എളിയവന്‍റെ നിലവിളി കേള്‍ക്കാന്‍

എളിയവന്‍റെ നിലവിളി കേള്‍ക്കാന്‍

പാവങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ഞായര്‍ ആഘോഷിച്ചുകൊണ്ടാണ് ഈ ആരാധനക്രമവത്സരം കടന്നുപോകുന്നത്. ക്രിസ്തുരാജന്‍റെ തിരുനാളിനു മുമ്പുള്ള ഞായര്‍ പാവങ്ങളെ സ്മരിക്കാനുള്ള ദിവസമാക്കിയതു ഫ്രാന്‍സിസ് പാപ്പയാണ്. ലത്തീന്‍ സഭയുടെ കലണ്ടര്‍ പ്രകാരം ആരാധനക്രമവത്സരത്തിലെ 33-ാം ഞായറാഴ്ചയാണു പാവങ്ങളുടെ ദിനമായി 2017 മുതല്‍ ആചരിക്കാന്‍ ആരംഭിച്ചത്. 2016-ലെ കരുണയുടെ വര്‍ഷം ഫ്രാന്‍സിസ് പാപ്പ സമാപിപ്പിച്ചത് 2016 നവംബര്‍ 20-ാം തീയതി Misericordia et Miscra എന്ന തന്‍റെ അപ്പസ്തോലിക ലേഖനം വഴി പാവങ്ങളുടെ ദിനം ആചരിക്കാനുള്ള ആഹ്വാനം നല്കിക്കൊണ്ടാണ്.

സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചില സുകൃതങ്ങളും മൂല്യങ്ങളും തിരിച്ചുപിടിക്കാനുള്ള അവസരവും ഓര്‍മപ്പെടുത്തലുമാണ് ഇതുപോലുള്ള ദിനങ്ങളുടെ പ്രഖ്യാപനങ്ങള്‍. നമ്മിലെയും നമുക്കു ചുറ്റുമുള്ളവരിലെയും പാവങ്ങളെ തിരക്കിയിറങ്ങാനും അവരുടെ കരച്ചില്‍ ശ്രവിക്കാനും അതിനോടു പ്രത്യുത്തരിക്കാനും ഈ ഓര്‍മദിനം നമ്മെ വെല്ലുവിളിക്കുന്നു. സഭയുടെ നേതൃത്വവും പാവപ്പെട്ടവന്‍റെ ഉന്നമനത്തിനായി ആരംഭിച്ച പല സഭാസ്ഥാപനസംവിധാനങ്ങളും പാവപ്പെട്ടവരുടെ ജീവിതങ്ങളില്‍നിന്നും അകലുകയാണെന്നൊരു നിരീക്ഷണമുണ്ട്. അറിവും ആരോഗ്യവും ഏറ്റവും പാവപ്പെട്ടവനു നല്കാന്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഭയുടെ വിദ്യാഭ്യാസ-ആതുരാലയ സ്ഥാപനങ്ങള്‍ പലതും ന്യൂനപക്ഷ വരേണ്യവര്‍ഗത്തിന്‍റെ വിഹാരകേന്ദ്രങ്ങളായി മാറുന്നു എന്ന പരാതിയും വ്യാപകമാണ്. സമൂഹത്തിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തെ വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്‍റിന്‍റെയും ഗവണ്‍മെന്‍റിതര സംവിധാനങ്ങളുടെയും നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ പാവങ്ങളുടെ പക്ഷം പിടിക്കാന്‍ നമുക്കാവുമോ?

