Latest News
|^| Home -> Editorial -> ഓഖി നല്കുന്ന സമാധാനം

ഓഖി നല്കുന്ന സമാധാനം

Sathyadeepam

കേരളത്തിന്‍റെ 2017 ക്രിസ്തുമസ് കണ്ണീര്‍ക്കടലിലാണ്. ഓഖി ചുഴലിക്കാറ്റ് ചുഴറ്റിയെറിഞ്ഞ ജന്മങ്ങളെയോര്‍ത്ത്, അവര്‍ കരയില്‍ വച്ചിട്ടുപോയ ജീവിതങ്ങളെയോര്‍ത്ത് വിങ്ങുകയാണു കേരളം. യേശുവിന്‍റെ പിറവിത്തിരുനാള്‍ നല്കുന്ന സമാധാനം അനുഭവിക്കാന്‍ ഇനിയും നാം എങ്ങനെയൊക്കെ തയ്യാറെടുക്കണം എന്ന പാഠങ്ങള്‍ സമ്മാനിച്ച് ഒരു പ്രകൃതിദുരന്തംകൂടി കടന്നുപോയി.

നഷ്ടങ്ങളുടെ കണക്കും സഹായവാഗ്ദാനങ്ങളും വിമര്‍ശനത്തിന്‍റെ അരിപ്പയില്‍ പാറ്റിക്കൊണ്ടിരിക്കുകയാണു മാധ്യമലോകം. ഓരോ ദുരന്തത്തീയിലും കൈവച്ചു പൊള്ളിയെ നാം പഠിക്കൂ എന്നുള്ള വാശി ഇനിയും എന്താണ് ഉപേക്ഷിക്കാത്തത്? ശാസ്ത്രവും സംവിധാനങ്ങളും ഇത്രമാത്രം പുരോഗമിച്ചിട്ടും സുമനസ്സുള്ള ആളുകളുടെ എണ്ണത്തിലും ദുരിതാശ്വാസഫണ്ടുകളുടെ വലിപ്പത്തിലും വര്‍ദ്ധനയുണ്ടായിട്ടും കടലോരത്തിന്‍റെ കണ്ണീരൊപ്പാന്‍ നമുക്കെന്തേ ഇനിയും കഴിയുന്നില്ല?

ദുരന്തമുണ്ടായതിനുശേഷമുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയവും മറ്റു സാമൂഹ്യവ്യവസ്ഥിതികളും ഇടപെട്ടുകൊള്ളട്ടെ. എന്നാല്‍ തീരദേശവാസികളുടെ അനുദിന ജീവിതങ്ങളില്‍ ഇനിയും സഭ ചെലുത്തേണ്ട ഒരു നവസ്വാധീനത്തെക്കുറിച്ചു കേരള സഭാനേതൃത്വം കൂട്ടായി ചിന്തിക്കണം. സഹായങ്ങള്‍ ആളായും അര്‍ഥമായും ദുരിതബാധിത പ്രദേശങ്ങളിലും കുടുംബങ്ങളിലും എത്തിക്കാന്‍ രാഷ്ട്രീയനേതൃത്വത്തോടു വിലപേശുന്നതും കൊടിപിടിക്കുന്നതും നല്ലതുതന്നെ. എന്നാല്‍ ഈ കടല്‍മക്കളുടെ ജീവിതവീക്ഷണശൈലികളില്‍ കാര്യമായി ഇടപെടാനും അതിനെ സുവിശേഷീകരിക്കാനും കൂടെ സഭയ്ക്കു ബാദ്ധ്യതയുണ്ട്.

കടലോരമക്കളുടെ ആത്മീയതയുടെ പ്രത്യേകതകള്‍ അറിയുന്ന, അവരുടെ ചിന്താമണ്ഡലത്തിന്‍റെ ആഴമറിയുന്ന, ജീവിതാനുഭവങ്ങളിലൂടെ അവരാര്‍ജ്ജിച്ചെടുത്ത വിശ്വാസസംഹിതകളറിയുന്ന ഒരു സഭാനേതൃത്വത്തിന് അവരെ ജീവിതത്തിന്‍റെ കുറച്ചുകൂടെ അര്‍ത്ഥപൂര്‍ണമായ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാവും.

