ഭൂരിപക്ഷാധിപത്യം എന്ന വൈറസ്

ഭൂരിപക്ഷാധിപത്യം എന്ന വൈറസ്

ഡിസംബര്‍ 9, 14 തീയതികളിലായി ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാന്ധിനഗര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് തോമസ് മക്വാന്‍ തന്‍റെ സഹമെത്രാന്മാര്‍ക്കും വൈദികര്‍ക്കും വിശ്വാസിസമൂഹത്തിനുമായി നല്കിയ സന്ദേശം വിവാദമായി. രാജ്യത്തെ ദേശീയവാദശക്തികളില്‍ നിന്നു രക്ഷിക്കാന്‍ ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന ആര്‍ച്ച്ബിഷപ്പിന്‍റെ ആഹ്വാനത്തെക്കുറിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ച് കാരണം കാണിക്കല്‍ നോട്ടിസയച്ചിട്ടുണ്ട്.

ഒരു പിതാവു തന്‍റെ അജഗണങ്ങള്‍ക്കായി നല്കിയ ഒരു ആത്മീയ ഉപദേശത്തിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ രാഷ്ട്രീയമാനം നല്കി മാധ്യമങ്ങളില്‍ അമിതപ്രാധാന്യം ഉണ്ടാക്കിയത് റിപ്പബ്ലിക് ടി.വി. അവതാരകനായ അര്‍ണബ് ഗോസ്വാമിയുടെ ഇടപെടലാണ്. "ദേശീയവാദശക്തികളില്‍ നിന്ന്" എന്ന പ്രയോഗത്തിനു പകരം മതമൗലികവാദികളില്‍നിന്നോ സാമൂഹ്യവിരുദ്ധശക്തികളില്‍നിന്നോ എന്നായിരുന്നെങ്കില്‍ കൂടുതല്‍ ആശയവ്യക്തത ഉണ്ടാകുമായിരുന്നു. അതുപോലെതന്നെ "ദേവാലയങ്ങള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം നടക്കാത്ത ഒരു ദിവസം പോലുമുണ്ടാകുന്നില്ല" എന്ന ആര്‍ച്ച്ബിഷപ്പിന്‍റെ വാചകവും അതിശയോക്തി കലര്‍ന്നതാണ്.

ആര്‍ച്ച്ബിഷപ്പിന്‍റെ കത്തു പൊതുജനങ്ങള്‍ക്കുള്ളതായിരുന്നില്ല, ഗുജറാത്തിലെ 0.5 ശതമാനം മാത്രം വരുന്ന വിശ്വാസിസമൂഹത്തിനെഴുതിയ ഒരു വ്യക്തിപരമായ കത്തായിരുന്നു. ഇതൊരു രാഷ്ട്രീയപാര്‍ട്ടിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള പരസ്യപ്രസ്താവനയും ആയിരുന്നില്ല. ദേശീയവാദശക്തികള്‍ എന്ന പ്രയോഗംകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതു മതത്തിന്‍റെയും ജാതിവര്‍ഗങ്ങളുടെയും വരമ്പുകളിലേക്കു ദേശത്തെ ഒതുക്കാന്‍ ശ്രമിക്കുന്നവരെയാണ്; ഭാരതത്തിന്‍റെ മതനിരപേക്ഷമായ ഭരണഘടനയെ തുരങ്കം വയ്ക്കുന്നവരെയാണ്.

ആരാണീ ദേശഭക്തര്‍? സദാചാര പൊലീസിന്‍റെ വേഷമണിഞ്ഞ റോമിയോ സ്ക്വാഡുകളോ? ഗോ സംരക്ഷകരോ? കര്‍ണിസേനയും അവരുടെ അനുഭാവികളുമോ? ഒരു സിനിമയുടെയും കഥാപാത്രത്തിന്‍റെയും പേരില്‍ സംവിധായകന്‍ സഞ്ജയ് ലീലബന്‍സാലി, നടി ദീപിക പദുക്കോണ്‍ എന്നിവരുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി ഇനാം പ്രഖ്യാപിച്ചവരോ?

