എന്നിട്ടും എന്തേ വരാഞ്ഞേ!

എന്നിട്ടും എന്തേ വരാഞ്ഞേ!

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെയുള്ള തീയതികളില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ തന്‍റെ ഔദ്യോഗിക ശ്ലൈഹികസന്ദര്‍ശനം ഫ്രാന്‍സിസ് പാപ്പ പൂര്‍ത്തിയാക്കി. ബുദ്ധമതം ദേശീയമതമായ മ്യാന്‍മറിലെ കത്തോലിക്കര്‍ 1.5 ശതമാനം മാത്രമാണ്; മുസ്ലീം രാജ്യമായ ബംഗ്ലാദേശിലോ അത് 0.3 ശതമാനവും. കൂടാതെ വത്തിക്കാനുമായി മ്യാന്‍മര്‍ നയതന്ത്രബന്ധം സ്ഥാപിച്ചത് കഴിഞ്ഞ മേയ് മാസത്തില്‍ മാത്രമാണ്. റൊഹിംഗ്യാ വംശജരുടെ പലായനപ്രശ്നവുമായി ബന്ധപ്പെട്ട് ഈ രണ്ടു രാജ്യങ്ങളുടെയും രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷം കലുഷിതവുമാണ്.

സാഹചര്യങ്ങള്‍ ഇത്രമാത്രം പ്രതികൂലമായിരിക്കേ നാമമാത്ര കത്തോലിക്കാസാന്നിദ്ധ്യമുള്ള മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക സന്ദര്‍ ശനം സാദ്ധ്യമായി. അവിടെയുള്ള ഗവണ്‍മെന്‍റിന്‍റെയും സഭാനേതൃത്വത്തിന്‍റെയും തുറവോടെയുള്ള കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിരുന്നു അത്. 2015 ജനുവരിയില്‍ ഭാരതത്തില്‍ ജനിച്ചു ശ്രീലങ്കയില്‍ ജീവിച്ചു മരിച്ച മിഷനറി വൈദികന്‍ ജോസഫ് വാസിനെ വിശുദ്ധനാക്കാനുള്ള ചടങ്ങിനു ശ്രീലങ്കയും ഫ്രാന്‍സിസ് പാപ്പയ്ക്ക് ആതിഥ്യമരുളി. 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ ബംഗ്ലാദേശ് പാപ്പയെ സ്വീകരിക്കുകയുണ്ടായി.

ചരിത്രം ഇങ്ങനെയൊക്കെ ആയിരിക്കേ ഇത്തവണ ഭാരതത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം നടക്കാതെ പോയത് നിര്‍ഭാഗ്യകരമായി. ഭാരതം സന്ദര്‍ശിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം വത്തിക്കാന്‍ അറിയിച്ചതുമാണ്. 2016 ഒക്ടോബറില്‍ അസര്‍ബൈജാന്‍ സന്ദര്‍ശനത്തിനുശേഷമുള്ള മടക്കയാത്രയിലെ വിമാനത്തിനകത്തെ പത്രസമ്മേളനത്തിലായിരുന്നു അത്. അതേതുടര്‍ന്ന് FABC, CCBI, CBCI എന്നീ മെത്രാന്‍ സമിതികളുടെ പ്രതിനിധികളായി ഭാരതത്തിലെ കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചു ചര്‍ച്ച നടത്തുകയുണ്ടായി. ഇതിനോടു വളരെ തണുപ്പന്‍ പ്രതികരണമാണു ഭാരതസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള പാപ്പ യുടെ സന്ദര്‍ശനം ത്രിവിധ ദൗത്യത്തോടെയായിരുന്നു: അവിടുത്തെ ജനങ്ങളുടെ ആഭ്യന്തരസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുക, മതാന്തരസംവാദത്തിലേര്‍പ്പെടുക, ആ രാജ്യങ്ങളിലെ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹത്തിന്‍റെ വിശ്വാസതീക്ഷ്ണത വളര്‍ത്തുക. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു നടന്ന പാപ്പയുടെ സന്ദര്‍ശനം വഴി ബംഗ്ലാദേശ്, മ്യാന്‍മര്‍ രാജ്യങ്ങള്‍ക്കു വത്തിക്കാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനും ആ രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ തുറവോടെ പരിഹരിക്കാനുമുള്ള കൂട്ടായ്മയുടെ ഒരു വേദിയൊരുങ്ങുകയും ചെയ്തു.

ഈ സാദ്ധ്യത ഭാരതത്തിനും ഉപയോഗപ്പെടുത്താമായിരുന്നു. എന്നാല്‍ 2019-ല്‍ വരുന്ന ദേശീയ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഹിന്ദു വോട്ടര്‍മാരെ പിണക്കാതിരിക്കാനാണു മോദി സര്‍ക്കാര്‍ പാപ്പായ്ക്കു ഭാരതസന്ദര്‍ശനാനുമതി നല്കാതിരുന്നത് എന്നു ചില രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.

2000 വര്‍ഷത്തിന്‍റെ വിശ്വാസപാരമ്പര്യമുള്ള, ആഗോളസഭയ്ക്കു വിശുദ്ധരെയും പ്രേഷിതതീക്ഷ്ണതയുള്ള ധാരാളം മിഷനറിമാരെയും നല്കുന്ന, രണ്ടു വ്യക്തിസഭകളുടെ തലവന്മാരുടെ സാന്നിദ്ധ്യമുള്ള ഈ ഭാരതത്തില്‍ ഫ്രാന്‍സിസ് പാപ്പയെപ്പോലുള്ള ഒരു മാര്‍പാപ്പയുടെ സന്ദര്‍ ശനം വഴി ലഭിക്കുമായിരുന്ന ഉന്മേഷവും ഊര്‍ജ്ജവും ചില്ലറയല്ല.

സിബിസിഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്കരനാസിന്‍റെ വാക്കുകളില്‍ നമുക്ക് ആശ്വസിക്കാം. "ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്; സര്‍ക്കാരിന്‍റെ സഹായത്തോടെതന്നെ 2018-ന്‍റെ പകുതിയോടെയെങ്കിലും ഫ്രാന്‍സിസ് പാപ്പയെ ഭാരതത്തിലേക്കു സ്വാഗതം ചെയ്യാമെന്ന്." വിളക്കുകളില്‍ മാത്രമല്ല വിവേകമതികളായ കന്യകമാരെപ്പോലെ പാത്രങ്ങളിലും പ്രതീക്ഷയുടെ എണ്ണ കരു തി നമുക്കു കാത്തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org