ആരാണു പാവങ്ങള്‍? എന്താണു ദാരിദ്ര്യം? മനുഷ്യാന്തസ്സ് നിലനിര്‍ത്താത്ത എന്തും നമ്മെ ദരിദ്രരാക്കും. പണമില്ലാത്തവര്‍ മാത്രമല്ല ദരിദ്രര്‍; പണമുണ്ടായിട്ടും അതു പക്വതയോടെ ചെലവഴിക്കാത്തതും ദാരിദ്ര്യം തന്നെ. ഭക്ഷണമില്ലാത്ത അവസ്ഥ മാത്രമല്ല ദാരിദ്ര്യാവസ്ഥ; അമിതമായി ആഹരിച്ചു ശരീരത്തെ അപകടത്തിലാക്കുന്നതും ദാരിദ്ര്യത്തിന്‍റെ മറ്റൊരു മുഖമാണ്. വസിക്കാന്‍ സ്വന്തമായൊരു ഭവനമില്ലാത്തവരും വലിയ മാളികകള്‍ കെട്ടിപ്പൊക്കി അതില്‍ ഒറ്റപ്പെട്ടു കഴിയുന്നവരും ഒരുപോലെ ദരിദ്രരാണ്. നമുക്കു ചുറ്റും പട്ടിണിമൂലം മരിക്കുന്നവര്‍ വിരളം; പക്ഷേ, എല്ലാ ഭൗതികസുഖസൗകര്യങ്ങള്‍ക്കുള്ളിലും അതനുഭവിക്കാനുള്ള പക്വതയില്ലാതെ ആര്‍ത്തിയുടെ ദാരിദ്ര്യം ബാധിച്ച അനേകരുണ്ട്.

മേയ് 28-ന് അന്താരാഷ്ട്ര ദരിദ്രദിനവും ഒക്ടോബര്‍ 16-ന് ലോക ഭക്ഷ്യദിനവും ഒക്ടോബര്‍ 17-ന് ലോക ദാരിദ്ര്യ നിര്‍മാര്‍ജ്ജനദിനവും നമ്മളാചരിക്കും. ഫ്രാന്‍സിസ് പാപ്പ ആരംഭിച്ച പാവങ്ങള്‍ക്കുവേണ്ടിയുള്ള ഈ ഞായറും ആഘോഷങ്ങളുടെയും അനുസ്മരണദിനങ്ങളുടെയും ആധിക്യത്തില്‍ ആണ്ടുപോകരുത്. ലോകം നമ്മില്‍നിന്നും പഠിച്ച്, എന്നാല്‍ ഇന്നു നമുക്കു കൈമോശം വന്നുകൊണ്ടിരിക്കുന്ന ദരിദ്രരോടുള്ള പ്രത്യേക കരുതല്‍ സംസ്കാരം നമുക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്.

"എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു" എന്ന 34-ാം സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പാവങ്ങള്‍ക്കുവേണ്ടിയുള്ള ഞായര്‍ദിന സന്ദേശത്തില്‍ മുന്നോട്ടുവയ്ക്കുന്ന മൂന്നു കര്‍മങ്ങള്‍ ക്രിയാത്മകമായി നിര്‍വഹിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം: കേള്‍ക്കുക, പ്രത്യുത്തരിക്കുക, മോചിപ്പിക്കുക. കരയുന്ന ദരിദ്രനെ കാണാനും ആ അവസ്ഥയോടു പ്രത്യുത്തരിച്ച് അതില്‍ നിന്ന് അവരെ മോചിപ്പിക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന അല്മായരുടെയും ചെറു സമഹങ്ങളുടെയും പുതുസംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നതു ശുഭോദര്‍ക്കമാണ്. ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി വിടര്‍ന്നുവരുന്ന ഈ മുകുളങ്ങള്‍ക്കു വളവും വെള്ളവും നല്കാന്‍ സഭാനേതൃത്വത്തിനാകണം.

ദാരിദ്ര്യത്തിന്‍റെ പല മുഖങ്ങളില്‍ നിന്നുയരുന്ന നിലവിളി കേള്‍ക്കുന്നവരാകാം നമുക്ക്. നഷ്ടപ്പെട്ട മാതാപിതാക്കളെ തേടി കരയുന്ന ഒരു അഭയാര്‍ത്ഥി പൈതല്‍, തുടര്‍പഠനത്തിനായി വിഷമിക്കുന്ന ഒരു കൗമാരക്കാരന്‍, അനുകൂല കാലാവസ്ഥയ്ക്കായി കേഴുന്ന ഒരു കര്‍ഷകന്‍, ലൈംഗികചൂഷണ ങ്ങള്‍ക്കു വില്ക്കപ്പെടുന്ന ഒരു ജന്മം, ഒറ്റപ്പെടലിന്‍റെ വാര്‍ദ്ധക്യം ജീവിക്കുന്ന ഒരു വൃദ്ധ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org