ഭാരതം ഭൂരിപക്ഷാധിപത്യസംസ്കാരത്തിലേക്കു കൂപ്പുകുത്തുകയാണ്. ഇവിടെ ഭൂരിപക്ഷം പറയുന്നതാണു ശരി. അതു വ്യക്തിപരമായ എന്‍റെ ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും വിശ്വാസത്തിന്‍റെയും കാര്യത്തിലായാലും ഇതൊരു ദുരന്തമാണ്; ജനാധിപത്യത്തിന്‍റെ വികലമായ വ്യാഖ്യാനമാണ്; ഭരണഘടനാസ്വാതന്ത്ര്യത്തിന്‍റെ നഗ്നമായ പൊളിച്ചെഴുത്താണ്. ഈ മൗലിക തീവ്രവാദത്തെ മനുഷ്യസ്നേഹമോ ദേശസ്നേഹമോ ആയി കരുതാനാവില്ല. ഭരിക്കുന്ന പാര്‍ട്ടിക്കും അധികാരിക്കുമെതിരെ ശബ്ദിക്കാനാവില്ല എന്നുവരുന്നതു കാടിന്‍റെ കാടത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ്. അധികാരത്തിന്‍റെ തീരുമാനങ്ങള്‍ക്കൊപ്പമില്ലാത്തവരെല്ലാം തെറ്റുകാരും എതിരാളികളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്നുള്ള ചിന്ത ആധുനിക ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയദുരന്തമാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഒരു ക്രിസ്തീയ ദേവാലയത്തിനും നേരെ ഒരു കല്ലുപോലും എറിയപ്പെട്ടിട്ടില്ലെന്നും ഒരു ക്രൈസ്തവന്‍പോലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്കിയ പ്രതികരണത്തില്‍ പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിവരമില്ലായ്മയുടെയും വിവേകശൂന്യതയുടെയും ആള്‍രൂപമാവുകയാണ്.

2017-ലെ World Watch List പ്രകാരം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകപട്ടികയില്‍ 15-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ കാര്യത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയാണു 2016-ല്‍ ഉണ്ടായത്. ദളിത് ക്രൈസ്തവരും പിന്നാക്കസമുദായങ്ങളുമാണു പീഡിതരില്‍ ഭൂരിഭാഗവും. കണക്കുകളെ തമസ്കരിച്ചും യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചും രാഷ്ട്രീയക്കാര്‍ നടത്തുന്ന ഇത്തരം ഗീര്‍വാണങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം നാം പ്രജ്ഞയില്ലാത്തവരാകരുത്.

ഉക്രെയ്നിലെ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ അവിടുത്തെ സഭയോടു രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നു വിട്ടുനില്ക്കാന്‍ തന്‍റെ സന്ദര്‍ശനത്തില്‍ ആവശ്യപ്പെട്ടു. ഇതു സഭ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയാനല്ല. രാഷ്ട്രീയകലാപത്തിനിരയായവരുടെ സുരക്ഷയ്ക്കാണു കൂടുതല്‍ ഊന്നല്‍ നല്കേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കാനാണ്. 2017 ഏപ്രിലില്‍ പുറത്തിറക്കിയ "Catholicism and Citizenship" എന്ന തന്‍റെ പുസ്തകത്തില്‍ യുഎസ്സിലെ വില്ലനോവ യൂണവേഴ്സിറ്റി പ്രൊഫസ്സര്‍ മസ്സിമോ ഫഗിയോളി ആധുനിക യുഗത്തില്‍ സഭയും രാഷ്ട്രീയവും തമ്മിലുണ്ടാകേണ്ട ഗാഢബന്ധത്തെ വിശദീകരിക്കുന്നുണ്ട്. ഓരോ വിശ്വാസിയും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ സമൂഹനന്മയ്ക്കുവേണ്ടിയുള്ള തന്‍റെ 'രാഷ്ട്രീയവിളി' തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org