍ത്തകര്‍.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്തു സുപ്രീം കോടതി ശരിയായ ദിശയിലായിരുന്നില്ലെന്നു ഭാരതത്തിലെ ജനങ്ങളെ അറിയിക്കാന്‍ സുപ്രീംകോടതിയിലെതന്നെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ തിരഞ്ഞെടുത്തതു മാധ്യമങ്ങളെയാണ്. ജുഡീഷ്യറിയെ നവീകരിക്കാന്‍ അതിനകത്തുനിന്നുതന്നെ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികളുടെ ഗൗരവം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞ ജനുവരി 12-ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിനു സാധിച്ചു. പത്രസമ്മേളനം നടത്തിയതില്‍ ഖേദമില്ലെന്നും അതിനുശേഷം ജുഡീഷ്യറിയുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്നും ഈ ദിവസങ്ങളില്‍ വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.

മാധ്യമങ്ങളും തങ്ങളുടെ സ്ഥാനത്തിന്‍റെ മഹത്ത്വത്തിനു യോജിച്ച ഗൗരവത്തോടെ തങ്ങളുടെ ദൗത്യം നിറവേറ്റേണ്ടതുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ "ഇന്‍റര്‍ മിരിഫിക്ക" എന്ന ഡിക്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖകളുണ്ട്. കാടടച്ചുള്ള വിമര്‍ശനവും അന്ധമായുള്ള അധികാരസേവയും മാധ്യമസംസ്കാരമല്ല. ഭരണത്തിന്‍റെ പോരായ്മകളും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നേതൃത്വത്തിന്‍റെ സത്ഗുണങ്ങളെ പ്രോത്സാഹനത്തിലൂടെ വര്‍ദ്ധമാനമാക്കാനും മാധ്യമങ്ങള്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. പല പത്രങ്ങളും സാമൂഹ്യമാധ്യമങ്ങളും എഫ്എം റോഡിയോ പോലുള്ള വിജ്ഞാന-വിനോദോപാധികളും ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നു എന്നതു ശുഭോദര്‍ക്കമാണ്.

തങ്ങളുടെ അധികാരശുശ്രൂഷാ ജീവിതത്തിന്‍റെ ദര്‍പ്പണങ്ങളായി മാധ്യമങ്ങളെ കാണാന്‍ നേതാക്കള്‍ക്കാവട്ടെ; തങ്ങളുടെ കുറവുകളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന, തങ്ങളുടെ നിറവുകളില്‍ അഭിമാനിക്കാന്‍ സഹായിക്കുന്ന ദര്‍പ്പണങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org