പാപ്പ പറയാതെ പറഞ്ഞത്

പാപ്പ പറയാതെ പറഞ്ഞത്

യേശു സഞ്ചരിച്ച്, ജീവിച്ച്, പ്രസംഗിച്ചു നടന്ന അതേ ദേശത്തു നറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഒരു 'മലയിലെ പ്രസംഗം' നടന്നു. യു.എ.ഇ. ആദ്യമായി സന്ദര്‍ശിക്കുന്ന മാര്‍പാപ്പ എന്ന പ്രത്യേകതയോടെ ഫ്രാന്‍സിസ് പാപ്പ അബുദാബിയില്‍ അര്‍പ്പിച്ച വി. ബലിയിലെ സുവിശേഷഭാഗം വി. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഗിരിപ്രഭാഷണമായിരുന്നു. 'യേശുവിനെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം കത്തിനശിച്ചാലും ഈ മലയിലെ പ്രസംഗഭാഗം മാത്രം മതി യേശുവിനെ എന്നുമോര്‍ക്കാന്‍' എന്നു പറഞ്ഞതു ഗാന്ധിജിയാണ്. ചരിത്രം തിരുത്തിയ, ലോകത്തിന്‍റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകേണ്ട, സഭയുടെ തനിമ വ്യക്തമാക്കിയ ഒരു സന്ദര്‍ശനമാണു ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനം.

സഭയുടെ ക്ഷണപ്രകാരമല്ല ഫ്രാന്‍സിസ് പാപ്പ അറബി നാട്ടിലെത്തിയത്; അന്തര്‍ദ്ദേശീയ മുസ്ലീം കൗണ്‍സില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സമ്മേളനത്തിന്‍റെ മുഖ്യാതിഥിയായിട്ടായിരുന്നു. ഐക്യവും ലോകസമാധാനവും ഊട്ടിയുറപ്പിക്കാന്‍ മതമൂല്യങ്ങള്‍ക്കും മതനേതാക്കള്‍ക്കുമുള്ള പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനം വിളിച്ചുചേര്‍ത്തതു സുന്നി മുസ്ലീം സമൂഹത്തിന്‍റെ പരമാദ്ധ്യക്ഷന്‍ ഈജിപ്തിലെ അല്‍ അസര്‍ മോസ്കിന്‍റെ ഗ്രാന്‍റ് ഇമാം അഹമ്മദ് അല്‍ തയീബ് ആണെന്നത് ഈ കൂടിക്കാഴ്ചയുടെ പ്രത്യേകത വര്‍ദ്ധിപ്പിക്കുന്നു. തീവ്രവാദത്തെയും ചാവേര്‍ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവര്‍ എന്നു ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ഒരു സമൂഹത്തില്‍നിന്നാണ് ഈ സംരംഭമെന്നതു നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി മതനേതാക്കള്‍ക്കു പലതും ചെയ്യാന്‍ സാധിക്കും എന്ന ഉറച്ച ബോദ്ധ്യത്തോടെ ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി എടുത്തിട്ടുള്ള ധീരമായ ചില ചുവടുകളുടെ തുടര്‍ച്ചയായി വേണം ഗ്രാന്‍റ് ഇമാം അഹമ്മദ് അല്‍ തയീബിന്‍റെ ഈ സംരംഭത്തെ കാണാന്‍. 2016 ഫെബ്രുവരിയില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് കിറിലുമായും ഒക്ടോബര്‍ മാസത്തില്‍ ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുമായും ലൂഥറന്‍ ഫെഡറേഷന്‍ തലവന്‍ ബിഷപ് മുനിബ് യൗനാനുമായും ചേര്‍ന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനകളും 2017 ആഗസ്റ്റ് മാസത്തില്‍ അമേരിക്ക, യൂറോപ്പ്, ഇസ്രായേല്‍ ദേശങ്ങളിലെ റബ്ബിമാരെ റോമില്‍ വിളിച്ചു നടത്തിയ സമ്മേളനവും വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ടുതന്നെ ഐക്യത്തിനായുള്ള പാപ്പയുടെ ദാഹം വ്യക്തമാക്കുന്നതായിരുന്നു. ഗ്രാന്‍റ് ഇമാമുമായി ചേര്‍ന്ന് ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്ന "ഈശ്വരവിശ്വാസത്തിലെ നാനാത്വം ദൈവേഷ്ടം തന്നെയാണ്" എന്ന പ്രസ്താവം ഇതിനുള്ള ഉത്തമോദാഹരണമാണ്.

അബുദാബിയിലുള്ള പാപ്പയുടെ സാന്നിദ്ധ്യം സഭയുടെ യഥാര്‍ത്ഥ 'കാതോലിക' സ്വഭാവത്തെ വ്യക്തമാക്കുന്നതായി. സഭയുളള സ്ഥലങ്ങളിലല്ല, സഭയുണ്ടാകേണ്ട ഇടങ്ങളിലാണു തന്‍റെ പ്രസക്തി എന്നു ഫ്രാന്‍സിസ് പാപ്പ ഈ സന്ദര്‍ശനത്തിലൂടെ വീണ്ടും വ്യക്തമാക്കി. ചുമരുകള്‍ കെട്ടി സഭയെ സുരക്ഷിതമാക്കുകയല്ല മതിലുകള്‍ പൊളിച്ചു സഭയുടെ കാതോലികഭാവം എല്ലാവരിലേക്കും എത്തിക്കുകയാണു ഫ്രാന്‍സിസ് പാപ്പ ചെയ്തത്. 'എന്‍റെ ആലയത്തെ പുതുക്കിപ്പണിയുക' എന്നു ഫ്രാന്‍സിസ് അസ്സീസിയോടു യേശു ദര്‍ശനത്തില്‍ കല്പിച്ചതിന്‍റെ ആന്തരാര്‍ത്ഥവും ഇതുതന്നെയായിരുന്നില്ലേ?

ഫ്രാന്‍സിസ് പാപ്പയുടെ ഈ ധീരകാല്‍വെയ്പും ഉറച്ച വാക്കുകളും കേരളസഭയ്ക്കും അതിന്‍റെ നേതാക്കള്‍ക്കും നല്കുന്ന പാഠങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നവീനപാഠങ്ങള്‍ സാംസ്കാരിക അനുരൂപണത്തിലൂടെയും മതാന്തരസംവാദങ്ങളിലൂടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിനെപ്പോലുള്ള ക്രാന്തദര്‍ശികളുടെ സഭയാണിത്. ഒറ്റയ്ക്കിരിക്കുന്ന തുരുത്തുകള്‍ക്കില്ല, ഒറ്റക്കെട്ടായുള്ള മുന്നേറ്റങ്ങള്‍ക്കാണു പ്രസക്തി എന്നു ഫ്രാന്‍സിസ് പാപ്പ അബുദാബിയില്‍ പറയാതെ പറഞ്ഞുവയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org