പ്രാര്‍ത്ഥിക്കുന്നവരും പരിശ്രമശാലികളും ആവശ്യത്തിനു പണം സമ്പാദിക്കുന്നവരുമാണു കടലിന്‍റെ ഈ മക്കള്‍. ഇവരുടെ ജീവിതത്തിലെ ദുരന്തസമയങ്ങളില്‍ മാത്രമല്ല നാം ഇടപെടേണ്ടത്. സഹായവിതരണത്തിനും ശ്രമദാനങ്ങള്‍ക്കുംശേഷം അവരെ അവരുടെ ലോകത്തിലേക്കു വീണ്ടും ഒതുക്കാതെ പൊതുസമൂഹത്തിന്‍റെ മുഖ്യധാരയില്‍ തന്നെ നിര്‍ത്തണം. നഗരവാസികള്‍ക്കു ഗ്രാമത്തിന്‍റെ പച്ചപ്പും മലയോരവാസികള്‍ക്കു കടലോരത്തിന്‍റെ നന്മയും ഒരുപോലെ ആവശ്യമാണല്ലോ.

1891-ല്‍ ലെയോ 13-ാം പാപ്പയുടെ “റേരും നൊവാരും” ചാക്രികലേഖനം മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ “അമേരിസ് ലെത്തീസ്യ” വരെയുള്ള അപ്പസ്തോലിക പ്രബോധനങ്ങള്‍ സഭയുടെ സാമൂഹ്യ ഔത്സുക്യത്തിലേക്കും പ്രതിബദ്ധതയിലേക്കും വിരല്‍ ചൂണ്ടുന്നു. ബെനഡിക്ട് 16-ാം പാപ്പയുടെ വാക്കുകളില്‍, സഭ അതിന്‍റെ ആത്മീയ സമ്പത്തുപയോഗിച്ച് ഒരു നവസാമൂഹ്യസൃഷ്ടിക്കായി പ്രയത്നിക്കാനുള്ള കടമ പേറുന്നവളാണ്. അതിനാല്‍ത്തന്നെ കടലോരത്തെ ജനങ്ങളുടെ വ്യാധി, കടലോരപ്രദേശത്തെ കുറച്ചു ലത്തീന്‍ രൂപതകളുടെ മാത്രമല്ല കേരളസഭയുടെ മുഴുവന്‍ ആധിയാണ്. കടലോരം നല്കുന്ന മത്സ്യസമ്പത്തില്‍ മലയോരം വരെ പങ്കുപറ്റുന്നതുപോലെ കടലോര ജീവിതത്തിന്‍റെ ഉപരിനന്മയിലും ശ്രദ്ധാലുക്കളാകാന്‍ നമുക്കാവണം. ദുരിതാശ്വാസനേരത്തും ആപത്ഘട്ട സമയങ്ങളിലും മാത്രമല്ല, ജീവിതത്തിന്‍റെ 24 x 7 അവരോടാപ്പമായിരിക്കുന്ന ഒരു പിന്തുണ വ്യവസ്ഥിതിയെക്കുറിച്ചു ചിന്തിക്കേണ്ട സമയമായി. കടല്‍മക്കളുടെ മനസ്സറിയുന്നവര്‍ക്കേ, ആത്മാവിനെ തൊടുന്നവര്‍ക്കേ അവരുടെ ജീവിതങ്ങളെയും നവീകരിക്കാനാവൂ.

അടുത്ത ഓഖിക്കായി കാത്തുനില്ക്കാതെ നമുക്കു കൈ കോര്‍ക്കാം. കൊന്തയേന്തുന്ന ആ കൈകള്‍ക്കു നമ്മുടെ കൈകളും നല്കാം. തീരദേശത്ത് ഒരു നവസുവിശേഷവത്കരണത്തിനു സമയമായി; ഒരു രണ്ടാം ഫ്രാന്‍സിസ് സേവ്യറിന്‍റെ ആഗമനത്തിനും. ഏവര്‍ക്കും യേശുജനനത്തിരുനാളിന്‍റെ സമാധാനാശംസകള്‍!

Leave a Comment

*
*