‘റാമാ’യിലെ നിലവിളികള്‍

‘റാമാ’യിലെ നിലവിളികള്‍

ഇന്ത്യയില്‍ ജനിച്ചവര്‍ ഇവിടെ തുടരണമോയെന്ന ചര്‍ച്ചകള്‍ പൗരത്വ പുനര്‍നിര്‍ണയ തര്‍ക്കത്തില്‍ തുടരുമ്പോള്‍ പുതിയതായി ഇവിടെയാരും ഇനി പിറക്കേണ്ടതില്ലായെന്ന നിശ്ചയത്തോടെ മറ്റൊരു നിയമഭേദഗതിക്കൊരുങ്ങുകയാണു കേന്ദ്ര സര്‍ക്കാര്‍.

അര നൂറ്റാണ്ടു പഴക്കമുള്ള 1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (MTP) ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിനു കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്കിയതോടെ ആറു മാസം വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ വധിക്കാമെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. നിലവില്‍ 20 ആഴ്ച വരെ മാത്രമേഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കിയിരുന്നുള്ളൂ. എന്നാല്‍ 24 ആഴ്ചയുടെ വളര്‍ച്ച പൂര്‍ത്തിയായ കുഞ്ഞിനെ അതിക്രൂരമായി കൊന്നു തള്ളാനുള്ള നിയമപരമായ സുരക്ഷയ്ക്കാണു പുതിയ ഭേദഗതി അനുവാദം നല്കുന്നത്. പാര്‍ലമെന്‍റിന്‍റെ കടമ്പയാണിനി കടക്കാനുള്ളത്. ലോക്സഭയിലെ മൃഗീയഭൂരിപക്ഷവും രാജ്യസഭയിലെ സാങ്കേതിക ഭൂരിപക്ഷവും കടന്ന് അതു നിയമമായാല്‍ നിഷ്കളങ്കരക്തത്തിന്‍റെ നിലവിളികളാല്‍ ഭാരതം ചുടലക്കളമാകുമെന്നുറപ്പാണ്.

Human Life International-ന്‍റെ റിപ്പോര്‍ട്ട് പ്രകാരം 15.6 മില്യണ്‍ കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ച് അതിക്രൂരമായി കൊല്ലപ്പെടുന്നുണ്ട്. മൂന്നിലൊന്നു കുട്ടികള്‍ ഇപ്പോള്‍ത്തന്ന ഗര്‍ഭാവസ്ഥയില്‍ നശിപ്പിക്കപ്പെടുന്ന ഈ അസാധാരണ സാഹചര്യം പുതിയ നിയമഭേദഗതിയോടെ എത്രയോ ഇരട്ടിയായി വര്‍ദ്ധിക്കുമെന്നതിനാല്‍ മനുഷ്യരാശിയോടുതന്നെയുള്ള വെല്ലുവിളിയായി വേണം ഈ നീക്കത്തെ കാണാന്‍.

ഭ്രൂണാവസ്ഥയിലുള്ള മനുഷ്യജീവന്‍റെ മേല്‍ ജനിതകമാറ്റം പോലുള്ള പരീക്ഷണങ്ങളിലൂടെ മാനവരാശിക്കു ഭീഷണിയുയര്‍ത്തി ശാസ്ത്രം പുരോഗമിക്കുമ്പോള്‍, ഉയിരുതന്ന ഉടയവനെ വിസ്മരിച്ചും വെല്ലുവിളിച്ചുമാണിതെന്നു മറക്കാതിരിക്കാം. കാരണം സമ്പൂര്‍ണ മനുഷ്യനായി രൂപപ്പെടാനുള്ള സര്‍വസാദ്ധ്യതകളുമുള്ള അനേകം ഭ്രൂണങ്ങളെ അതിക്രൂരമായി നശിപ്പിച്ചുകൊണ്ടാണ് ഇത്തരം ലാബുകളിലെ പരീക്ഷണഗവേഷണങ്ങള്‍! ഗര്‍ഭപാത്രത്തിനു വെളിയിലെങ്കിലും ഇതും ഗര്‍ഭച്ഛിദ്രംതന്നെയാണ്. നാളിതുവരെയുള്ള ലോകയുദ്ധങ്ങളില്‍ കൊന്നൊടുക്കപ്പെട്ട മനുഷ്യജീവനുകളേക്കാള്‍ എത്രയോ ഇരട്ടിയാണു പിറക്കുംമുമ്പേ പിരിഞ്ഞുപോയ മനുഷ്യവ്യക്തികള്‍! വാടക ഗര്‍ഭധാരണത്തെയും ഐവിഎഫ് പോലുള്ള കൃത്രിമ ഗര്‍ഭധാരണ രീതികളെയും സഭ എതിര്‍ക്കുന്നതിനു പുറകില്‍ അവയില്‍ മനുഷ്യമഹത്ത്വനിഷേധവും ദൈവപദ്ധതി വിഛേദവുമാണെന്നതില്‍ സംശയമില്ല.

അബോര്‍ഷനു വിധേയമാകുന്ന അമ്മയുടെ ആകുലതകളും മനസികാഘാതവും നിയമനിര്‍മാതാക്കള്‍ ഗൗരവമായി എടുത്തിട്ടുണ്ടോയെന്നു സംശയമുണ്ട്. ശാരീരിക മുറിവിനേക്കാള്‍ എത്രയോ ആഴത്തിലാണവരുടെ ആന്തരികവ്യഥകള്‍?

"ഗര്‍ഭാവസ്ഥയുടെ ആരംഭം മുതല്‍ വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടാനുള്ള അവകാശം ഒരു ശിശുവിനുണ്ട്" (മാര്‍ഗനിര്‍ദ്ദേശം – ദോനും വിത്തേ 1, 8) എന്നു സഭ പഠിപ്പി ക്കുമ്പോള്‍ ജീവന്‍റെ സുവിശേഷം പ്രഘോഷിക്കുവാനുളള അവളുടെ നിരന്തരമായ ഉത്തരവാദിത്വത്തെയാണ് അതോര്‍മിപ്പിക്കുന്നത്. എന്നാല്‍ ഇക്കുറി ഏതാനും പരസ്യപ്രസ്താവനകളില്‍ നമ്മുടെ പ്രതിഷേധത്തെ നാം ഒതുക്കിയൊഴിവാക്കി യോ എന്നു വിലയിരുത്തേണ്ടതുണ്ട്. ആദരവിന്‍റെ സംസ്കാരം അന്യംനില്ക്കുന്നൊരു കാലത്തു ജീവന്‍റെ പ്രഘോഷണങ്ങള്‍ ക്കു പ്രത്യേക പ്രസക്തിയുണ്ട്. അപരനെ ആദരിക്കുവാനുള്ള കാരണം പിറവിക്കു മുമ്പ്/ ശേഷം എന്നിങ്ങനെ വേര്‍തിരിക്കുന്നിടത്തു മാനവികതയെ സ്ഥിരമായി നാം പുറത്തുനിര്‍ത്തുകതന്നെയാണ്. നിസ്സഹായതയുടെ നിലവിളികള്‍ക്കു കണ്ണും കാതുമാകാന്‍ നാമിനിയും വൈകരുത്. 'റാമാ, നിലവിളിക്കുകയാണ്.' (മത്താ. 2:18). ഓര്‍ക്കുക ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org